2022-23 അബ്കാരി വര്‍ഷത്തേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചുവരുന്നതും ബജറ്റില്‍ സൂചിപ്പിച്ചതും ഇടതുമുന്നണി പ്രഖ്യാപിക്കാനിരിക്കുന്നതുമായ മദ്യനയം സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ മദ്യനയമാണെന്നും ഇത് നടപ്പിലാക്കിയാല്‍ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ പരാജയത്തെ അത് സൂചിപ്പിക്കുന്നതെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി മുന്‍ സംസ്ഥാന സെക്രട്ടറിയും വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ ഏകോപന സംവിധാനമായ അലൈന്‍സ് ഓഫ് ടെംപറന്‍സിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പ്രസാദ് കുരുവിള.
മദ്യവിരുദ്ധ പ്രസ്ഥാനങ്ങള്‍ ഗാഢനിദ്രയില്‍ നിന്നുണരണം. ജനവിരുദ്ധ നയങ്ങള്‍ രൂപീകരിക്കുമ്പോള്‍ നട്ടെല്ലോടെ പ്രതികരിക്കാന്‍ കഴിയാതെ ആരേയാണ് പ്രമുഖ മദ്യവിരുദ്ധ പ്രസ്ഥാനങ്ങള്‍ ഭയക്കുന്നത്. പൊട്ടാതെ കിടക്കുന്ന പടക്കങ്ങള്‍ പൊട്ടുന്നതുപോലെയുള്ള ചില്ലറ പ്രതിഷേധങ്ങള്‍ ഈ സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കില്ലന്നോര്‍ക്കണം. മുട്ടുശാന്തിക്ക് വേണ്ടിയുള്ള പ്രതികരണ പരിപാടികള്‍ നിര്‍ത്തി മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ പ്രൗഢഗാംഭീര്യം വീണ്ടെടുത്ത് വിനാശകരമായ മദ്യനയത്തെ ചെറുത്തുതോല്പിക്കണം.
ലോകസമാധാനത്തിനുവേണ്ടിയും കപ്പ വാറ്റി മദ്യമുണ്ടാക്കി കുടുംബസമാധാനം കളയാനും രണ്ട് കോടിവീതം ബജറ്റില്‍ നീക്കിവച്ച സര്‍ക്കാരാണിത്. പഴവര്‍ഗ്ഗങ്ങളില്‍ നിന്നും മദ്യോല്പാദനം നടത്തി കാര്‍ഷിക മേഖലയെ ഈ സര്‍ക്കാര്‍ ഉത്തേജിപ്പിക്കരുത്. വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിച്ചാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപയോഗം കുറയുമെന്ന എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്ററുടെ പ്രതികരണം വസ്തുതാവിരുദ്ധമാണ്. ഇലംതലമുറയെ ‘കുടി പഠിപ്പിക്കാനേ’ ഈ നീക്കം ഉപകരിക്കൂ. മദ്യപര്‍ വീര്യം കൂടിയ മദ്യം അന്വേഷിച്ചു നടക്കുന്നവരാണ്. ഇവര്‍ക്ക് ആതുരാലയങ്ങളിലേക്കുള്ള വഴി സര്‍ക്കാര്‍ കാണിച്ചുകൊടുക്കണം.
2016 ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ 29 ബാറുകള്‍ മാത്രമായിരുന്നത് ഇപ്പോള്‍ 859 ആയി മാറി. ഐ.ടി. മേഖലയില്‍ പബ്ബുകള്‍ക്കും, വൈന്‍പാര്‍ലറുകള്‍ക്കും തുടക്കം കുറിക്കുന്നു. കള്ളുഷാപ്പുകള്‍ നാലായിരത്തിലധികമായി. ബെവ്‌കോ-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ 306 എണ്ണത്തിലെത്തി നില്ക്കുന്നു. 267 ഷാപ്പുകള്‍കൂടി ഉടന്‍ ആരംഭിക്കാന്‍ നീക്കം നടത്തുന്നു. നിരവധി ക്ലബ്ബ് ലൈസന്‍സുകളും നല്‍കുന്നു. കള്ളുഷാപ്പുകള്‍ക്കും ഔട്ട്‌ലറ്റുകള്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുന്നു. മറ്റൊരു ജനസേവന കേന്ദ്രത്തോടുമില്ലാത്ത മമത ഈ സര്‍ക്കാര്‍ മദ്യസ്ഥാപനങ്ങളോട് പുലര്‍ത്തുകയാണ്.
മദ്യപരും ലഹരി ഉപയോക്താക്കളും വിതരണക്കാരും സംസ്ഥാനത്ത് സംഹാരതാണ്ഡവമാടുമ്പോള്‍ അവര്‍ക്ക് അനുകൂല നയം രൂപീകരിച്ച് പൊതുജനത്തെ ഈ സര്‍ക്കാര്‍ പെരുവഴിയിലാക്കരുത്.
ജോസ് കവിയില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തോമസുകുട്ടി മണക്കുന്നേല്‍, റ്റി.എം. ബാബു, ജോസ് ഫ്രാന്‍സീസ്, ജോസ്‌മോന്‍ പുഴക്കരകരോട്ട്, ബേബിച്ചന്‍ പുത്തന്‍പറമ്പില്‍, അലോഷ്യസ് ജേക്കബ്, ഡോ. വിന്‍സന്റ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
സര്‍ക്കാരിന്റെ ജനദ്രോഹ മദ്യനയം; മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ പരാജയം: അലൈന്‍സ് ഓഫ് ടെംപറന്‍സ്
Date: