ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭ മുൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന സൂസൻ തോമസ് കോൺഗ്രസിൽനിന്ന് രാജിവെച്ച് കേരള കോൺഗ്രസ് (എം)-ൽ ചേർന്നു. പാർട്ടിയിലെ ചില പ്രാദേശിക നേതാക്കളുടെ ഇടപെടൽ മൂലം സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് താൻ ഈ കടുത്ത തീരുമാനമെടുത്തതെന്ന് സൂസൻ തോമസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ നഗരസഭയിലെ 23-ാം വാർഡിൽ (അടിച്ചിറ – മാമൂട്) എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും അവർ പ്രഖ്യാപിച്ചു.
ഏറ്റുമാനൂർ ഗ്രാമപഞ്ചായത്തായിരുന്ന കാലഘട്ടം മുതൽ 2020 വരെ നഗരസഭയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം വഹിച്ചിരുന്ന വ്യക്തിയാണ് സൂസൻ തോമസ്.
2020-ൽ ചെയർപേഴ്സൺ സ്ഥാനം വനിതയ്ക്ക് സംവരണം ചെയ്തപ്പോൾ താൻ ആ സ്ഥാനത്ത് എത്താതിരിക്കാൻ അന്നത്തെ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മനഃപൂർവം സീറ്റ് നിഷേധിക്കുകയായിരുന്നുവെന്ന് സൂസൻ തോമസ് ആരോപിച്ചു. 2025-ലും സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് പാർട്ടി വിടാൻ തീരുമാനിച്ചത്.
ഏറ്റുമാനൂരിലെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ വർഷങ്ങളായി അനുഭവസമ്പത്തുള്ള തന്നെ മനപ്പൂർവ്വം ഒഴിവാക്കാൻ കോൺഗ്രസിലെ ചിലർ തീരുമാനിക്കുകയായിരുന്നു. ഇത് തികച്ചും പ്രതിഷേധാർഹമാണ്.
— സൂസൻ തോമസ്
കേരളാ കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡൻ്റ് അഡ്വ. സിബി വെട്ടൂർ, സംസ്ഥാന കമ്മറ്റിയംഗം ജോർജ് പുല്ലാട്, നിയോജകമണ്ഡലം സെക്രട്ടറി ജെയിംസ് പുളിക്കൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സൂസൻ തോമസിന്റെ ഈ നീക്കം ഏറ്റുമാനൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായകമാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.












