സ്വതന്ത്രമായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിച്ച് ജയിക്കുന്നവർ പിന്നീട് ഏതെങ്കിലും പാർട്ടിയിലോ മുന്നണിയിലോ ചേർന്നാൽ അയോഗ്യരാകും; ഹൈക്കോടതി
കൊച്ചി: സ്വതന്ത്രമായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിച്ച് ജയിക്കുന്നവർ പിന്നീട് ഏതെങ്കിലും പാർട്ടിയിലോ മുന്നണിയിലോ ചേർന്നാൽ അയോഗ്യരാവുമെന്ന് വ്യക്തമാക്കി ഹൈക്കോടതി. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ബാധകമാവും എന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.കോതമംഗലം കീരംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ജോർജിനെ അയോഗ്യയാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ശരിവെച്ചാണ് ഹൈക്കോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.സ്വതന്ത്ര അംഗമായി മത്സരിച്ചു ജയിച്ച ഷീബ ജോർജ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചത് പാർട്ടിയുടെ ഭാഗമായാണെന്ന് രേഖകളിൽ വ്യക്തമാണെന്നു കോടതി ചൂണ്ടിക്കാണിച്ചു. തെരഞ്ഞെടുപ്പു പ്രക്രിയയിലും തിരഞ്ഞെടുക്കപ്പെടുന്നവരിലും ജനങ്ങൾക്കുള്ള വിശ്വാസം സംരക്ഷിക്കണമെങ്കിൽ കൂറുമാറ്റത്തിനെതിരെ കർശന നിലപാട് ആവശ്യമാണെന്നു കോടതി അഭിപ്രായപ്പെട്ടു. ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ സംവിധാനങ്ങളും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കാൻ വേണ്ടിയാണു നിയമം കൊണ്ടുവന്നതെന്നും പറഞ്ഞു.