2025 ആഗസ്റ്റ് 29 വെള്ളി 1199 ചിങ്ങം 13
വാർത്തകൾ
🗞️👉 സീറോ മലബാർ സഭയിൽ നാലു പുതിയ അതിരൂപതകൾ; അദിലാബാദ്, ബൽത്തങ്ങാടി കല്ല്യാൺ രൂപതകളിൽ പുതിയ മെത്രാന്മാർ
കാക്കനാട്: സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാൻ സിനഡിൻ്റെ രണ്ടാം സമ്മേളനത്തിൽ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സഭയിലെ പുതിയ നിയമനങ്ങള്‍ പ്രഖ്യാപിച്ചു.
മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവരെ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പുസ്‌ഥാനത്തു നിയമിച്ചുകൊണ്ടും ബൽത്തങ്ങാടി രൂപതാമെത്രാനായി ക്ളരീഷ്യൻ സന്യാസസമൂഹാംഗമായ ഫാ. ഡോ. ജെയിംസ് പട്ടേരിലിനെയും അദിലാബാദ് രൂപതാധ്യക്ഷനായി സിഎംഐ സന്യാസസമൂഹാംഗമായ ഫാ. ഡോ. ജോസഫ് തച്ചാപറമ്പത്തിനെയും നിയമിച്ചു.
കേരളത്തിനു പുറത്തുള്ള പന്ത്രണ്ടു രൂപതകളുടെ അതിർത്തി പുനർനിർണയിച്ചു.
സീറോമലബാർ സഭാകേന്ദ്രത്തിൽ ആഗസ്‌റ്റ് പതിനെട്ടാം തീയതി ആരംഭിച്ച മുപ്പത്തിമൂന്നാമതു മെത്രാൻ സിനഡിന്റെ രണ്ടാമത്തെ സമ്മേളനമാണ് പുതിയ അതിരൂപതകളെയും ആർച്ചുബിഷപ്പുമാരെയും പുതിയ രൂപതാമെത്രാന്മാരെയും രൂപതകളുടെ അതിർത്തി പുനർനിർ ണയത്തെയും സംബന്ധിച്ചുള്ള തീരുമാനമെടുത്തത്.
🗞️👉 താമരശേരി ചുരത്തിലൂടെ ഒറ്റവരിയായി ചെറുവാഹനങ്ങൾ കടത്തിവിടും
മണ്ണിടിച്ചിൽ ഉണ്ടായ താമരശേരി ചുരം റോഡിലൂടെ ഒറ്റവരിയായ ചെറുവാഹനങ്ങള്‍ കടത്തിവിടാൻ തീരുമാനം. മഴ കുറയുന്ന സമയങ്ങളില്‍ മാത്രമാകും ഇളവ്. ഭാരമേറിയ വാഹനങ്ങള്‍ കടന്നുപോകാൻ അനുവദിക്കില്ല. ചുരത്തിലെ കല്ലും മണ്ണും പൂര്‍ണമായും നീക്കി. ജില്ലാ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം. മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹന ഗതാഗതം അനുവദിക്കില്ല. താമരശേരി, വയനാട് ഭാഗങ്ങളില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ വരുത്താനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഇതുവഴി പോകുന്ന വാഹനങ്ങള്‍ ജാഗ്രതയോടെയും വേഗത കുറച്ചും സഞ്ചരിക്കണം. ഇതുവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
🗞️👉 കെ സി എല്ലിൽ ത്രില്ലറുകൾ തുടരുന്നു; കൊല്ലത്തിനെതിരെ ആലപ്പിക്ക് 2 റൺസിന്റെ ജയം
കെസിഎല്ലിൽ കൊല്ലം സെയിലേഴ്സിനെതിരെ ആലപ്പി റിപ്പിൾസിന് രണ്ട് റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 182 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിന് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് മാത്രമാണ് നേടാനായത്. ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങിയ കൌമാര താരം മുഹമ്മദ് ഇനാനാണ് പ്ലെയർ ഓഫ് ദി മാച്ച്.
🗞️👉 തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ്; പൊലീസിൽ പരാതി നൽകി യുവതിയുടെ കുടുംബം
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവിൽ ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകി യുവതിയുടെ കുടുംബം. സുമയ്യയുടെ സഹോദരൻ ആണ് ഡോ.രാജീവ് കുമാറിനെതിരെ കന്റോൺമെന്റ് പൊലീസിൽ പരാതി നൽകിയത്. നാളെ പരാതിക്കാരി സുമയ്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് വിശദീകരണം നൽകിയിട്ടുണ്ട്. ട്യൂബ് നെഞ്ചിലുള്ളതുകൊണ്ട് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. ശസ്ത്രക്രിയ പിഴവ് നേരത്തെ അറിയാമായിരുന്നുവെന്നും ആരോഗ്യവകുപ്പ് സമ്മതിക്കുന്നു. പരാതി കിട്ടും മുന്നേ അന്വേഷണം നടത്തിയെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. 2025 ഏപ്രിൽ മാസം വിദഗ്ധസമിതി രൂപീകരിച്ചു. 2025 ഏപ്രിലിൽ ശ്രീചിത്ര മെഡിക്കൽ സെൻ്ററിൽ അഭിപ്രായം തേടി. പരാതി ലഭിച്ചാൽ വിദഗ്ധസമിതിക്ക് കൈമാറി നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു. ഇതിനിടെ ചികിത്സ പിഴവ് സമ്മതിച്ചുകൊണ്ട് ഡോക്ടർ രാജീവ് കുമാർ സുമയ്യയുടെ ബന്ധുവിനോട് സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു.
🗞️👉 ജലനിരപ്പ് ഉയർന്നു; സംസ്ഥാനത്തെ ഒൻപത് അണക്കെട്ടുകളിൽ റെഡ് അലേർട്ട്
ഇടതടവില്ലാത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. ഒൻപത് അണക്കെട്ടുകളിൽ റെഡ് അലേർട്ട് മുന്നറിയിപ്പ് നൽകി. കെഎസ്ഇബിയുടെ കക്കി, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഷോളയാർ, പെരിങ്ങൽകുത്ത്, ബാണാസുര സാഗർ അണക്കെട്ടിലും ജലസേചന വകുപ്പിന്റെ മീങ്കര, വാളയാർ, പോത്തുണ്ടി ഡാമുകളിലുമാണ് ജലനിരപ്പ് ഉയർന്നതിനാൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
🗞️👉 കാനഡയിൽ ഇന്ത്യക്ക് പുതിയ ഹൈക്കമ്മീഷണർ
കാനഡയിൽ ഇന്ത്യക്ക് പുതിയ ഹൈക്കമ്മീഷണർ. സ്പെയിനിലെ ഇന്ത്യൻ അംബാസിഡറായ ദിനേഷ് കെ പട്നായിക്കാണ് പുതിയ ഹൈക്കമ്മീഷണർ. 1990 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് ദിനേഷ് കെ പട്നായിക്ക്. പത്ത് മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യക്ക് കാനഡയിൽ ഒരു ഹൈക്കമ്മീഷണർ ഉണ്ടാകുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനമനുസരിച്ച് അദ്ദേഹം ഉടൻ തന്നെ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി ചുമതലയേൽക്കും.മാർക് കാർണി പുതിയ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതോടെ ഇന്ത്യ – കാനഡ ബന്ധം പൂർവ്വസ്ഥിതിയിലായേക്കുമെന്ന പ്രതീക്ഷകൾ ഉടലെടുത്തിരുന്നു.












