കവാറത്തി: ലക്ഷദ്വീപിലെ ആൾതാമസമില്ലാത്ത സുഹലീ ദ്വീപിന് സമീപം പെട്രോളിംഗ് ഡ്യൂട്ടിക്കിടെ ബോട്ട് മറിച്ച് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കാണാതായിട്ട് 14 ദിവസം പിന്നിടുന്നു. സിവിൽ പൊലീസ് ഓഫീസർമാരായ ഹിദായത്തുള്ള, നബീൽ എന്നിവർക്കായുള്ള തെരച്ചിൽ
തുടരുകയാണെങ്കിലും ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം വൈകുന്നതിൽ കുടുംബാംഗങ്ങൾ കടുത്ത നിരാശയും അമർഷവും പ്രകടിപ്പിച്ചു.
ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയത് അപകടം നടന്ന് പത്താം ദിവസമാണെന്നും അന്വേഷണത്തിൽ വലിയ വീഴ്ചയും ഉഴപ്പുമുണ്ടായെന്നും കാണാതായ നബീലിന്റെ സഹോദരൻ നസീബ് ആരോപിച്ചു. ഓഗസ്റ്റ് 11-നാണ് മൂന്നംഗ സംഘം സഞ്ചരിച്ച ബോട്ട് ശക്തമായ തിരമാലയിൽപ്പെട്ട് അപകടത്തിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഉമർ എന്ന പൊലീസുകാരൻ നീന്തി രക്ഷപ്പെട്ടിരുന്നു. റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യയടക്കം ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
















