2025 ജൂൺ 24 തിങ്കൾ 1199 മിഥുനം 10
വാർത്തകൾ
🗞️👉 പ്രധാനമന്ത്രിയുടെ വൈദഗ്ധ്യം രാജ്യത്തിന്റെ സമ്പാദ്യം;പ്രശംസിച്ച് ശശി തരൂര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഓപ്പറേഷന് സിന്ദൂറിനേയും പ്രശംസിച്ച് ശശി തരൂര്‍ എംപി. പഹല്‍ഗാം ആക്രമണത്തിന് ശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ ഇടപെടലുകളും അദ്ദേഹത്തിന്റെ ഊര്‍ജവും കൂടൂതല്‍ പിന്തുണ അര്‍ഹിക്കുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഊര്‍ജവും വൈദഗ്ധ്യവും ആഗോള വേദികളില്‍ രാജ്യത്തിന്റെ പ്രധാന സമ്പാദ്യമെന്ന് ശശി തരൂര്‍ പറഞ്ഞു. ദി ഹിന്ദുവിന് വേണ്ടി തയ്യാറാക്കിയ ലേഖനത്തിലാണ് തരൂര്‍ പ്രധാനമന്ത്രിയെ പ്രശംസിച്ചത്. ലേഖനം പ്രധാനമന്ത്രിയുടെ ഓഫിസ് പങ്കുവച്ചിട്ടുമുണ്ട്.
🗞️👉 ഉത്കണ്ഠപ്പെടേണ്ട ആവശ്യമില്ല; വിഎസ് ആരോഗ്യവാനായി തിരിച്ചെത്തും
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച് ഇടത് നേതാക്കള്‍. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എളമരം കരീം, ടി പി രാമകൃഷ്ണന് എന്നിവര്‍ തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെത്തി. ഉത്കണ്ഠപ്പെടേണ്ട ആവശ്യമില്ലെന്നും വിഎസ് ആരോഗ്യവാനായി തിരിച്ചുവരുമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി പറഞ്ഞു.
🗞️👉 പെരുമ്പാവൂരില്‍ ആശുപത്രിയില്‍ മരുന്നുവാങ്ങാന്‍ നിന്നയാളുടെ കൈ ഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയില്‍
എറണാകുളം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി ഫാര്‍മസിക്ക് മുന്നില്‍ ആക്രമണം. പെരുമ്പാവൂര്‍ മുടക്കുഴ സ്വദേശി സനുവിനാണ് പരുക്കേറ്റത്. തിരുവനന്തപുരം സ്വദേശി കുട്ടപ്പനെ പെരുമ്പാവൂര്‍ പൊലീസ് അറസ്സ് ചെയ്തു. ഇന്നലെ വൈകിട്ട് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിക്ക് സമീപമായിരുന്നു സംഭവം. മരുന്ന് വാങ്ങാനെത്തിയ ആളുകളോട് മോശമായി പെരുമാറിയതിനും അസഭ്യം പറഞ്ഞതിനും ചോദ്യം ചെയ്ത പെരുമ്പാവൂര്‍ സ്വദേശി സനുവിനെ മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.പലതവണ വരഞ്ഞ് മുറിവ് വരുത്തി. ഇതിനിടെ സനുവിന്റെ കൈഞരമ്പ് ആഴത്തില്‍ മുറിഞ്ഞ് രക്തം വാര്‍ന്നൊഴുകി. ഗുരുതരമായി പരുക്കേറ്റ സനുവിനെ ഉടന്‍ തന്നെ കളമശ്ശേരി മെഡിക്കല്‍ കോളജിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോകുകയായിരുന്നു.
🗞️👉 ലെബനനിലും ഇസ്രയേല്‍ ആക്രമണം
ഇസ്രയേല്‍- ഇറാന് സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നതിനിടെ ലെബനനിലും ഇസ്രയേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ലെബനനിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തെക്കന്‍ ലെബനനിലെ ഗ്രാമപ്രദേശത്ത് ആക്രമണം നടക്കുന്നുവെന്നാണ് വിവരം.
🗞️👉 ‘ഇസ്രയേലും ഇറാനും സമ്പൂർണ വെടിനിർത്തലിന് ധാരണയായി’; ഡോണൾഡ് ട്രംപ്
ഇസ്രയേലും ഇറാനും സമ്പൂർണ വെടിനിർത്തലിന് ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം 24 മണിക്കൂറിനുള്ളിൽ അവസാനിക്കുമെന്നും ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും ട്രംപ് അറിയിച്ചു. എന്നാൽ ഇറാനും ഇസ്രയേലും വെടിനിർത്തൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വെടിനിർത്തൽ തീരുമാനം മുതിർന്ന ഇറാൻ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനിലേക്ക് ഇസ്രയേലിന്റെ ആക്രമണമുണ്ടായി. ടെഹ്റാനിലും കറാജിലും റാഷ്തിലും വൻ സ്ഫോടനങ്ങൾ ഉണ്ടായി.
🗞️👉 ഖത്തറിലെ യുഎസ് സൈനിക താവളത്തിലേക്കുള്ള ഇറാന് ആക്രമണം: ഗള്‍ഫില്‍ വ്യോമഗതാഗതം നിലച്ചു; വിമാനങ്ങള്‍ റദ്ദാക്കി
ഖത്തറിലെ അമേരിക്കന്‍ താവളം ഇറാന് ആക്രമിച്ചതിന് പിന്നാലെ ഗള്‍ഫ് മേഖലയിലെ വ്യോമഗതാഗതം നിലച്ചു. ഖത്തറും ബഹ്റൈനും കുവൈറ്റും വ്യോമപാത അടച്ചു. തുടര്‍ന്ന് ഗള്‍ഫിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കുന്നതായി എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാര്‍ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് ഇന്‍ഡിഗോ അറിയിച്ചു. ഗള്‍ഫിലെ വ്യോമഗതാഗതം നിലച്ച പശ്ചാത്തലത്തില്‍ ഈയടുത്ത് ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരിക്കുന്ന യാത്രക്കാര്‍ അതത് എയര്‍ലൈന്‍ സര്‍വീസുകളുമായി ബന്ധപ്പെടണമെന്ന് തിരുവനന്തപുരം വിമാനത്താവളം മുന്നറിയിപ്പ് നല്കി.












