അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായ അന്തര്‍വാഹിനി ടൈറ്റനിലെ ഓക്‌സിജന്‍ തീര്‍ന്നതായി റിപ്പോര്‍ട്ട്. യുകെ സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.8 ഓടെ ഓക്‌സിജന്‍ തീര്‍ന്നിട്ടുണ്ടാകുമെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ടൈറ്റനിലെ അഞ്ചംഗ സംഘത്തെ രക്ഷപ്പെടുത്താനാകുമെന്ന പ്രതീക്ഷയും മങ്ങുകയാണ്.
അതേസമയം, അഞ്ച് യാത്രികരുമായി കാണാതായ അന്തര്‍വാഹിനിക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. നാലു ദിവസം മുന്‍പാണ് ന്യൂഫൗണ്ട് ലാന്‍ഡ് തീരത്തിന് സമീപത്തുവെച്ച് ടൈറ്റനുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടത്. നാലുകിലോമീറ്റര്‍ ചുറ്റളവില്‍ ആഴത്തിലാണ് തെരച്ചില്‍ നടക്കുന്നത്. കടലിന്റെ അടിയില്‍ നിന്ന് നിരന്തരം കേട്ട മുഴക്കം സഞ്ചാരികളെ രക്ഷിക്കുന്നതില്‍ നിര്‍ണായകമാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. എന്നാല്‍ സമുദ്രത്തില്‍ മുഴക്കത്തിന്റെ ഉറവിടം കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ആഴക്കടൽ പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് ടൈറ്റൻ. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിംഗ്, പാകിസ്താനി, ടൈക്കൂൺ ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, സബ്‌മെർസിബിൾ കമ്പനിയുടെ സിഇഒ, ഒരു പൈലറ്റ് എന്നിവരാണ് അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായുള്ള എട്ടു ദിവസത്തെ പര്യവേഷണത്തിനാണ് സഞ്ചാരികൾ പോയത്. 2,50,000 ഡോളറുകളാണ് ( ഏകദേശം രണ്ടു കോടി ഇന്ത്യൻ രൂപ) ഓരോ സഞ്ചാരിയും ഈ അതിസാഹസിക യാത്രയ്ക്കായി നൽകിയത്.
ജൂൺ 18നായിരുന്നു ആ യാത്ര. ടൈറ്റാനിക്കിന് അടുത്തേക്ക് ഒരു തവണ മുങ്ങിപ്പൊങ്ങുന്നതിന് ഏകദേശം എട്ടു മണിക്കൂർ സമയമെടുക്കുമെന്നാണ് കണക്ക്. ടൈറ്റനെ തേടിയുള്ള യാത്രയുടെ ഭാഗമായി മദർഷിപ്പിൽ നിന്ന് വേർപ്പെട്ട ടൈറ്റൻ ആഴങ്ങളിലേക്ക് ചൂഴ്ന്നിറങ്ങി രണ്ട് മണിക്കൂറിനകം തന്നെ സിഗ്‌നൽ നൽകാതായി. അന്ന് മുതൽ ടൈറ്റനുമായുള്ള ആശയവിനിമയം നടന്നിരുന്നില്ല. ടൈറ്റനിൽ നിന്ന് ആശയവിനിമയമില്ലാതായതോടെ അധികൃതർ അപകടം മണത്തു. ടൈറ്റനെ കണ്ടെത്താനുള്ള ശ്രമമായിരുന്നു പിന്നീട്.
അതിനിടെ, ടൈറ്റന്‍ സമുദ്രപേടകം കണ്ടെത്തിയാലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പേടകം ജലോപരിതലത്തിലേക്ക് ഉയര്‍ത്തുന്നതിനായി പൈലറ്റ് ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടാവുമെന്നും അങ്ങനെ ഉയര്‍ന്നു വന്നാല്‍ത്തന്നെ ആശയവിനിമയ സംവിധാനം നഷ്ടമായ ചെറുപേടകം കണ്ടെത്തുക ശ്രമകരമാണെന്നും ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജിലെ മറൈന്‍ എന്‍ജിനീയറിങ് പ്രഫസര്‍ അലിസ്റ്റെയര്‍ ഗ്രേഗ് അഭിപ്രായപ്പെട്ടു.
പേടകം പുറത്തുനിന്ന് ബോള്‍ട്ടുപയോഗിച്ച് അടച്ച നിലയിലാണ്. പുറത്തുനിന്നു തുറക്കാതെ യാത്രികര്‍ക്ക് ഇറങ്ങാനാവില്ല. സമുദ്രത്തിന്റെ അടിത്തട്ടില്‍ കുടുങ്ങിയ നിലയിലാണെങ്കില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌കരമാകും. അടിത്തട്ടിലെ കൂടിയ മര്‍ദവും തണുപ്പും പ്രതിസന്ധിയാകും. 2 മൈലോളം ആഴത്തിലായതിനാല്‍ കനത്ത ഇരുട്ടും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision