(വി.ലൂക്കാ:22:7-13 + വി.യോഹന്നാൻ: 13:1-15 +
വി.ലൂക്കാ: 22:15-21)
പെസഹാ – കടന്നുപോകലിന്റെ ഓർമ്മയുടെ തിരുനാളാണ്.
പഴയനിയമത്തിൽ അടിമത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേയ്ക്കുള്ള കടന്നുപോകൽ അനുസ്മരണം. നിയമാവർത്തന ഗ്രന്ഥം അനുശാസിക്കുന്നു – “അടിമത്വത്തിന്റെ ഭവനമായ ഈജിപ്തിൽ നിന്നും നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ കർത്താവിനെ വിസ്മരിക്കാതിരിക്കാൻ ശ്രദ്ധിക്കുവിൻ”.
അനുഗ്രഹങ്ങൾ ഒന്നും വിസ്മരിക്കപ്പെട്ടുകൂടാ എന്ന് സാരം. ക്രിസ്തു പെസഹായ്ക്ക് പുതിയ ഒരു മാനം പകർന്നു നല്കി. വെറുമൊരു ഓർമ്മയാചരണമല്ല പെസഹാ , ജീവിതം പകുത്തു നല്കപ്പെടേണ്ട വേളയാണത് എന്ന് അവൻ കാണിച്ചു തന്നു. ആരെയും മാറ്റി നിർത്താതെ ഒറ്റുകൊടുക്കുന്നവന്റെയും തള്ളിപ്പറയുന്നവന്റെയും മുൻപിൽ കുനിയാനും കാലുകഴുകാനും ക്രിസ്തു കാണിച്ച വിനയം എത്ര മഹത്തരമാണ്. വിശുദ്ധ കുർബാനയെന്ന മഹാരഹസ്യം സ്ഥാപിച്ചപ്പോഴും അവൻ ആരെയും അകറ്റി നിർത്തിയില്ല. മറ്റുള്ളവർക്ക് വേണ്ടി മുറിച്ച് നല്കപ്പെട്ടതിന്റെ ഓർമ്മയായി പുതിയ നിയമ പെസഹാ . മുറിയാനും മുറിയപ്പെടാനും ശിഷ്യനും സാധിക്കണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു.