മാർ സെബാസ്റ്റ്യൻ വയലിൽ – പാലായുടെ സാംസ്കാരിക സ്ഥാപകൻ

Date:

പാലാ സെൻ്റ് തോമസ് ഹൈസ്കൂളിൽ നിന്ന് കടം വാങ്ങിയ 284 പുസ്തകങ്ങളോടെയായിരുന്നു സെൻ്റ് തോമസ് കോളേജ് ലൈബ്രറിയുടെ ആരംഭം. 1956 ൽ ഇത് തിരിച്ചു നല്കിയിട്ടുമുണ്ട്. തിരുവിതാംകൂർ സർവ്വകലാശാലയുടെ വൈസ് ചാൻസിലറായിരുന്ന എച്ച്.സി.പാപ്പു് വർത്ത് എന്ന ബ്രിട്ടീഷുകാരൻ ഇന്ത്യ വിട്ടുപോയപ്പോൾ അദ്ദേഹത്തിൻ്റെ വിപുലമായ ഗ്രന്ഥശേഖരം വിലയ്ക്കു വാങ്ങി സെൻ്റ് തോമസ് കോളേജിന് സമ്മാനിച്ചത് ശ്രീ.കെ.വി. തോമസ് പൊട്ടംകുളമായിരുന്നു. 2387 പുസ്തകങ്ങളാണ് ഇങ്ങനെ ലഭിച്ചത്. സെൻ്റ് തോമസ് ഹൈസ്കൂളിൽ നിന്നുതന്നെ കടം കൊണ്ട ഉപകരണങ്ങൾ കൊണ്ടായിരുന്നു കെമിസ്ട്രി ലാബ് ആരംഭകാലങ്ങളിൽ പ്രവർത്തിച്ചിരുന്നത്. ഇന്ന് ഓട്ടോണമസ് പദവിയും നാക്സമിതിയുടെ A++ ഗ്രേഡും സ്വന്തമാക്കി മികവിൻ്റെ കേന്ദ്രമായി മാറിയ ഈ കലാലയം അതിൻ്റെ യാത്ര എവിടെ നിന്ന് ആരംഭിച്ചുവെന്നും പരിമിതികളെ മറികടന്നതെങ്ങനെയെന്നും ഈ കൃതിയിൽ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ജവഹർലാൽ നെഹൃവിൻ്റെ സാമ്പത്തിക കാര്യോപദേഷ്ടാവായിരുന്ന ഡോ. പി.ജെ. തോമസായിരുന്നു പ്രഥമ പ്രിൻസിപ്പൽ എന്ന കാര്യം കൂടി ഇതിനോടു ചേർത്തുവയ്ക്കണം.

” സഭയെ ഭരിക്കുന്നത് മനുഷ്യരല്ല, പരിശുദ്ധാത്മാവാണ്. അതുകൊണ്ട് മാനുഷികമായ ബലഹീനതയും അജ്ഞതയും കൊണ്ട് ഭഗ്നാശനാകരുത്. പ്രാർത്ഥനയുടെ ശക്തിയിൽ ഉറച്ചു വിശ്വസിക്കുക. ദിവ്യകാരുണ്യ നാഥനോടു സദാ ബന്ധം പുലർത്തിക്കൊണ്ടിരിക്കുക. ഈശോയുടെ അമ്മയെ സ്വന്തം അമ്മയായി സ്വീകരിക്കുക.” ഒരു യുഗസ്രഷ്ടാവിന് അദ്ദേഹത്തിൻ്റെ ജീവിത യാത്രയിലെ നിർണായകമായൊരു വഴിത്തിരിവിൽ സമ്മാനിക്കപ്പെട്ട വാക്കുകളാണിത്. പാലായുടെ പ്രഥമ മെത്രാനായി മാർ സെബാസ്റ്റ്യൻ വയലിൽ പിതാവ് ചുമതലയേറ്റപ്പോൾ മാർപാപ്പയുടെ പ്രതിനിധിയായി എത്തിയ പ്രോ നൂൺഷിയോ പീറ്റർ കീർക്കെൽസ് തിരുമേനിയാണ് സുന്ദരമായ ഈ ആശംസ നല്കിയത് . ഈ വാക്കുകൾക്ക് ഉടലും ജീവനും നല്കി സാക്ഷാത്ക്കാരമേകിയ ഇതിഹാസസമാനമായ ഒരു ജീവിതസാക്ഷ്യത്തിൻ്റെ പേരാണ് ‘ നിൻ്റെ വഴികൾ എത്ര സുന്ദരം ‘ എന്ന ആത്മകഥ. മദ്രാസ് യൂണിവേഴ്സിറ്റിയുടെയും ആന്ധ്രയൂണിവേഴ്സിറ്റിയുടെയുമൊക്കെ ആർക്കിടെക്ക് ജോലികൾ ചെയ്തിരുന്ന Pryyn Abbot and Devis എന്ന പ്രശസ്തമായ കമ്പനി പാലായിൽ എത്തി സെൻ്റ് തോമസ് കോളേജിൻ്റെ ഗംഭീരമായ പ്ലാൻ തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോൾ പാലാ പള്ളിയിലെ ഒരു കൊച്ചു മുറിയിലിരുന്ന് വരുംകാലത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്തെടുക്കുകയായിരുന്നു ‘ മെത്രാസന മന്ദിരമില്ലാതിരുന്ന പാലായുടെ പ്രഥമ മെത്രാൻ’. പാലായുടെ ആകാശത്തിനും അതിനപ്പുറവും പറന്നിട്ടുള്ളവരും പറക്കാനുള്ളവരും വിസ്മരിക്കരുതാത്ത ഒരു സത്യമുണ്ട്; ഇവിടെയൊരാകാശമുണ്ടെന്നു ചൂണ്ടിക്കാണിച്ചതും തൂവലുറയ്ക്കും വരെ കാവലിരുന്നതും ചിറകുവിടർത്തും വരെ താങ്ങായതും മറ്റാരുമായിരുന്നില്ല, പാലായുടെ പൂർവ്വ പുണ്യം എന്ന് വിശേഷിപ്പിക്കാവുന്ന ഈ മനുഷ്യസ്നേഹിയായിരുന്നു. പാലാ സെൻ്റ് തോമസ് കോളേജും അൽഫോൻസാ കോളേജും ട്രെയിനിംഗ് കോളേജും ഇൻഡസ്ട്രിയൽ സ്കൂളും ഇൻഡസ്ട്രിയൽ എസ്റ്റേറ്റും മൈനർ സെമിനാരിയും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പിറവിയെപ്പറ്റി തൻ്റെ ആത്മകഥയിൽ അദ്ദേഹം വിവരിക്കുന്നുണ്ട് .

പ്രതിസന്ധികളും ഇല്ലായ്മകളും നിറഞ്ഞ ഒരു കാലഘട്ടത്തിൻ്റെ ചോദ്യങ്ങൾക്ക് ദൈവത്തിൻ്റെയും സന്മനസ്സുള്ള മനുഷ്യരുടെയും കരം പിടിച്ച് വയലിൽപ്പിതാവ് നല്കിയ ഉത്തരങ്ങളായിരുന്നു ഇവയുൾപ്പെടെ നാമിന്നനുഭിക്കുന്ന സൗഭാഗ്യങ്ങൾ മിക്കതും. 1949 ൽ കോളേജ് നിർമ്മാണക്കമ്മിറ്റിയുടെ പ്രസിഡൻ്റായി നിയോഗിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിൻ്റെ ആദ്യത്തെ അഭ്യർത്ഥന പണത്തിനോ ഭൂമിക്കോ വേണ്ടിയായിരുന്നില്ല. പാലായിൽ ഒരു കോളേജ് എന്ന സ്വപ്നം സഫലമാകാൻ പ്രാർത്ഥിക്കണം എന്നാവശ്യപ്പെട്ട് ചങ്ങനാശ്ശേരി, തൃശൂർ, എറണാകുളം രൂപതകളിലെ സന്യാസിനി സഭകൾക്ക് കത്തയക്കുകയായിരുന്നു ആദ്യം ചെയ്തത്. കോളേജിന് അനുമതി ലഭിക്കാനുള്ള അപേക്ഷക്കൊപ്പം കെട്ടിവയ്ക്കാനുള്ള 300 രൂപ ഇല്ലാതെ വിഷമിച്ചതും ബഹുമാനപ്പെട്ട സി.കെ. മറ്റത്തിലച്ചൻ അതു നല്കിയതും ജോർജ് തോമസ് കൊട്ടുകാപ്പള്ളിയും വൈപ്പന മാത്തു ച്ചേട്ടനും ജോസഫ് അഗസ്റ്റിൻ കയ്യാലക്കകവും സ്ഥലം സൗജന്യമായി നല്കിയതും ധനസമാഹരണത്തിനായി അലഞ്ഞതും എതിർപ്പുകൾ നേരിട്ടതും ഒടുവിൽ 1950 ഓഗസ്റ്റ് 7 ന് പാലാ സെൻ്റ് തോമസ് കോളേജ് ഉദ്ഘാടനം ചെയ്യപ്പെടുന്നതും തൊട്ടു പിന്നാലെ പാലാ രൂപത പിറക്കുന്നതും വയലിൽ കളപ്പുര മാണി സെബാസ്റ്റ്യനച്ചൻ പ്രഥമ മെത്രാനായി പ്രഖ്യാപിക്കപ്പെടുന്നതും അത്ഭുതാദരങ്ങളോടെ മാത്രമേ നമുക്ക് വായിക്കാനാവൂ. ദീർഘവീക്ഷണം, ഇച്ഛാശക്തി, നേതൃപാടവം, കഠിനാധ്വാനം, ദൈവാശ്രയബോധം, തുടങ്ങിയ വാക്കുകൾക്ക് സഭയുടെയും സമൂഹത്തിൻ്റെയും ദിശ തെറ്റാത്ത സഞ്ചാരങ്ങളിൽ എത്രയോ സ്വാധീനം ചെലുത്താനാവും എന്നതിൻ്റെ വ്യക്തമായ ഉദാഹരണം കൂടിയാണ് അഭിവന്ദ്യ വയലിൽ പിതാവിൻ്റെ ജീവിതം. പ്രക്ഷുബ്ധവും സംഘർഷാത്മകവുമായ ഒരു കാലഘട്ടമുയർത്തിയ വെല്ലുവിളികളിൽ പതറാതെ പ്രവാചക ധീരതയോടെ അവയെ നേരിട്ട് കാലോചിതമായ മറുപടി നല്കാൻ അദ്ദേഹത്തിന് സാധിച്ചു. വാക്കുകളിൽ മാത്രം ആത്മശാന്തി തേടി മറന്നും മറഞ്ഞും പോകുന്ന ഉത്തരങ്ങളോ നിലപാടുകളോ ആയിരുന്നില്ല അവയൊന്നും എന്നു കൂടി ഇവിടെ ഓർക്കേണ്ടതുണ്ട്.
“ആരുടെയെങ്കിലും വിമർശനത്തെയോ അധിക്ഷേപത്തെയോ ഭയന്ന് സമൂഹത്തിൻ്റെ ഉത്തമ താത്പര്യങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് മാറി നില്ക്കാൻ ഒരു സഭാധ്യക്ഷനുമാവില്ല” എന്ന് കാലങ്ങൾക്കു മുൻപേ അദ്ദേഹം കുറിച്ചുവച്ചു. ദിവാൻ സി.പി. രാമസ്വാമി അയ്യർ എല്ലാ പ്രൈമറി സ്കൂളുകളും ദേശസാത്കരിക്കാനും ഏറ്റെടുക്കാനുമുള്ള നീക്കം നടത്തിയപ്പോൾ അതിനെതിരെ പാലായിൽ നിന്ന് തിരുവനന്തപുരം വരെ കാൽനാടജാഥ സംഘടിപ്പിക്കുവാനും ‘ധർമ്മസമരം ‘ പ്രഖ്യാപിക്കാനും പാലായുടെ പ്രഥമ പിതാവിന് ചങ്കൂറ്റമുണ്ടായിരുന്നു.


സി. അച്ചുതമേനോൻ്റെ ഭരണകാലത്ത് പുതിയ സർവ്വകലാശാലാ നിയമത്തിൻ്റെയും ഫീസ് എകീകരണത്തിൻ്റെയും ശമ്പളം സർക്കാർ നേരിട്ടു നല്കിത്തുടങ്ങിയതിൻ്റെയും തുടർച്ചയെന്നവണ്ണം അധ്യാപക നിയമനത്തിലും കോളേജ് ഭരണത്തിലും അമിതസ്വാധീനം ചെലുത്താനുള്ള സർക്കാർ ശ്രമങ്ങളെ കോളേജുകൾ അടച്ചിട്ടും മഹാജാഥകൾ സംഘടിപ്പിച്ചും പ്രതിഷേധയോഗങ്ങൾ നടത്തിയും ശക്തമായി പ്രതിരോധിക്കാൻ അഭിവന്ദ്യ വയലിൽ പിതാവ് മുൻ നിരയിൽത്തന്നെയുണ്ടായിരുന്നു. അടച്ചിട്ട കോളേജുകൾ തുറപ്പിക്കുമെന്നും തുറക്കാത്തവയെ പിടിച്ചെടുക്കുമെന്നും ഗവൺമെൻ്റ് പ്രഖ്യാപിച്ചിട്ടും നിലപാടിൽ മാറ്റമില്ലായിരുന്നു. ഒടുവിൽ ,പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഇടപെടലുകളിലൂടെയും ചർച്ചയിലൂടെയുമാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്. പുതിയ തലമുറയ്ക്ക് അവരുടെ ആധ്യാത്മികവും ഭൗതികവുമായ അഭ്യുന്നതിക്ക് ഉതകും വിധമുള്ള വിദ്യാഭ്യാസം നല്കാനുള്ള സഭയുടെ സുപ്രധാന ദൗത്യത്തിനും ന്യൂനപക്ഷാവകാശങ്ങൾക്കും ഒരു പോറൽ പോലുമേല്ക്കാതെ പൊരുതാനുള്ള മനസ്സ് വയലിൽപ്പിതാവ് ആരിൽ നിന്നും കടം കൊണ്ടതായിരുന്നില്ല. മീനച്ചിൽ കർത്താവിന് ശത്രുക്കളെ നേരിടാൻ ഒരു സൈന്യാധിപനെ വേണ്ടി വന്നപ്പോൾ അദ്ദേഹത്തിൻ്റെ ക്ഷണം സ്വീകരിച്ചാണ് ആയോധനകലയിൽ പ്രാവിണ്യമുണ്ടായിരുന്ന വയലിൽ മാണിച്ചൻ എന്ന പൂർവ്വപിതാവ് പാലായിലെത്തിയതെന്ന് വയലിൽ കുടുംബചരിത്രത്തെ കുറിച്ചുള്ള സൂചനകളിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. വിമോചനസമരകാലത്ത് അങ്കമാലിയിൽ രക്തസാക്ഷികളായവരുടെ മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തു നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള ജ്വലിക്കുന്ന ഓർമ്മകൾ ജീവിത സായാഹ്നത്തിലും അദ്ദേഹം മറ്റുള്ളവരോടു പങ്കുവയ്ക്കുമായിരുന്നു.

ഈ നാട് ഇന്ന് എങ്ങനെയാണെന്നും നാളെ ഇത് എങ്ങനെയാവണമെന്നും ഉറക്കം നഷ്ടപ്പെട്ട് ചിന്തിക്കുകയും പദ്ധതികൾ തയ്യാറാക്കുകയും നടപ്പിലാക്കുകയും പ്രബുദ്ധരായ ഒരു ജനതയെ തനിക്ക് പിന്നിൽ സൃഷ്ടിക്കുകയും ചെയ്ത നവോത്ഥാന നായകൻ എന്ന നിലയിൽ പാലായുടെ പ്രഥമ പിതാവിനെ അംഗീകരിച്ചേ മതിയാകൂ.’ വയലിൽ ‘ വിതച്ചത് കൊയ്തവരാണ് നാം. മണ്ണറിഞ്ഞും മനസ്സറിഞ്ഞും ആ മനുഷ്യൻ പുരോഗതിയുടെവിത്തെറിഞ്ഞില്ലായിരുന്നെങ്കിൽ പാലായുടെ സാംസ്കാരിക ഭൂമിയിൽ ഇന്നും തരിശു നിലങ്ങൾ ഏറെ കാണുമായിരുന്നു. എഴുപതോ എഴുപത്തിയഞ്ചോ വർഷം മുൻപ് ഈ നാടിനെക്കുറിച്ചും ഇവിടുത്തെ യുവതയെക്കുറിച്ചും ഇത്രയും വലിയ സ്വപ്നങ്ങൾ കണ്ടിരുന്ന മറ്റാരാണ് ഇവിടെ ഉണ്ടായിരുന്നത്? യുവാക്കൾക്ക് വ്യവസായ സംരഭത്തിലേർപ്പെടാനും തൊഴിൽ ദാതാക്കളാകാനുമുള്ള പരിശീലനം നല്കുന്നതിന് ഇൻഡസ്ട്രിയൽ സ്കൂളും വിദേശ നിർമ്മിത യന്ത്രങ്ങൾ ഇറക്കുമതി ചെയ്ത് ആരംഭിച്ച ഇൻഡസ്ട്രിയൽ എസ്റ്റേറ്റും സ്റ്റീൽ ഇൻഡ്യയും ഇൻഡസ്ട്രിയൽ കോളേജും തൊഴിൽ പരിശീലന കേന്ദ്രങ്ങളും കരിയർ ഇൻഫർമേഷൻ സെൻ്ററുകളുമെല്ലാം മേല്പറഞ്ഞതിൻ്റെ ഉദാഹരണങ്ങളാണ്. വിദ്യാഭ്യാസം, ശിശു മനശ്ശാസ്ത്രം, ആരോഗ്യസംരക്ഷണം എന്നിവയെ അടിസ്ഥാനമാക്കി ശിശുക്ഷേമ പരിപാടികളും സെമിനാറുകളും നടത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ശിശുമണ്ഡലം എന്ന പ്രസ്ഥാനം [PUC- Pala union for the child ] വയലിൽ പിതാവിൻ്റെ കരുതലിൻ്റെ മറ്റൊരുദാഹരണമാണ്. അല്മായസംഘടനകളും പ്രേഷിതസംഘടനകളും യുവജനപ്രസ്ഥാനങ്ങളുമെല്ലാം വേരുപിടിച്ചതിൻ്റെയും തളിരിട്ടതിൻ്റെയും ഫലമേകിയതിൻ്റെയും സാർത്ഥകമായ നാൾവഴികളെയും അദ്ദേഹത്തിൻ്റെ ആത്മകഥയിൽ കാണാം. 172 ഇടയലേഖനങ്ങളാണ് അദ്ദേഹം എഴുതിയത്. ‘ കർത്താവ് എൻ്റെ പ്രകാശമാകുന്നു’ [Dominus Illuminatio Mea ] എന്ന സങ്കീർത്തനവാക്യത്തെ അടിസ്ഥാനമാക്കി ഉള്ളതായിരുന്നു ആദ്യ ഇടയലേഖനം. സാന്ത്വന പ്രകാശമേ എന്നെ നയിച്ചാലും എന്ന വിനീതമായ പ്രാർത്ഥനയുടെ ധ്വനിയാണ് വയലിൽപ്പിതാവ് സഞ്ചരിച്ച വഴികളിലൂടെ അത്ഭുതാദരങ്ങളോടെ സഞ്ചരിക്കുമ്പോൾ ഇന്ന് നമുക്ക് കേൾക്കാനാകുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

ഒരായുസ്സും ജീവിതവും മുഴുവനായി പങ്കിട്ടു നല്കിയിട്ടും അജഗണങ്ങളെ സ്നേഹിച്ചു കൊതി തീർന്നിട്ടില്ലാത്ത ഒരു ഇടയൻ്റെ ഹൃദയത്തുടിപ്പുകളാണ് അവസാന ഇടയലേഖനത്തിലെ പല വരികളും. നേർത്ത നൊമ്പരത്തോടെ മാത്രമേ ആ വാക്കുകളെ നമുക്ക് ഉൾക്കൊള്ളാനാവൂ. തൻ്റെ വേർപാടിൻ്റെ സമയം അടുത്തുവെന്നും ബലിയായി അർപ്പിക്കപ്പെടേണ്ട മുഹൂർത്തം ആസന്നമായെന്നും സൂചിപ്പിച്ചതിനു ശേഷം നല്കാൻ ഇനിയും ചിലതു ബാക്കിയുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. “ശേഷിച്ചിരിക്കുന്ന ജീവിതകാലം, അതു ദീർഘമോ ഹ്രസ്വമോ ആയിക്കൊള്ളട്ടെ, നിങ്ങൾക്കും എനിക്കും സഭയ്ക്കും സമുദായത്തിനും രാജ്യത്തിനും എന്നു വേണ്ട എല്ലാ മനുഷ്യർക്കും വേണ്ടി പ്രാർത്ഥിക്കുന്നതിനും പ്രായശ്ചിത്തം അനുഷ്ഠിക്കുന്നതിനും ഞാൻ വിനിയോഗിച്ചു കൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നു. ” ലൂർദ്ദ് സന്ദർശിച്ച ശേഷം തിരികെ വരുമ്പോൾ മാതാവിൻ്റെ സുന്ദരമായ ഒരു രൂപം വാങ്ങിച്ച് ബാഗിൽ വച്ചതും പാലായിലെത്തി ബാഗു തുറന്നപ്പോൾ അത് പല കഷണങ്ങളായി ഉടഞ്ഞു ചിതറിക്കിടക്കുന്നത് കണ്ട് വല്ലാതെ സങ്കടപ്പെട്ടതും ആത്മകഥയിലൊരിടത്ത് അദ്ദേഹമനുസ്മരിക്കുന്നുണ്ട്. ഉടഞ്ഞുപോയ ആ സുന്ദര രൂപത്തേക്കാൾ മനസ്സിലുള്ള മാതാവിൻ്റെ ചിത്രത്തിനാണ് കൂടുതൽ സൗന്ദര്യം എന്ന ചിന്തയിലാണ് ആ നഷ്ടത്തിൻ്റെ സങ്കടത്തെ അദ്ദേഹം മായിച്ചു കളയുന്നത്. കണ്ടിട്ടും കേട്ടിട്ടും അറിഞ്ഞിട്ടുമില്ലാത്ത അനേകായിരങ്ങളുടെ മനസ്സിൽ ,പ്രത്യേകിച്ച് സഭയിലെയും സമൂഹത്തിലെയും യുവതലമുറയുടെ മനസ്സിൽ അഭിവന്ദ്യ വയലിൽ പിതാവിൻ്റെ ഈടുറ്റ ജീവിതചിത്രം പതിയണം. ‘നിൻ്റെ വഴികൾ എത്ര സുന്ദരം’ എന്ന ആത്മകഥയിലൂടെ സഞ്ചരിക്കാനുള്ള അവസരം അവർക്കുമുന്നിൽ ബോധപൂർവ്വം സൃഷ്ടിക്കപ്പെടണം. സമകാലിക സമൂഹവും സംസ്കാരവും വളരെ ശക്തമായിത്തന്നെ നമ്മോട് അത് ആവശ്യപ്പെടുന്നുമുണ്ട്.

സിജു ജോസഫ്
അസിസ്റ്റൻ്റ് പ്രൊഫസർ
മലയാളവിഭാഗം
സെൻ്റ് തോമസ് കോളേജ്, പാലാ .

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...

എല്ലാവർക്കും നന്ദി; തോൽവിയിൽ പ്രതികരിച്ച് രമ്യ ഹരിദാസ്

ചേലക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പ്രതികരിച്ചു രമ്യ ഹരിദാസ്. 'ചേലക്കരയിൽ നല്ലൊരു...

ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നതിന്റെ തെളിവാണ് ചേലക്കരയിലെ തിളങ്ങുന്ന ജയമെന്ന് മുഖ്യമന്ത്രി പിണറായി...

നിയമവിരുദ്ധ ഖനന പ്രവർത്തനങ്ങളുടെ ഫലമായുള്ള നൽകുന്ന സംഭാവനകൾ വേണ്ട: നിലപാട് കടുപ്പിച്ച് ഘാന മെത്രാൻ സമിതിയും

രാജ്യത്തെ നിയമവിരുദ്ധമായ ഖനന പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി സഭയ്ക്ക് നൽകുന്ന സംഭാവനകൾ...