ആഗോളസഭക്ക് അഭിമാനവും അലങ്കാരവുമാണ് വി. മറിയം ത്രേസ്യാ കാലത്തിനും സമയത്തിനും നവീകരണത്തിന്‍റെ പുത്തൻ വെളിച്ചം പകർന്ന്, തകർന്ന കുടുംബങ്ങളിലേക്ക് ആശ്വാസത്തിന്റെ കൈത്തിരിയുമായി കടന്നുവന്ന വാനമ്പാടിയായിരുന്നു അവൾ.
പാരമ്പര്യവും കുലീനത്വവും നിറഞ്ഞ ചിറമ്മൽ മങ്കിടിയാൻ തോമാ-താണ്ട ദമ്പതികളുടെ തൃതീയ സന്താനമായി പുത്തൻചിറ ഗ്രാമത്തിൽ 1876 ഏപ്രിൽ 26-ന് ത്രേസ്യാ ജനിച്ചു. താരാട്ടുപാട്ടിനൊപ്പം അമ്മ മകളുടെ കഞ്ഞുകാതിൽ മന്ത്രിച്ചു എന്‍റെ മകൾ ദൈവത്തിന്‍റെ ഇഷ്ടപ്പെട്ട കുഞ്ഞായി വളരണം. ഈശോയെ സ്നേഹിക്കണം എന്ന നന്മതിന്മകൾ തിരിച്ചറിയാൻ കഴിയാത്ത പ്രായത്തിൽ ആറു വയസ്സുകാരി ത്രേസ്യായുടെ ഇളംമനസിൽ പൊങ്ങിവന്ന ചിന്തയായിരുന്നു ദൈവത്തെ സ്നേഹിക്കാൻ പ്രായം വേണ്ട ദൈവപ്രീതി മാത്രം ലക്ഷ്യമാക്കിയ ത്രേസ്യാ, വീട്ടിലും ത്യാഗനിർഭരമായ അധ്വാനത്തിലൂടെ ഉപവാസം അനുഷ്ഠിക്കുക, ഉറക്കമിളച്ച് പ്രാർത്ഥിക്കുക, ചരൽവിരിപ്പിൽ മുട്ടുകുത്തി പ്രാർത്ഥിക്കുക, അതിൽ തന്നെ കിടന്നുറങ്ങുക തുടങ്ങിയ പ്രക്രിയകളിൽ സന്തോഷം കണ്ടെത്തി. ഓർമ്മ വെച്ച നാൾ മുതൽ പരിശുദ്ധ അമ്മയുടെ സ്നേഹവും സാന്നിധ്യവും അനുഭവിച്ചുകൊണ്ടിരുന്ന ത്രേസ്യാ പന്ത്രണ്ടാം വയസിൽ തന്‍റെ സ്വന്തം അമ്മ മരിച്ചപ്പോൾ പരി. അമ്മയെ സ്വന്തം അമ്മയായി സ്വീകരിച്ചു. 3 1/2 വയസിൽ ത്രേസ്യായെ ജപമാല ചൊല്ലാൻ പഠിപ്പിച്ച പരിശുദ്ധ അമ്മ തന്നെ മാതൃതുല്യം സ്നേഹിക്കുന്ന ത്രേസ്യാക്ക് തന്‍റെ നാമം തന്നെ ചേർത്ത് ഇനിമുതൽ മറിയം ത്രേസ്യാ എന്നു വിളിക്കണമെന്ന നിർദ്ദേശം ആത്മപിതാവിന് കൊടുത്തത് മനുഷ്യബുദ്ധിക്ക് അഗ്രാഹ്യവും വിസ്മയനീയവുമാണ്.
മഠത്തിൽ ചേർന്ന് ദൈവത്തെ സ്നേഹിക്കാൻ അതിയായി ആഗ്രഹിച്ച ത്രേസ്യാക്കു മുന്നിൽ എല്ലാ വാതിലുകളും അടഞ്ഞപ്പോഴും പ്രാർത്ഥനയിലും ഭക്തകൃത്യങ്ങളിലും പ്രായശ്ചിത്ത പ്രവൃത്തികളിലും കുടുംബങ്ങൾക്കു വേണ്ടിയുള്ള ശുശ്രൂഷകളിലും ത്യാഗപൂർവ്വം മുഴുകി വീട്ടിൽ തന്നെ നിന്നു. സ്ത്രീകൾ പുറത്തിറങ്ങുന്നത് അനാചാരമായി കരുതിയിരുന്ന സമൂഹമധ്യത്തിലേക്കാണ് ത്രേസ്യ, തന്‍റെ കൂട്ടുകാരുമൊത്ത് ഇറങ്ങിച്ചെന്നത്.
എനിക്ക് ദാഹിക്കുന്നു എന്ന യേശുവിന്റെ വാക്കുകൾ സദാ ചെവികളിൽ മുഴങ്ങിക്കേട്ട ത്രേസ്യാ, വേദനിക്കുന്നവരെയും രോഗികളെയും പാപികളെയും ആരോരുമില്ലാത്തവരെയും തേടി ഹൃദയത്തിൽ ദൈവസ്നേഹാഗ്നിയുമായി കുടുംബങ്ങളിലേക്കും വഴിയോരങ്ങളിലേക്കും ഇറങ്ങിത്തിരിച്ചു. ദൈവത്തിന്‍റെ ശക്തമായ ഇടപെടലുകൾ ജീവിതത്തിൽ അനുസൃതം അനുഭവിച്ചുകൊണ്ടിരുന്ന ത്രേസ്യാ, 1902-ൽ പുത്തൻചിറ വികാരിയായി നിയമിതമായ ബഹു. ജോസഫ് വിതയത്തിലച്ചനെ തന്റെ ആത്മപിതാവായി സ്വീകരിച്ചു. തപസും പ്രായശ്ചിത്തവും ആത്മപിതാവിന്റെ ഉപദേശങ്ങളും പൈശാചിക പ്രലോഭനങ്ങളെ അതിജീവിക്കാൻ ത്രേസ്യാക്ക് ശക്തി നൽകി. കർത്താവിന്റെ പീഢാനുഭവങ്ങളെ സ്വഹൃദയത്തോടു ചേർത്തുവച്ച ത്രേസ്യാക്ക് ഈശോ പഞ്ചക്ഷതങ്ങൾ സമ്മാനിച്ചു.
മഠത്തിൽ ചേരാനുള്ള ത്രേസ്യയുടെ അദമ്യമായ ആഗ്രഹം മനസിലാക്കിയ തൃശൂർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ യോഹന്നാൻ മേനാച്ചേരി പിതാവ്, ഒല്ലൂരിലുള്ള കർമ്മലീത്താ മഠത്തിൽ പോയി താമസിക്കാൻ കൽപന നൽകി. ത്രേസ്യയുടെ സ്വഭാവമഹിമയും തീക്ഷ്ണമായ പ്രാർത്ഥനയും പഞ്ചക്ഷതാനുഭവങ്ങളും കണ്ട് ബോധ്യപ്പെട്ട ഗുരുത്തിയമ്മ സി. എവുപ്രാസിയ (വി. എവുപ്രാസിയ) കർമ്മലീത്താ മഠത്തിൽ ചേർക്കാൻ ആഗ്രഹിച്ചു. ഒരു കർമ്മലീത്ത സന്യാസിനിയാവുക എന്നതല്ല തന്റെ ദൈവവിളിയെന്ന് തിരിച്ചറിഞ്ഞ ത്രേസ്യാ, അക്കാര്യം തന്റെ ആത്മപിതാവിനെ അറിയിച്ചു. ഈ സമയത്തു തന്നെയാണ് പുത്തൻചിറക്കാർ ത്രേസ്യായെ തിരിച്ചു കൊണ്ടുവരാനുള്ള നിവേദനവുമായി മെത്രാനച്ചനെ സമീപിക്കുന്നതും. ഇക്കാര്യങ്ങൾ വിവേചിച്ചറിഞ്ഞ അഭിവന്ദ്യ മേനാച്ചേരി പിതാവ് അവളെ പുത്തൻചിറയിലേക്ക് പോകൻ അനുവദിച്ചു.
1913-ൽ ആത്മീയപിതാവ് പുത്തൻചിറയിൽ അവൾക്കും മൂന്ന് കൂട്ടുകാർക്കും താമസിക്കാനായി ഒരു ഏകാന്തഭവനം പണികഴിപ്പിച്ചു കൊടുത്തു. ഈ ഭവനമാണ് പിന്നീട് തിരുക്കുടുംബ സന്യാസിനീ സമൂഹത്തിന്റെ പ്രഥമ ഭവനമായി മാറിയത്. കുടുംബങ്ങൾക്കു വേണ്ടി ഒരു സന്യാസിനീ സമൂഹം എന്ന ത്രേസ്യായുടെ ചിരകാല സ്വപ്നം 1914 മെയ് 14-ന് പൂവണിഞ്ഞു. അമ്മയുടെ സുകൃതജീവിതം കണ്ട് അനേകം യുവതികൾ കേരളത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്ന് തിരുക്കുടുംബ സഭയിൽ ചേർന്ന് സന്യാസം സ്വീകരിച്ചു.
1926 മെയ് 10-ാം തീയതി തുമ്പൂർ മഠത്തിന്റെ ആശീർവാദകർമ്മ സമയത്ത് മദ്ബഹായുടെ ക്രാസിക്കാൽ കാലിൽ വീണ് അമ്മയുടെ കാലിൽ വലിയ മുറിവുണ്ടാവുകയും അത് മരണകാരണമാവുകയും ചെയ്തു. 1926 ജൂൺ 8-ാം തീയതി ആ പാവനാത്മാവ് തന്റെ 50-ാമത്തെ വയസിൽ ഈ ലോകത്തോട് യാത്ര പറഞ്ഞു. അനേകം കുടുംബങ്ങളിൽ വിശുദ്ധിയുടെ പരിമളം പരത്തിയ മദർ മറിയം ത്രേസ്യായെ 2000 ഏപ്രിൽ 9-ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് വി. ജോൺ പോൾ രണ്ടാമൻ പാപ്പാ ഉയർത്തി.
സ്ത്രീ കളാണ് കുടുംബത്തിന്റെ വിളക്ക്. അവരുടെ ഉന്നമനത്തിലൂടെ ശ്രേയസ്കരമായ കുടുംബങ്ങളെയും വരുംതലമുറയെയും വാർത്തെടുക്കാമെന്നുള്ള വി. മറിയം ത്രേസ്യായുടെ ക്രാന്തികദർശികത്വം ഏറെ പ്രസക്തമാണ്.
“എന്റെ രക്ഷ ലോകാതിർത്തി വരെ എത്തുന്നതിന് ഞാൻ നിന്നെ ലോകത്തിന്‍റെ പ്രകാശമായി നൽകും” (എശയ്യാ 49:6). ഈ തിരുവചനം ഇന്നിവിടെ ചുരുൾ നിവർത്തുകയാണ്. 2019 ഒക്ടോബർ 13-ന് പരിശുദ്ധ ഫ്രാൻസിസ് പാപ്പായാൽ ആഗോളസഭയിലും വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട വി. മറിയം ത്രേസ്യായുടെ മുമ്പിൽ നമുക്ക് കൈകൾ കൂപ്പാം. ആ കെടാവിളക്ക് നമ്മുടെ നയത്തിലും ജ്വലിച്ചുനിൽക്കട്ടെ.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7