തൃശൂർ: വിശ്വാസ പരിശീലനം പൂർത്തിയാക്കിയ യുവജനങ്ങൾ സ്നേഹത്തിന് സാക്ഷികളാവണമെന്ന് തൃശൂർ അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
15 വർഷത്തെ വിശ്വാസ പരിശീലനം പൂർത്തിയാക്കിയ യുവജനങ്ങളുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകുകയായിരുന്നു ആർച്ച്ബിഷപ്. ക്രിസ്തുവിശ്വാസം എന്നത് ക്ലാസ് മുറികളിലെ പാഠപുസ്തകങ്ങളിൽ നിന്നും വായിച്ചറിഞ്ഞ അറിവുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. പഠിച്ചെടുത്ത അറിവുകൾ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കി ദൈവസ്നേഹം മറ്റുള്ളവരിലേക്ക് പകർന്നുകൊടുത്ത് ജീവിക്കുമ്പോൾ ലഭിക്കുന്ന ദൈവാനുഭവങ്ങളിലൂടെ ആഴപ്പെടേണ്ട ഒന്നാണെന്നും ആർച്ച്ബിഷപ് പറഞ്ഞു. നൂറ്റാണ്ടുകൾക്ക് മുമ്പ് ക്രിസ്തു തന്റെ ശിഷ്യന്മാരെ സുവിശേഷം പ്രസംഗിക്കുവാൻ ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്ക് അയച്ചതുപോലെ നിങ്ങളെയും അയയ്ക്കുകയാണ് ഈ ബിരുദം നൽകുന്നതിലൂടെ സഭ ചെയ്യുന്നതെന്ന് അധ്യക്ഷപ്രസംഗം നടത്തി അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പറഞ്ഞു.
തൃശൂർ അതിരൂപത വിശ്വാസപരിശീലനകേന്ദ്രത്തിൽ നടന്ന ബിരുദദാന ചടങ്ങിൽ വിദ്യാർഥകൾക്കുള്ള സെമിനാറിൽ പ്രഫ. പി.സി. തോമസ് ക്ലാസ് നയിച്ചു. സേക്രഡ് ഹാർട്ട് ഹൈസ്കൂൾ വിദ്യാർഥികളുടെ പ്രാർഥനയോടെ ബിരുദദാന ചടങ്ങ് ആരംഭിച്ചു. കൂനംമൂച്ചി ഇടവകാംഗമായ അതിരൂപത എസിസി റാങ്ക് ഹോൾഡർ അജോ ജെയ്സൺ ബൈബിൾ പാരായണം നടത്തി. അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര അനുഗ്രഹ പ്രഭാഷണം നടത്തി. പുതിയതായി നിർമിച്ച വിശ്വാസപരിശീലന കേന്ദ്രത്തിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തും വിശ്വാസ പരിശീലനകേന്ദ്രം ഡയറക്ടർ റവ. ഡോ. ഫ്രാൻസിസ് ആളൂരും ചേർന്ന് നിർവഹിച്ചു.
കാലിക്കട്ട് യൂണിവേഴ്സിറ്റി ക്രിസ്ത്യൻ ചെയർ ഡയറക്ടർ റവ. ഡോ. പോൾ പുളിക്കൻ സദസിനെ അഭിസംബോധന ചെയ്തു. വിശ്വാസപരിശീലനം പൂർത്തിയാക്കി ബിരുദം സ്വീകരിക്കുന്ന വിദ്യാർഥികൾക്ക് ആർച്ച് ബിഷപ്പ് വിശ്വാസപ്രമാണം ചൊല്ലിക്കൊടുത്തു. അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നും വിവിധ മേഖലകളിൽ വിജയം കരസ്ഥമാക്കിയ 1200 ഓളം വിദ്യാർഥികളെ അനുമോദിക്കുകയും ബിരുദ സർട്ടിഫിക്കറ്റുകൾ സമ്മാനിക്കുകയും ചെയ്തു. അതിരൂപത വിശ്വാസ പരിശീലന കേന്ദ്രം അസി. ഡയറക്ടർ ഫാ. സിജോ മുരിങ്ങാത്തേരി, ഡെയിലി കാറ്റക്കിസം പ്രതിനിധി റവ. സിസ്റ്റർ ആഗ്നസ് സിഎംസി, അതിരൂപത വിശ്വാസ പരിശീലന കേന്ദ്രം അസി. ഡയറക്ടർ റവ. ഡോ. ലിജോ ചാലിശേരി, എസിസി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കുരിയച്ചിറ ഇടവകാംഗം ആൻ ഫ്ലവർ ഔസേപ്പ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മരത്താക്കര ഇടവകാംഗം കെ.പി. ഏയ്ഞ്ചൽ മേരി എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.visionpala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision