കണ്ണൂർ: എയ്ഡഡ് സ്കൂളുകളിൽ അധ്യാപക തസ്തികകൾ നിലനിർത്താനായി വിദ്യാർത്ഥികളുടെ എണ്ണം പെരുപ്പിച്ചു കാട്ടി വൻ തട്ടിപ്പ് നടത്തിയതായി വിജിലൻസ് കണ്ടെത്തൽ. കണ്ണൂർ ജില്ലയിലെ 16 എയ്ഡഡ് സ്കൂളുകളിലാണ് ക്രമക്കേട് നടന്നത്. സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ കേസെടുക്കാൻ വിജിലൻസ് സർക്കാരിന്റെ അനുമതി തേടി.
ക്ലാസ് ടീച്ചർമാരും ഹെഡ്മാസ്റ്റർമാരും കേസിൽ പ്രതികളാകും. ഇതിന് പുറമെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തട്ടിപ്പിനായി അഡ്മിഷൻ രജിസ്റ്ററിലും ഉച്ചഭക്ഷണ രജിസ്റ്ററിലും വ്യാജരേഖകൾ ഉണ്ടാക്കിയതായി വിജിലൻസ് വ്യക്തമാക്കി.
കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ പേരുകൾ വരെ എയ്ഡഡ് സ്കൂളുകളിലെ രജിസ്റ്ററുകളിൽ തിരുകിക്കയറ്റിയ നിലയിലാണ്. ഇതിലൂടെ പാഠപുസ്തകങ്ങൾ, യൂണിഫോം എന്നിവയുടെ വിതരണത്തിൽ സർക്കാരിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതായും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
















