കടുത്തുരുത്തി: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കുറവിലങ്ങാട് ആലപ്പുഴ മിനി ഹൈവേ റോഡില്‍ ശോച്യാവസ്ഥയിലായ തോട്ടുവാ-കുറുപ്പന്തറ-കല്ലറ പുത്തന്‍പള്ളി റോഡിന്റെ ദുരവസ്ഥ പരിഹരിച്ച് ഉന്നത നിലവാരത്തില്‍ വീണ്ടും നവീകരിക്കുന്നതിനായി 5.80 കോടി രൂപ അനുവദിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. കടുത്തുരുത്തി മണ്ഡലത്തിലേക്ക് നവകേരള സദസ് വികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഏഴ് കോടി രൂപയില്‍ നിന്ന് 5.80 ലക്ഷം രൂപ കുറുപ്പന്തറ ജംഗ്ഷനിലൂടെ കടന്നുപോകുന്ന മെയിന്‍ റോഡിന്റെ ബിഎം ആന്‍ഡ് ബിസി ടാറിംഗിന് വേണ്ടി മാറ്റി വച്ചിരിക്കുകയാണെന്ന് എംഎല്‍എ അറിയിച്ചു.
കുറവിലങ്ങാട്-തോട്ടുവ-കുറുപ്പന്തറ-കല്ലറ-വെച്ചൂര്‍ റോഡ് ഉന്നത നിലവാരത്തില്‍ ആദ്യമായി ടാറിംഗ് നടത്താന്‍ ഫണ്ട് അനുവദിച്ചത് 2008-09 കാലഘട്ടത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ച കാലത്താണ്. സമയ ബന്ധിതമായി അറ്റകുറ്റ പണികള്‍ നടത്താന്‍ പൊതുമരാമത്ത് വകുപ്പില്‍ ഫണ്ട് ലഭ്യമാകാതെ വന്നതുമൂലം നിരവധി സ്ഥലങ്ങളില്‍ റോഡിന്റെ അവസ്ഥ ശോചനീയമായി. നിരവധി കുഴികളാണ് തോട്ടുവ-കാഞ്ഞിരത്താനം-കുറുപ്പന്തറ കവല-റെയില്‍വേ ഗേറ്റ്-കല്ലറ റോഡില്‍ അപകട സ്ഥിതിയില്‍ രൂപപെട്ടിരിക്കുന്നത്. ഇക്കാര്യങ്ങള്‍ തൃപ്തികരമായി പരിഹരിക്കുന്നതിന് ബിഎം ആന്‍ഡ് ബിസി
പ്രവര്‍ത്തി ടെണ്ടര്‍ ചെയ്ത് നടപ്പാക്കേണ്ടതുണ്ട്. തോട്ടുവാ-കുറുപ്പന്തറ-കല്ലറ റോഡിന്റെ ടാറിംഗ് നവീകരണത്തോടൊപ്പം കുറുപ്പന്തറ കടവിലെ അപകടാവസ്ഥ പരിഹരിക്കാനുള്ള അഡീഷണല്‍ സുരക്ഷ നടപടികള്‍ നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. കുറുപ്പന്തറ ജംഗ്ഷന്‍ വികസന പദ്ധതിയും കുറുപ്പന്തറ റെയില്‍വേ ഗേറ്റ് ഭാഗത്ത് വെള്ളക്കെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതും ഉള്‍പെടെയുള്ള അടിയന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ഇതോടൊപ്പം നടപടി സ്വീകരിക്കുമെന്നും മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.













