അരൂർ : 35 വർഷത്തിനു മുൻപ് പിരിഞ്ഞതാണീ സൗഹൃദം. പലരും പലവഴി പോയി. ജോലിത്തിരക്കും കുടുംബജീവിതവുമായി അകന്നുപോയവരിൽ ചിലരെങ്കിലും ആഗ്രഹിച്ചു, ഒന്നുകൂടി കണ്ടുമുട്ടാൻ. അങ്ങനെയാണ് ചേർത്തലഎൻ.എസ്.എസ്. കോളേജിലെ 1985-88 കാലയളവിൽ പ്രീഡിഗ്രിക്ക് വിവിധ ഗ്രൂപ്പുകളിൽ പഠിച്ചവർ ഒന്നിച്ചുകൂടിയത്. എല്ലാവരും ഇല്ലായിരുന്നുവെങ്കിലും 238 പേർ മൂന്ന് വർഷം മുൻപുനടന്ന ആദ്യ സംഗമത്തിൽ പങ്കെടുത്തു. അന്ന് തുടർകാര്യങ്ങൾക്കായി ഭാരവാഹികളെയും തിരഞ്ഞെടുത്തു.ഇതിനിടെയാണ് അകാലത്തിൽ മരിച്ച ഭർത്താവിന്റെ നൊമ്പരവുമായി തങ്ങളുടെ കൂട്ടുകാരി രണ്ട് മക്കളെയും ചേർത്ത് അടച്ചുറപ്പില്ലാത്ത കൂരയിൽ കഴിയുന്ന അവസ്ഥ ഒരുകൂട്ടുകാരൻ കണ്ടെത്തിയത്. രണ്ടാം റീ യൂണിയനിൽ ഇക്കാര്യം ചർച്ചയ്ക്കു വന്നു. അരൂക്കുറ്റി പഞ്ചായത്ത് ഒൻപതാം വാർഡ് വടുതലയ്ക്ക് സമീപത്തുള്ള കായപ്പുറത്ത് മിനി കാർത്തികേയൻ എന്ന കൂട്ടുകാരിക്ക് ഒരു വീട് എന്ന സ്വപ്‌നത്തെക്കുറിച്ചായി ചർച്ച. പിന്നീട് നടന്നത് കൂട്ടായ പ്രവർത്തനമായിരുന്നു. അഞ്ചുലക്ഷം രൂപയോളം മുടക്കി 400 ചതുരശ്രയടിയിൽ ആസ്വപ്‌നം സാക്ഷാത്കരിച്ചു, കൂട്ടുകാർ.
ശനിയാഴ്ച കൂട്ടായ്മയുടെ മൂന്നാം റീ യൂണിയൻ നടക്കുമ്പോൾ തണലാണ് സൗഹൃദം എന്ന സന്ദേശമാകും ഉയരുക. പള്ളിപ്പുറം വെളിയിൽ കാസിലിൽ നടക്കുന്ന ചടങ്ങിൽ പൂർവ വിദ്യാർഥി കൂട്ടായ്മയുടെ ഭാരവാഹികളായ വൈക്കം ശിവദാസ് നാരായണനുസജി പള്ളിപ്പുറവും ചേർന്ന് വീടിന്റെ താക്കോൽ മിനിക്ക് കൈമാറും. അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്തും പള്ളിപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.ആർ. ഹരിക്കുട്ടനും വിശിഷ്ടാതിഥികളാകും.