കിഴതടിയൂർ ബാങ്കിന്റെ 2024 – 25 സാമ്പത്തിക വർഷത്തിലെ പൊതുയോഗവും കണക്കവതരണവും ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് പ്രസിഡന്റ് ശ്രീ.ശശിധരൻ നായർ M S ന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. 17205 A ക്ലാസ് അംഗങ്ങളുള്ള ബാങ്കിന്റെ പൊതുയോഗത്തിൽ ഏതാണ്ട് 200 ൽ താഴെ അംഗങ്ങൾ മാത്രമാണ് പകെടുത്തത് എന്നത് ആശങ്കയുളവാക്കി. 13 ബോർഡ് മെമ്പർമാരിൽ 10 പേർ പങ്കെടുത്തു.
“നമ്മുടെ ബാങ്ക് നിക്ഷേപകർക്കും വായ്പയെടുത്ത വകയിലുമെല്ലാമായി 31-8-25 ൽ ബാദ്ധ്യതപ്പെട്ടിരിക്കുന്നത് മുതലും പലിശയുമടക്കം 201.42 കോടി രൂപയാണ്. ബാങ്കിന് ഈടായി ലഭിക്കാനുള്ളത് 31-8-25 ൽ മുതലും പലിശയുമടക്കം 295.10 കോടി രൂപയാണ്. ബാങ്കിന്റെ തന്നത് സ്വത്തുക്കളുടെ വക ആസ്തി ഇതിനു പുറമെ വരും” എന്ന് പ്രസിഡന്റ് തന്റെ ഉപക്രമ പ്രസംഗത്തിൽ യോഗത്തെ അറിയിച്ചു. 2026 മാർച്ചിനകം ബാങ്കിനെ രക്ഷപെടുത്തിയെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം യോഗത്തെ അറിയിച്ചു. ബാങ്കിന്റെ ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി വകുപ്പ് തീരുമാനപ്രകാരം ജീവനക്കാരുടെ ശമ്പളം 25% വെട്ടിക്കുറച്ചതായും 2024 മുതൽ അവരുടെ ഇൻക്രിമെന്റ് തടഞ്ഞു വച്ചിട്ടുള്ളതായും അദ്ദേഹം യോഗത്തെ അറിയിച്ചു.
ബോർഡ് മെമ്പർമാരുടെയും ജോലിക്കാരുടെയും ബാദ്ധ്യതാ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയപ്പോൾ കുടിശിഖക്കാരുടെ വിവരങ്ങൾ കൂടി വെളിപ്പെടുത്തണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും സഹകരണ നിയമം അത് അനുവദിക്കുന്നില്ല എന്ന് പ്രസിഡന്റ് യോഗത്തെ അറിയിച്ചു. ബാങ്കിനെ രക്ഷപെടുത്താനായി വ്യക്തമായ പ്ലാൻ ഉണ്ടാവണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. നിക്ഷേപകരെ വ്യക്തിപരമായി കണ്ട് കാര്യങ്ങൾ വിശദീകരിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ബാങ്ക് നിലനിന്നു കാണാനും പഴയ പ്രതാപത്തിലേക്ക് തിരികെയെത്തുന്നത് കാണാനും ആഗ്രഹിക്കുന്നതായി അംഗങ്ങൾ അഭിപ്രായപ്പെട്ടു.
2025 -26 വർഷത്തേക്കുള്ള ഡ്രാഫ്റ്റ് ബഡ്ജറ്റ് അവതരിപ്പിക്കപ്പെട്ടു. പരീക്ഷകളിൽ വിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു. ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു.












