ടെഹ്റാൻ: ഉപരോധവും സാമ്പത്തിക പ്രതിസന്ധികളും തുടരുന്നതിനിടെ രാജ്യത്ത് വമ്പൻ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയതായി ഇറാൻ. 10,500 കോടി ഡോളറോളം (ഏകദേശം 105 ബില്യൺ ഡോളർ) മൂല്യം കണക്കാക്കുന്ന വാതക ശേഖരമാണ് തെക്കൻ ഇറാനിലെ ഫാഴ്സ് പ്രവിശ്യയിൽ കണ്ടെത്തിയത്.
മൊത്തം 7.5 ട്രില്യൺ ക്യൂബിക് അടി പ്രകൃതിവാതകം ഇവിടെയുണ്ടെന്ന് ഇറാൻ പെട്രോളിയം മന്ത്രി മൊഹ്സെൻ പക്നെജാദ് ഔദ്യോഗികമായി വ്യക്തമാക്കി. ഇതിൽ 5.7 ട്രില്യൺ ക്യൂബിക് അടി വാതകം വാണിജ്യാടിസ്ഥാനത്തിൽ വേർതിരിച്ചെടുക്കാൻ സാധിക്കും. പ്രമുഖ വാതക പാടമായ സൗത്ത് പാർസിന്റെ ഒരു ഘട്ടത്തിൽ നിന്ന് 15 വർഷത്തേക്ക് ഉത്പാദിപ്പിക്കുന്നതിന് തുല്യമാണ് ഈ പുതിയ ശേഖരം.
ഉയർന്ന ഗുണനിലവാരമുള്ള ‘സ്വീറ്റ് ഗ്യാസ്’ ഇനത്തിൽപ്പെട്ടതായതിനാൽ ഇത് സംസ്കരിച്ചെടുക്കുന്നതിനുള്ള ചെലവ് വളരെ കുറവായിരിക്കുമെന്നും അധികൃതർ അറിയിച്ചു. യുഎസ്-ഇസ്രായേൽ സംഘർഷത്തിൽ ഊർജ്ജ മേഖലയ്ക്ക് നേരിട്ട നാശനഷ്ടങ്ങളിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ഇറാന് വലിയ പ്രതീക്ഷ നൽകുന്നതാണ് പുതിയ കണ്ടെത്തൽ.
















