പരിശുദ്ധാത്മാവിലൂടെ മരണത്തിനുമപ്പുറവും സ്നേഹിക്കുന്ന ദൈവം

Date:

ലത്തീൻ ആരാധനാക്രമപ്രകാരം പെസഹാക്കാലം ആറാം ഞായറാഴ്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ തിരുവചനസന്ദേശം. സുവിശേഷഭാഗം: വിശുദ്ധ യോഹന്നാൻ 14, 15-21

ലോകത്തിന്റെ രക്ഷയ്ക്കായി പിതാവയച്ച രക്ഷകനായ, സ്നേഹമായ ക്രിസ്തു തന്റെ ഇഹലോകജീവിതത്തിന്റെ അവസാനഭാഗത്തെക്ക് കടന്നുവരുമ്പോൾ തനിക്കൊപ്പമുള്ള, തന്നെ പിന്തുടർന്ന മനുഷ്യരെ അനാഥരായി വിട്ടല്ല കടന്നുപോകുന്നത്. മറ്റു സുവിശേഷങ്ങളിലെന്നപോലെ വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനാലാം അധ്യായത്തിലും ഈയൊരു ചിന്ത നമുക്ക് വളരെ വ്യക്തമായി കാണാനാകും. പിതാവായ ദൈവത്തെയും പരിശുദ്ധാത്മാവിനേയും അടുത്തറിയാൻ സഹായിക്കുന്ന, നമ്മോട് കൂടെ എന്നും വസിക്കാൻ ആഗ്രഹിക്കുന്ന ദൈവമായി നമുക്ക് ക്രിസ്തുവിനെ ഇവിടെ കാണാം.

പരക്ലേത്തോസ്‌ – സഹായകൻ

മരണത്തിനുമപ്പുറം തുടരുന്ന സ്നേഹത്തിന്റെ അടയാളമായാണ് യേശു പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്നത്. ഗ്രീക്ക് ഭാഷയിൽ പരാക്ലേത്തോസ്‌ എന്ന വാക്കിന് അഭിഭാഷകൻ, മധ്യസ്ഥൻ, സഹായകൻ എന്നൊക്കെയാണ് അർത്ഥം. എന്നാൽ യോഹന്നാൻ തന്റെ സുവിശേഷത്തിലൂടെ അവതരിപ്പിക്കുന്ന പരാക്ലേത്തോസിന്, അദ്ധ്യാപകൻ, സാക്ഷി, അഭിഭാഷകൻ എന്നീ അർത്ഥങ്ങളാണ് കൂടുതൽ ചേരുക. യേശു പഠിപ്പിച്ച കാര്യങ്ങൾ ഓർമ്മിപ്പിക്കുന്ന, ലോകത്ത് രക്ഷകന് സാക്ഷ്യമേകുന്ന, ലോകത്ത് വസിക്കുന്ന ക്രിസ്തുശിഷ്യർക്ക് വേണ്ടി മാധ്യസ്ഥ്യം വഹിക്കുന്ന, ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ ഒരു തുടർച്ചയായി ലോകത്ത് തുടരുന്ന ദൈവികസാന്നിധ്യം എന്ന നിലയിലാണ് യോഹന്നാൻ പരിശുദ്ധാത്മാവിനെ നമുക്ക് മുന്നിൽ വരച്ചുകാട്ടുക. ദൈവത്തിനും മനുഷ്യർക്കുമിടയിൽ നിൽക്കുന്ന, മനുഷ്യർക്കായി സംസാരിക്കുന്ന, അവരെ നേർവഴിയേ നടക്കാൻ സഹായിക്കുന്ന ഒരുവൻ എന്ന നിലയിൽ, പരിശുദ്ധാത്മാവിനെ ഒരു “സഹായകൻ” എന്ന നിലയിലാണ് യേശു തന്റെ ശിഷ്യർക്ക് വാഗ്ദാനം ചെയ്യുന്നത്. കൂടെ വസിക്കുന്ന, എമ്മാനുവേലായ ദൈവം, തന്റെ പീഡാനുഭവങ്ങളും മരണ-ഉത്ഥാനങ്ങളും മുന്നിൽ കണ്ട്, തന്നെ പിന്തുടർന്നവർക്ക്, എന്നും കൂടെ വസിക്കുന്ന ഒരു സഹായകനെ നൽകുന്നു.

പരിശുദ്ധാത്മാവ് എന്ന സഹായകൻ ദൈവസ്നേഹത്തിന്റെ അടയാളമാണ്. പിതാവായ ദൈവം സകലജനത്തിന്റെയും രക്ഷയ്ക്കായി അയച്ച മധ്യസ്ഥനാണ് ക്രിസ്തുവെങ്കിൽ, ആ ക്രിസ്തു പിതാവിനോട് മാദ്ധ്യസ്ഥ്യം അപേക്ഷിച്ചു നൽകിയ സഹായകനാണ് പരിശുദ്ധാത്മാവ്. ഈയൊരർത്ഥത്തിൽ ദൈവസ്നേഹം വിളിച്ചോതുന്ന രണ്ടാമത്തെ സഹായകനാണ്, നമുക്ക് വേണ്ടി അയക്കപ്പെട്ട പരിശുദ്ധാത്മാവ്.

വെറുമൊരു ശക്തിയോ, സഹായകനോ, അഭിഭാഷകനോ അല്ല, പരിശുദ്ധ ത്രിത്വത്തിന്റെ ഭാഗമായ ഒരു വ്യക്തികൂടിയാണ് പരിശുദ്ധാത്മാവ്. പുത്രന്റെ അപേക്ഷയിൽ പിതാവ് അയക്കുന്ന സഹായകൻ. യേശുവിന്റെ ഈയൊരു വാഗ്ദാനം, അവന്റെ മരണ, ഉത്ഥാനങ്ങൾക്ക് ശേഷം യഥാർത്ഥത്തിൽ പൂർത്തിയാകുന്നുണ്ടെന്ന് നാം സുവിശേഷങ്ങളിൽ വായിച്ചറിയുന്നുണ്ട്. യേശു പിതാവിന്റെ പക്കലേക്ക് തിരികെ പോകുന്നതുമായി ബന്ധപ്പെട്ടു നടക്കുന്ന സംഭവങ്ങളിൽ, പരിശുദ്ധ അമ്മയുടെയും ശിഷ്യരുടേയും മേൽ ആവസിച്ച പരിശുദ്ധാത്മാവിനെക്കുറിച്ച് സുവിശേഷങ്ങൾ സാക്ഷ്യം നൽകുന്നുണ്ട്. എല്ലാം വെളിവാക്കുന്ന, യേശുവിനെ വ്യക്തമായി മനസ്സിലാക്കിത്തരുന്ന, ദൈവസ്നേഹത്തിന്റെ ആഴങ്ങളിലേക്ക് മനുഷ്യരുടെ ഹൃദയങ്ങളെ തുറക്കുന്ന സഹായകനായ പരിശുദ്ധാത്മാവ്. യേശുവിന്റെ സനാതനമൂല്യമുള്ള പ്രബോധനങ്ങൾ മനുഷ്യഹൃദയങ്ങളിൽ പ്രോജ്വലിപ്പിക്കാൻ ദൈവം നൽകുന്ന അനുഗ്രഹവും തുണയുമാണ് പരിശുദ്ധാത്മാവ്.

ലോകവും ആത്മാവും

പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്ത ക്രിസ്തു ലോകത്തിന്റെ ചിന്താഗതികൾ എപ്പോഴും വിശ്വാസജീവിതവുമായി യോജിച്ചുപോകുന്നവയാകണമെന്നില്ല എന്ന് തന്റെ ശിഷ്യന്മാരെ ഓർമ്മിപ്പിക്കുന്നതും ഈ സുവിശേഷഭാഗത്ത് നമുക്ക് കാണാം. പരിശുദ്ധാത്മാവിനെ, സത്യാത്മാവിനെ അറിയാത്ത, സ്വീകരിക്കാൻ കഴിയാത്ത ഒരു ലോകം. ഉത്ഥിതനായ ക്രിസ്തുവിനെ കാണാൻ കഴിയാത്ത ഒരു ലോകം.  ജീവിക്കുന്ന ദൈവത്തെ അറിയാനോ, തിരിച്ചറിയാനോ കഴിയാത്ത വിശ്വാസരഹിതമായ ഒരു ലോകം. ആ ഒരു ലോകത്ത് തുടരുന്ന തന്റെ ശിഷ്യർക്കും, തന്നെ പിന്തുടരാൻ ആഗ്രഹിക്കുന്നവർക്കും ദൈവം നൽകുന്ന സഹായകനാണ് പരിശുദ്ധാത്മാവ്. ഇവിടെയാണ് പരിശുദ്ധാത്മാവിനെ സഹായകനായി നൽകുമെന്ന യേശുവിന്റെ വാഗ്ദാനത്തിന്റെ പ്രസക്തിയേറുന്നത്. ലോകത്തിലായിരിക്കുന്ന ഓരോ മനുഷ്യനും, ക്രിസ്തുവിന്റെ കല്പനകളറിഞ്ഞ്, അവ പാലിച്ച് ജീവിക്കാൻ പരിശ്രമിക്കുന്നവർക്ക്, അങ്ങനെ ദൈവത്തെ സ്നേഹിക്കുന്നവർക്ക് പരിശുദ്ധ ത്രിത്വത്തിന്റെ ആവാസമാണ് ദൈവപുത്രൻ വാഗ്ദാനം ചെയ്യുന്നത്. “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാൻ നിങ്ങളുടെ അടുത്തേക്ക് വരും. എന്റെ കല്പനകൾ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത്. എന്നെ സ്നേഹിക്കുന്നവൻ എന്റെ പിതാവും സ്നേഹിക്കും. ഞാനും അവനെ സ്നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും” (യോഹ. 14, 18, 21)

ക്രൈസ്തവസാക്ഷ്യത്തിനുള്ള വിളി

ദൈവത്തെ അറിയാതെയും, അറിഞ്ഞിട്ടും അവനെ സ്വീകരിക്കാതെയും, അവന്റെ കല്പനകൾ പാലിക്കാതെയും ജീവിക്കുന്ന ഒരു ലോകത്തോട് ക്രൈസ്തവസാക്ഷ്യം വിളിച്ചുപറയാൻ വിളിക്കപ്പെട്ട ജീവിതങ്ങളാണ് നമ്മൾ ഓരോരുത്തരുടേതും. കൂദാശകളിലൂടെ പരിശുദ്ധ ത്രിത്വത്തിന്റെ, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിന്റെ സാന്നിദ്ധ്യവും, അനുഗ്രഹങ്ങളും, സ്നേഹവും ഉള്ളിൽ പേറുന്ന ഭാഗ്യമുള്ള ജീവിതങ്ങളാണ് നമ്മുടേത്. നമ്മെ ഉപേക്ഷിക്കാത്ത, അനാഥരായി വിടാത്ത ഒരു ദൈവത്തെയാണ് സുവിശേഷങ്ങളും, കൂദാശകളും, ക്രൈസ്തവവിശ്വാസവും, സഭാപ്രബോധനങ്ങളും നമുക്ക് അനുഭവവേദ്യമാക്കിയിട്ടുള്ളത്. ഈ ത്രീത്വയ്കദൈവത്താൽ സ്നേഹിക്കപ്പെട്ട്, പ്രത്യേകമായി വിളിക്കപ്പെട്ട, തിരഞ്ഞെടുക്കപ്പെട്ട മനുഷ്യരായ നമ്മുടെ വിശ്വാസജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു കടമകൾ, ക്രിസ്തുവിന്റെ ഉദ്ബോധനങ്ങൾ അനുസരിച്ച്, ദൈവകൽപനകൾ പാലിച്ച്, ത്രിത്വയ്ക ദൈവത്തിലുള്ള വിശ്വാസം ജീവിക്കുകയെന്നതും, ലോകത്തെ മുഴുവൻ സ്നേഹിക്കുന്ന, രക്ഷയുടെ മാർഗ്ഗത്തിലൂടെ അവരെ നയിക്കുവാൻ ആഗ്രഹിക്കുന്ന ദൈവത്തെ ലോകത്തിന് മുന്നിൽ ക്രൈസ്തവജീവിതത്തിന് ചേർന്ന പ്രവൃത്തികളിലൂടെയും, വാക്കുകളിലൂടെയും സാക്ഷ്യപ്പെടുത്തുക എന്നതുമാണ്.

നമ്മുടെ ക്രൈസ്തവജീവിതം

വിശുദ്ധ പത്രോസ് തന്റെ ഒന്നാം ലേഖനത്തിന്റെ മൂന്നാം അധ്യായം പതിനഞ്ചാം വാക്യത്തിൽ നമ്മെ ഓർമ്മിപ്പിക്കുന്നത് ഇപ്രകാരമാണ്: “ക്രിസ്തുവിനെ കർത്താവായി നിങ്ങളുടെ ഹൃദയത്തിൽ പൂജിക്കുവിൻ. നിങ്ങൾക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാൻ സദാ സന്നദ്ധരായിരിക്കുവിൻ” (1Pt 3,15). നിർമ്മലമായ മനസ്സക്ഷിയോടെ ജീവിച്ച്, ജീവിതം കൊണ്ട് ക്രിസ്തുവിന്, പരിശുദ്ധാത്മാവ് നൽകുന്ന ഉൾബലത്താൽ സാക്ഷ്യം നൽകുവാൻ തക്ക വിധത്തിൽ ജീവിക്കാൻ നമുക്ക് പരിശ്രമിക്കാം. അപ്പസ്തോലപ്രവർത്തനങ്ങളുടെ എട്ടാം അധ്യായം പതിനേഴാം വാക്യത്തിൽ പത്രോസും യോഹന്നാനും സമരിയക്കാരുടെമേൽ കൈകൾവച്ച് അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ അവർ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്ന സംഭവം നാം കാണുന്നുണ്ട്. ജ്ഞാനസ്നാനം വഴി, മറ്റു കൂദാശകൾ വഴി ക്രൈസ്തവവിശ്വാസത്തിൽ ജീവിക്കുന്ന, പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യം ഉള്ളിൽ പേറുന്ന നമുക്കും, ഈ ലോകത്തിന് മുഴുവൻ രക്ഷകനായി വന്ന ക്രിസ്തുവിനും, സ്നേഹപിതാവായ ദൈവത്തിനും, സഹായകനായ, നമ്മെ യഥാർത്ഥ സത്യത്തിലേക്ക് നയിക്കുന്ന പരിശുദ്ധാത്മാവിനും സാക്ഷികളാകാൻ, ദൈവകല്പനകൾ പാലിക്കുന്ന യഥാർത്ഥ ക്രൈസ്തവജീവിതം നയിക്കുന്ന വ്യക്തികളാകാൻ വേണ്ട അനുഗ്രഹത്തിനായി ദൈവത്തോട് പ്രാർത്ഥിക്കാം. ക്രിസ്തുവിന്റെ പ്രഥമശിഷ്യയും അപ്പസ്തോലന്മാർക്കൊപ്പം ക്രൈസ്തവവിശ്വാസത്തിന്റെ പാതയിൽ നമുക്ക് മാതൃകയും തുണയുമായ പരിശുദ്ധ അമ്മ നമുക്ക് വേണ്ടി മാധ്യസ്ഥ്യം വഹിക്കട്ടെ. ദൈവം നമ്മെ തന്റെ വിശ്വസ്ത സ്നേഹിതരും പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾ നിറഞ്ഞ, ലോകത്തിൽ ക്രൈസ്തവവിശ്വാസത്തിന് സ്വജീവിതങ്ങൾ കൊണ്ട് ശക്തമായ സാക്ഷ്യം നൽകുന്ന, ദൈവസാന്നിധ്യം ഉള്ളിൽ പേറുന്ന യഥാർത്ഥ ക്രൈസ്തവരുമായി ജീവിക്കുവാൻ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...