അലെക്‌സാൻഡ്രിയൻ പാപ്പായും, കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയർക്കീസുമായ തവാഡ്രോസ് രണ്ടാമൻ മെയ് മാസം പത്താം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന പൊതുകൂടിക്കാഴ്ചയിൽ ഫ്രാൻസിസ് പാപ്പായുമായി വേദി പങ്കിടുകയും, സന്ദേശം നൽകുകയും ചെയ്തു.
അലെക്‌സാൻഡ്രിയൻ പാപ്പായും, കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയർക്കീസുമായ തവാഡ്രോസ് രണ്ടാമൻ മെയ് മാസം പത്താം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചാവേളയിൽ വേദി പങ്കിട്ടുകൊണ്ട് സന്ദേശം നൽകി. 1973 മെയ് പതിമൂന്നിന് പോൾ ആറാമൻ പാപ്പായും, അന്നത്തെ കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയർക്കീസായിരുന്ന ഷെനൂദ മൂന്നാമനുമായി നടത്തിയ സൗഹൃദ കൂടിക്കാഴ്ചയുടെ അൻപതാം വാർഷികത്തിലാണ് തവാഡ്രോസ് രണ്ടാമൻ റോമിൽ സന്ദർശനം നടത്തുകയും ഫ്രാൻസിസ് പാപ്പായുടെ കൂടിക്കാഴ്ച നടത്തുകയും ചെയ്തത്.
തന്റെ സന്ദേശത്തിന്റെ ആരംഭത്തിൽ ഫ്രാൻസിസ് പാപ്പായുടെ പത്രോസിനടുത്ത അജപാലനശുശ്രൂഷയുടെ പത്താം വാർഷികത്തിന്റെ മംഗളങ്ങൾ കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ നാമത്തിൽ നേരുകയും, ഇതുവരെ പാപ്പാ ഈ ലോകം മുഴുവന്റെയും നന്മയ്ക്കായി ചെയ്ത എല്ലാ പരിശ്രമങ്ങളെയും എടുത്തു പറഞ്ഞുകൊണ്ട് നന്ദി പറയുകയും ചെയ്തു.തുടർന്ന് പത്തുവർഷങ്ങൾക്കു മുൻപ് താൻ റോമിൽ സന്ദർശനം നടത്തിയ അനുഗൃഹീത നിമിഷങ്ങളെ അനുസ്മരിക്കുകയും, വീണ്ടും തനിക്ക് ഊഷ്മളമായ ഒരു സ്വീകരണം ഒരുക്കിയ കത്തോലിക്കാ സഭയ്ക്ക് കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.
സാഹോദര്യത്തിന്റെ അടിസ്ഥാനം ദൈവിക സ്നേഹമെന്നതായിരുന്നു തവാഡ്രോസ് രണ്ടാമൻ പാത്രിയാർകീസിന്റെ സന്ദേശത്തിന്റെ ഉള്ളടക്കം. ഈ ദിവസം സാഹോദര്യ സ്നേഹത്തിന്റെ ദിനമെന്നു വിളിക്കുവാൻ താൻ ആഗ്രഹിക്കുന്നുവെന്ന് എടുത്തു പറഞ്ഞ പാത്രിയാർക്കീസ് ഓരോ വർഷവും ഈ ദിവസം പാപ്പായുമായി ഫോണിൽ ബന്ധപ്പെട്ടു സാഹോദര്യത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കാറുള്ളതും അനുസ്മരിച്ചു. അസൂയയും മാത്സര്യവും നിറഞ്ഞ ഒരു ലോകത്തിൽ സ്‌നേഹത്തിന്റെയും, സഹാനുഭൂതിയുടെയും നന്മ നിറഞ്ഞ ഒരു സമൂഹം കെട്ടിപ്പടുക്കണമെങ്കിൽ ഈ ദൈവിക സ്നേഹം കൂടിയേ തീരൂ. ഈ സ്നേഹം തന്നെയാണ് നമ്മെ യഥാർത്ഥ ക്രിസ്ത്യാനികളും,യഥാർത്ഥ മനുഷ്യരുമാക്കി തീർക്കുന്നത്, പാത്രിയാർക്കീസ് കൂട്ടിച്ചേർത്തു.
തന്റെ സന്ദേശത്തിന്റെ അവസാനം ഒരിക്കൽ കൂടി ഫ്രാൻസിസ് പാപ്പയ്ക്കും, കത്തോലിക്കാ സഭയ്ക്കും നന്ദി പറഞ്ഞ തവാഡ്രോസ് രണ്ടാമൻ 2017 ൽ ഫ്രാൻസിസ് പാപ്പാ നടത്തിയ ഈജിപ്ത് സന്ദർശനവും അനുസ്മരിച്ചു. ജീവന്റെ പാതയിൽ ഒരുമിച്ചു നടക്കാമെന്ന ആഹ്വാനവും, നിത്യജീവൻ ലക്ഷ്യമാക്കിയുള്ള പ്രയാണത്തിൽ വിശുദ്ധർ നമുക്ക് കൂട്ടായിരിക്കുമെന്ന പ്രത്യാശയും പാത്രിയാർക്കീസ് പങ്കുവച്ചു. വിശുദ്ധ മാർക്കോസിന്റെ സ്ഥലമായ അലെക്‌സാൻഡ്രിയയിൽ നിന്നും വന്നിരിക്കുന്ന തങ്ങൾക്ക്, ആതിഥേയത്വം ഒരുക്കിയിരിക്കുന്നത് പത്രോസും, പൗലോസും പ്രസംഗിച്ച നാടാണ്, അതിനാൽ ക്രിസ്തുവിന്റെ സുഗന്ധം ഒറ്റക്കെട്ടായി ഈ ലോകത്തിൽ പരത്തുവാനും, അതിൽ ജീവിക്കാനുമുള്ള കടമയും നമുക്ക് ഉണ്ട് തവാഡ്രോസ് രണ്ടാമൻ അടിവരയിട്ടു പറഞ്ഞു. ലോകം മുഴുവൻ സമാധാനം പുലരട്ടെ, എല്ലാവരോടും ചേർന്ന് താനും പ്രാർത്ഥിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് പാത്രിയാർകീസ് തന്റെ സന്ദേശം ഉപസംഹരിച്ചു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision