ന്യൂഡൽഹി: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിന് ശേഷം കഴിഞ്ഞ പത്ത് ദിവസമായി തുടർന്ന അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കുമാണ് ഇതോടെ
വിരാമമായത്. ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി രാഹുൽ ഗാന്ധി നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയിലാണ് അന്തിമ തീരുമാനമുണ്ടായത്.
കെ.സി. വേണുഗോപാലിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാന നിമിഷം വരെ സജീവമായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ, കേരളത്തിലെ മുതിർന്ന നേതാക്കളുടെ ഭൂരിപക്ഷ അഭിപ്രായവും എം.എൽ.എമാരുടെ നിലപാടും വി.ഡി. സതീശന് അനുകൂലമായത് ഹൈക്കമാൻഡ് ഗൗരവമായി എടുത്തു. മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ ഉറച്ച പിന്തുണയും കേരളത്തിലെ പൊതുവികാരവും മാനിച്ചാണ് രാഹുൽ ഗാന്ധി വി.ഡി. സതീശനെ അമരക്കാരനായി നിശ്ചയിച്ചത്. കെ.സി. വേണുഗോപാലുമായി രാഹുൽ ഗാന്ധി നടത്തിയ അനുനയ ചർച്ചകൾക്കൊടുവിലാണ് പ്രഖ്യാപനം സാധ്യമായത്.















