2025 ആഗസ്റ്റ് 14 വ്യാഴം 1199 കർക്കടകം 29
വാർത്തകൾ
🗞️👉 ഡൽഹിയിലെ തെരുവുനായ ശല്യം; ഹർജി മൂന്നംഗ ബെഞ്ചിനുവിട്ട് ചീഫ് ജസ്റ്റിസ്
ഡൽഹിയിലെ തെരുവുനായ ശല്യം സംബന്ധിച്ച ഹർജി മൂന്നംഗ ബെഞ്ചിനുവിട്ട് ചീഫ് ജസ്റ്റിസ്. കോടതി സ്വമേധയാ സ്വീകരിച്ച ഹർജിയാണ് ജെ.ബി.പർദിവാലയുടെ ബെഞ്ചിൽനിന്ന് മാറ്റിയത്. ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. രാജ്യതലസ്ഥാന മേഖലയിലെ മുഴുവൻ തെരുവുനായകളെയും പിടികൂടി നഗരത്തിനുപുറത്ത് ദൂരെയെവിടെയെങ്കിലും കൂട്ടിലാക്കാനാണ് സുപ്രീം കോടതി കഴിഞ്ഞദിവസം നിർദേശിച്ചത്. പേവിഷബാധയേറ്റുള്ള മരണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് സുപ്രിംകോടതിയുടെ നിർണായക നിർദേശം നൽകിയത്. പിടികൂടിയ നായ്ക്കളെ ഷെൽട്ടറുകളിൽ നിന്ന് ഒരു കാരണവശാലും പുറത്തുവിടരുതെന്നും ഉത്തരവ് മാനിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് സുപ്രിംകോടതി പറഞ്ഞത്. ഇതിനായി എത്രയുംവേഗം നടപടികളാരംഭിക്കണമെന്ന് ഡൽഹിയിലെയും സമീപമേഖലകളായ നോയിഡ, ഗാസിയാബാദ് (യുപി), ഗുരുഗ്രാം (ഹരിയാv) എന്നിവിടങ്ങളിലെയും അധികൃതരോട് കോടതി ആവശ്യപ്പെട്ടു. പേവിഷബാധയേറ്റ് മരിച്ചവരെ തിരികെക്കൊണ്ടുവരാൻ മൃഗസംരക്ഷണ പ്രവർത്തകർക്ക് സാധിക്കുമോ എന്നും കോടതി ചോദിച്ചിരുന്നു.
🗞️👉 പി വി അൻവർ 12 കോടി വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന് പരാതി
ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പി വി അൻവർ 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മലപ്പുറം കെ എഫ് സി (Kerala financial corporation) ഓഫീസിൽ വിജിലൻസ് പരിശോധന. 2015 ൽ കെ എഫ് സിയിൽ നിന്ന് 12 കോടി കടം വാങ്ങിയ പി വി അൻവർ പിന്നീട് അത് തിരിച്ചടച്ചില്ലെന്നും ഇപ്പോൾ തിരികെ നൽകാനായുള്ളത് 22 കോടി രൂപയാണ്. ഇത് കെ എഫ് സിയ്ക്ക് ഭീമമായ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. ഈ പരാതിയിന്മേലാണ് ഇപ്പോൾ വിജിലൻസ് പരിശോധന നടത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് എത്തിയ വിജിലൻസ് സംഘം പരിശോധന പൂർത്തിയാക്കി മടങ്ങി എന്നാണ് വിവരം.
🗞️👉 ‘രാഷ്ട്രീയ പോരാട്ടങ്ങളെ തുടർന്ന് ജീവന് ഭീഷണിയുണ്ട്’; രാഹുൽ ഗാന്ധി
രാഷ്ട്രീയ പോരാട്ടങ്ങളെ തുടർന്ന് ജീവനു ഭീഷണിയുണ്ടെന്ന് രാഹുൽ ഗാന്ധി കോടതിയിൽ. മാനനഷ്ട കേസ് പരിഗണിക്കവയാണ് പൂനെയിലെ കോടതിയിൽ രാഹുലിന്റെ അഭിഭാഷകൻ മുഖേന ഇക്കാര്യം അറിയിച്ചത്. സവർക്കർക്കെതിരായ പരാമർശത്തിന്റെ പേരിലുള്ള മാനനഷ്ടക്കേസിൽ പരാതിക്കാരനെ ചൂണ്ടിക്കാട്ടി പുനെ കോടതിയിലാണ് രാഹുൽ ഇക്കാര്യം അറിയിച്ചത്. മാനനഷ്ട കേസ് കൊടുത്തയാളും ഭീഷണിയാണെന്നും സവർക്കറുടെ കൊച്ചുമകനാണ് തനിക്കെതിരെ പരാതി നൽകിയതെന്നും രാഹുൽ ഗാന്ധി കോടതിയിൽ പറഞ്ഞു. സവർക്കറുടേയും ഗോഡ്സെയുടേയും പാരമ്പര്യം പരാതിക്കാരന് ഉണ്ട്. ഗാന്ധിവധവും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. അഭിഭാഷകൻ മിലിന്ദ് ദത്താത്രയ പവാർ മുഖേനയാണ് രാഹുൽ ഹർജി സമർപ്പിച്ചത്.
🗞️👉 ഓട്ടോറിക്ഷയുടെ വെളിച്ചം കണ്ണിലടിച്ചതിന് തർക്കം; ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു
തിരുവനന്തപുരത്ത് ഓട്ടോറിക്ഷയുടെ വെളിച്ചം കണ്ണിലടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു. ഓട്ടോ ഡ്രൈവർ ദിലീപിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിൽ രാജ്, വിജയൻ എന്നിവരാണ് ദിലീപിനെ ആക്രമിച്ചത്. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതികൾ റോഡ് സൈഡിൽ ഇരിക്കുന്നതിനിടെ ഓട്ടോയുടെ ലൈറ്റിന്റെ പ്രകാശം മുഖത്തടിച്ചെന്ന് പറഞ്ഞാണ് തർക്കം ആരംഭിച്ചത്. തുടർന്ന് ഇരുവരും ദിലീപിന്റെ മുതുകിൽ കത്തി കൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. സംഭവശേഷം പ്രതികൾ ഒളിവിൽ എന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.
🗞️👉 നാറാണമൂഴിയിൽ അധ്യാപികയുടെ ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവം; ശമ്പള കുടിശ്ശിക അക്കൗണ്ടിലെത്തി
പത്തനംതിട്ട നാറാണമൂഴിയിൽ ശമ്പള കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്ന് അധ്യാപികയുടെ ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒടുവിൽ നീതി. അധ്യാപികയുടെ ശമ്പള കുടിശ്ശിക പകുതിയോളവും തിങ്കളാഴ്ചയാണ് അക്കൗണ്ടിലെത്തിയത്. ബാക്കി തുക പി എഫിൽ ലയിപ്പിക്കുമെന്ന് കുടുംബം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ അധികം വൈകാതെ പൂർത്തിയാകുമെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. ശമ്പള കുടിശ്ശിക ലഭിക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ കയറി മടുത്താണ്, അധ്യാപികയുടെ ഭർത്താവ് ഷിജോ വി.റ്റി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു
🗞️👉 മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍: ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനം അറിയിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി
മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് അവസാന അവസരം നല്‍കി ഹൈക്കോടതി. തീരുമാനം സെപ്റ്റംബര്‍ പത്തിനകം അറിയിക്കാനാണ് നിര്‍ദേശം. വായ്പ എഴുതി തള്ളുന്നതില്‍ കേന്ദ്രം തീരുമാനം അറിയിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. ഹൈക്കോടതി സ്വമേധയാ എടുത്ത കേസാണ് ഇന്ന് പരിഗണിച്ചത്. ഓണ അവധിക്കുശേഷം തീരുമാനം അറിയിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കിയിരിക്കുന്നത്. ദുരിതബാധിതരുടെ വായ്പ നേരത്തെ കേരള ബാങ്ക് എഴുതിത്തള്ളിയിരുന്നു. ഇതേ രീതിയില്‍ എന്തുകൊണ്ട് കേന്ദ്രത്തിനും വായ്പകളുടെ ഭാരം ദുരന്തബാധിതരില്‍ നിന്ന് ഒഴിവാക്കിക്കൂടാ എന്നായിരുന്നു കോടതിയുടെ ചോദ്യം.













