രക്തസാക്ഷികൾ: ക്രിസ്തുവിനെ ജീവിതത്തിലും മരണത്തിലും അനുകരിച്ചവർ

Date:

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുദർശന പ്രഭാഷണം: നിണസാക്ഷികൾ.

ഫ്രാൻസീസ് പാപ്പാ, പതിവുപോലെ ഈ ബുധനാഴ്ച (19/04/23)  വത്തിക്കാനിൽ, പൊതുദർശനം അനുവദിച്ചു. കഴിഞ്ഞ വാരത്തിലെന്നപോലെ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരം ആയിരുന്നു  പ്രതിവാര പൊതുദർശന വേദി. വിവിധ രാജ്യക്കാരായിരുന്ന നിരവധി തീർത്ഥാടകരും സന്ദർശകരും അങ്കണത്തിൽ സന്നിഹിതരായിരുന്നു.  എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ അങ്കണത്തിൽ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു.  തന്നോടൊപ്പം, ഏതാനും കുട്ടികളെക്കൂടി വാഹനത്തിൽ കയറ്റി ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ നീങ്ങിയ പാപ്പാ, അംഗരക്ഷകർ ഇടയ്ക്കിടെ തൻറെ പക്കലേക്ക് എടുത്തു കൊണ്ടുവന്ന പിഞ്ചുകുഞ്ഞുങ്ങളെ ആശീർവദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗ വേദിയിലേക്കു നയിക്കുന്ന പടവുകൾക്കടുത്തു വച്ച് പാപ്പാ കുട്ടികളെ വണ്ടിയിൽ നിന്നിറക്കി. തുടർന്ന് വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ 9.00 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

മത്തായി: 10,16-18

യേശു പന്ത്രണ്ടു ശിഷ്യരോടായി പറഞ്ഞു: ചെന്നായ്ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു. അതിനാൽ, നിങ്ങൾ സർപ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്ക്കളങ്കരുമായിരിക്കുവിൻ. മനുഷ്യരെ സൂക്ഷിച്ചുകൊള്ളുവിൻ; അവർ നിങ്ങളെ ന്യായാധിപസംഘങ്ങൾക്ക് ഏൽപിച്ചുകൊടുക്കും. തങ്ങളുടെ സിനഗോഗുകളിൽ വച്ച് അവർ നിങ്ങളെ മർദ്ദിക്കും. നിങ്ങൾ എന്നെപ്രതി നാടുവാഴികളുടെയും രാജാക്കന്മാരുടെയും സന്നിധിയിലേക്കു നയിക്കപ്പെടും. അവിടെ അവരുടെയും വിജാതീയരുടെയും മുമ്പാകെ നിങ്ങൾ സാക്ഷ്യം നല്കും.”  

ഈ വായനയ്ക്കു ശേഷം പാപ്പാ, സുവിശേഷവത്ക്കരണ തീക്ഷ്ണതയെ അധികരിച്ച് പ്രതിവാര പൊതുകൂടിക്കാഴ്ചാ വേളയിൽ താൻ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടർന്നു. നിണസാക്ഷികൾ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ പ്രഭാഷണത്തിൻറെ പരിഭാഷ:

രക്തസാക്ഷി വൃന്ദം

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

സുവിശേഷവത്ക്കരണത്തെയും പ്രേഷിത തീക്ഷ്ണതയെയും അധികരിച്ചുള്ള പരിചിന്തനത്തിൽ വിശുദ്ധ പൗലോസിൻറെ സാക്ഷ്യം അപ്പൊസ്തോലിക തീക്ഷ്ണതയുടെ യഥാർത്ഥ “മാതൃകയായി” പരിഗണിച്ച ശേഷം, ഇന്ന് നമ്മൾ നോക്കുക ഒരു വ്യക്തിയിലേക്കല്ല, മറിച്ച്, രക്തസാക്ഷികളുടെ വൃന്ദത്തിലേക്കാണ്, ക്രിസ്തുവിനായി ജീവൻ സമർപ്പിച്ച  എല്ലാ പ്രായ-ഭാഷ-ദേശങ്ങളിലും പെട്ട സ്ത്രീപുരുഷന്മാരിലേക്കാണ്. ക്രിസ്തുവിനെ ഏറ്റുപറയുന്നതിനായി രക്തം ചിന്തിയവരാണവർ. അപ്പോസ്തലന്മാരുടെ തലമുറയ്ക്കുശേഷം, അവരാണ് സുവിശേഷത്തിൻറെ അത്യുദാത്ത “സാക്ഷികൾ”. നിണസാക്ഷികൾ. അവരിൽ പ്രഥമൻ ജറുസലേമിൻറെ മതിലിനു വെളിയിൽ വച്ച് കല്ലെറിയപ്പെട്ട ഡീക്കൻ സ്തെഫാനോസ് ആയിരുന്നു. സാക്ഷ്യം എന്നർത്ഥമുള്ള “മർത്തീരിയ” (martyria)   എന്ന ഗ്രീക്കു പദത്തിൽ നിന്നാണ് “രക്തസാക്ഷിത്വം” എന്ന വാക്കിൻറെ ഉദ്ഭവം. അതായത്, രക്തസാക്ഷി ഒരു സാക്ഷിയാണ്, രക്തം ചിന്തിപ്പോലും സാക്ഷ്യമേകുന്നവനാണ്. നിണം ചിന്തി സാക്ഷ്യമേകുന്ന വ്യക്തിയെ സൂചിപ്പിക്കുന്നതിനായി സഭയിൽ വളരെ പെട്ടെന്നു തന്നെ രക്തസാക്ഷി എന്ന ഈ വാക്ക് ഉപയോഗിച്ചു തുടങ്ങി.

നമുക്കായി ആത്മദാനമായ യേശുവിനായി ജീവാർപ്പണം ചെയ്യുക

എങ്കിൽത്തന്നെയും, രക്തസാക്ഷികളെ, മരുഭൂമിയിൽ തളിർക്കുന്ന പുഷ്പങ്ങൾ പോലെ വ്യക്തിപരമായി പ്രവർത്തിച്ച “വീരന്മാരായി” കാണേണ്ടതില്ല, മറിച്ച് സഭയായ കർത്താവിൻറെ മുന്തിരിത്തോട്ടമാകുന്ന സഭയിലെ പാകമായതും മികച്ചതുമായ ഫലങ്ങളായിട്ടാണ് കാണേണ്ടത്. പ്രത്യേകിച്ച്, കുർബ്ബാനാർപ്പണത്തിൽ തീക്ഷ്ണതയോടെ പങ്കുചേർന്നുകൊണ്ട്, ക്രിസ്ത്യാനികൾ, തങ്ങളുടെ ജീവിതം ആ സ്നേഹരഹസ്യത്തിൻറെ അടിസ്ഥാനത്തിൽ ക്രമീകരിക്കാൻ ആത്മാവിനാൽ നയിക്കപ്പെട്ടു: അതായത്, കർത്താവായ യേശു അവർക്കുവേണ്ടി സ്വ ജീവൻ നൽകി, അതുകൊണ്ട് അവരും അവനുവേണ്ടിയും അവരുടെ സഹോദരങ്ങൾക്കു വേണ്ടിയും ജീവൻ നല്കേണ്ടിയിരിക്കുന്നു. വിശുദ്ധ അഗസ്റ്റിൻ പലപ്പോഴും കൃതജ്ഞതയുടെ ഈ ചലനാത്മകതയും  സമ്മാനം സൗജന്യമായി തിരികെ നൽകലും അടിവരയിട്ടു കാണിക്കുന്നു. ഉദാഹരണത്തിന്, വിശുദ്ധ ലോറെൻസിൻറെ തിരുനാളിനോടനുബന്ധിച്ച് അദ്ദേഹം പ്രസംഗിച്ചത് ഇതാണ്: “വിശുദ്ധ ലോറെൻസ് റോമിലെ സഭയിലെ ഡീക്കനായിരുന്നു. അവിടെ അവൻ ക്രിസ്തുവിൻറെ രക്തത്തിൻറെ ശുശ്രൂഷകനായിരുന്നു, അവിടെ അവൻ ക്രിസ്തുനാമത്തിൽ സ്വന്തം രക്തം ചിന്തി. അപ്പോസ്തലനായ യോഹന്നാൻ കർത്താവിൻറെ അത്താഴ രഹസ്യം സുവ്യക്തം വിശദീകരിക്കുന്നത് ഇങ്ങനെയാണ്: “ക്രിസ്തു സ്വന്തം ജീവൻ നമുക്കുവേണ്ടി സമർപ്പിച്ചതുപോലെ, നാമും നമ്മുടെ സഹോദരങ്ങൾക്കു വേണ്ടി ജീവൻ നൽകണം” (1 യോഹന്നാൻ 3:16). സഹോദരങ്ങളേ, ലോറെൻസ് ഇതെല്ലാം മനസ്സിലാക്കി. അവൻ അത് മനസ്സിലാക്കുകയും പ്രാവർത്തികമാക്കുകയും ചെയ്തു. ആ വിരുന്നിൻമേശയിൽ നിന്ന് തനിക്ക് ലഭിച്ചതെല്ലാം അവൻ യഥാർത്ഥത്തിൽ തിരിച്ചു നൽകി. അവൻ സ്വന്തം ജീവിതത്തിൽ ക്രിസ്തുവിനെ സ്നേഹിച്ചു, മരണത്തിൽ അവനെ അനുകരിച്ചു” (പ്രസംഗം. 304, 14; PL 38, 1395-1397). രക്തസാക്ഷികളെ നയിച്ചിരുന്ന ആത്മീയ ചലനാത്മകത വിശുദ്ധ അഗസ്റ്റിൻ വിശദീകരിച്ചത് ഇപ്രകാരമായിരുന്നു. രക്തസാക്ഷികൾ ക്രിസ്തുവിനെ ജീവിതത്തിലും മരണത്തിലും അനുകരിക്കുന്നു.

നിണസാക്ഷിത്വം- സ്നേഹത്തിൻറെ പരമ സാക്ഷ്യം

ഇന്ന്, പ്രിയ സഹോദരീ സഹോദരന്മാരേ, സഭയുടെ ജീവിതത്തെ തുണച്ച എല്ലാ രക്തസാക്ഷികളെയും നമുക്കോർക്കാം. ഞാൻ പലവുരു പറഞ്ഞിട്ടുള്ളതുപോലെ, നിണസാക്ഷികൾ  ആദ്യ നൂറ്റാണ്ടുകളിലെന്നതിനേക്കാൾ വളരെ കൂടുതലാണ് നമ്മുടെ കാലത്ത്. “ലോകരക്ഷയ്ക്കായി സ്വമേധയാ മരണം വരിച്ച ഗുരുവിനോട് ഒരുവനെ തുല്ല്യനാക്കുകയും രക്തച്ചൊരിച്ചിൽ വഴി അവിടത്തോട് സദൃശ്യനാക്കുകയും ചെയ്യുന്ന വേദസാക്ഷിത്വത്തെ സഭ അസാധാരണ ദാനമായും സ്നേഹത്തിൻറെ ഏറ്റവും വലിയ തെളിവായും പരിഗണിക്കുന്നു” (പ്രമാണരേഖ ലൂമെൻ ജെൻസിയും, 42) എന്ന് രണ്ടാം വത്തിക്കാൻ സൂനഹദോസ് നമ്മെ ഓർമ്മിപ്പിക്കുന്നു. സുവിശേഷപ്രഘോഷണത്തെ നിരസിക്കുന്നവരുടെ അതിക്രമത്തെ, രക്തസാക്ഷികൾ, യേശുവിനെ അനുകരിച്ച്, അവിടത്തെ കൃപയാൽ, സ്നേഹത്തിൻറെ പരമോന്നത അവസരമാക്കി മാറ്റുന്നു, അത് സ്വന്തം പീഢകരോട് ക്ഷമിക്കുന്നതിൽ വരെ എത്തുന്നു.

ക്രൈസ്തവർ, ജീവിതസാക്ഷ്യമേകാൻ വിളിക്കപ്പെട്ടവർ

ചുരുക്കം ചിലരോടു മാത്രമാണ് രക്തസാക്ഷിത്വം ആവശ്യപ്പെടുന്നതെങ്കിലും “മനുഷ്യരുടെ മുമ്പിൽ ക്രിസ്തുവിനെ ഏറ്റുപറയാനും, സഭയ്ക്ക് ഒരിക്കലും കുറവില്ലാത്ത പീഡനങ്ങളുടെതായ  കുരിശിൻറെ വഴിയിൽ അവിടത്തെ അനുഗമിക്കാനും എല്ലാവരും തയ്യാറായിരിക്കണം” (ലൂമെൻ ജെൻസിയും 42). രക്തം ചിന്തേണ്ടിവരുന്നില്ലെങ്കിൽപ്പോലും,  യേശുവിനെ അനുകരിച്ച്, ദൈവത്തിനും സഹോദരങ്ങൾക്കും സ്വയം ഒരു ദാനമായിത്തീർന്നുകൊണ്ട്,  ജീവിത സാക്ഷ്യമേകാൻ ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന്, ഇപ്രകാരം,രക്തസാക്ഷികൾ നമുക്ക് കാണിച്ചുതരുന്നു.

നിണസാക്ഷികൾ ലോകത്തിൻറെ എല്ലാ ദിക്കുകളിലും

ലോകത്തിൻറെ എല്ലാ കോണുകളിലും സന്നിഹിതമായ ക്രൈസ്തവ സാക്ഷ്യം അനുസ്മരിച്ചുകൊണ്ട് ഞാൻ ഉപസംഹരിക്കാൻ ആഗ്രഹിക്കുന്നു. ഉദാഹരണത്തിന്, ഞാൻ യെമനെക്കുറിച്ച് ചിന്തിക്കുന്നു, വർഷങ്ങളായി,  ഭയാനകവും വിസ്മൃതവുമായ യുദ്ധത്താൽ മുറിവേറ്റ ഒരു നാടാണ്, യുദ്ധം അവിടെ നിരവധി മരണങ്ങൾക്ക് കാരണമായി, ഇന്നും നിരവധി ആളുകളെ, പ്രത്യേകിച്ച് കുട്ടികളെ യാതനകളിലാഴ്ത്തുന്നു. ഉപവിയുടെ പ്രേഷിതകളായ സഹോദരികളുടേതു പോലുള്ള ഉജ്ജ്വല വിശ്വാസ സാക്ഷ്യങ്ങൾ ഈ നാട്ടിൽ ഉണ്ടായി. ഈ സന്ന്യാസിനികൾ ഇന്നും യെമനിൽ ഉണ്ട്, അവിടെ അവർ വൃദ്ധ രോഗികൾക്കും വൈകല്യമുള്ളവർക്കും സഹായം നല്കുന്നു. അവർ എല്ലാവരെയും എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരെയും സ്വാഗതം ചെയ്യുന്നു, എന്തെന്നാൽ, ഉപവിയ്ക്കും സാഹോദര്യത്തിനും അതിരുകളില്ല. 1998 ജൂലൈയിൽ ദിവ്യബലിയിൽ പങ്കെടുത്തു വീട്ടിലേക്കു മടങ്ങുകയായിരുന്ന സന്ന്യാസിനി സഹോദരികളായ അലേത്ത, ത്സേലിയ, മിഖായേൽ എന്നിവരെ ഒരു മതഭ്രാന്തൻ കൊലപ്പെടുത്തി. അന്നാട്ടിൽ നിലവിലുള്ള സംഘർഷം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, അനതിവിദൂര കാലത്ത്, 2016 മാർച്ചിൽ, സിസ്റ്റർ ആൻസെലം, സിസ്റ്റർ മാർഗരെറ്റ്, സിസ്റ്റർ റെജിനെറ്റ്, സിസ്റ്റർ ജൂഡിത്ത് എന്നിവരും ഏറ്റവും എളിയവരായവർക്കിടിയിൽ ഉപവിപ്രവർത്തനം നടത്തുന്നതിന് അവരെ  സഹായിച്ചിരുന്ന ഏതാനും അൽമായ വിശ്വാസികളും വധിക്കപ്പെട്ടു. അവർ നമ്മുടെ കാലത്തെ രക്തസാക്ഷികളാണ്. കൊല്ലപ്പെട്ട ഈ അൽമായരിൽ ക്രൈസ്തവർക്കു പുറമേ, ഈ കന്യാസ്ത്രീകളോടൊപ്പം പ്രവർത്തിച്ചിരുന്ന മുസ്ലീം വിശ്വാസികളും ഉണ്ടായിരുന്നു. രക്തസാക്ഷിത്വം വ്യത്യസ്‌ത മതങ്ങളിൽപ്പെട്ട ആളുകളെ എങ്ങനെ ഒന്നിച്ചു ചേർക്കുന്നു എന്നതു കാണുമ്പോൾ അതു നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്നു. ഒരിക്കലും ദൈവ നാമത്തിൽ കൊല്ലരുത്, കാരണം അവിടത്തേയ്ക്ക് നാമെല്ലാവരും സഹോദരീസഹോദരന്മാരാണ്. മറ്റുള്ളവർക്ക് വേണ്ടി നമുക്കൊരുമിച്ച് ജീവൻ നല്കാൻ കഴിയും.

നിണസാക്ഷികൾ, ശാന്തിയുടെ വിത്തുകൾ

ആകയാൽ, ദുരിതകാലത്തും സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നതിൽ തളർന്നു പോകാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം. വിശുദ്ധരും വിശുദ്ധകളുമായ എല്ലാ രക്തസാക്ഷികളും, ദൈവം എല്ലാവർക്കും എല്ലാം ആയിത്തീരുന്നതായ (1 കോറി 15, 28 കാണുക) ദൈവരാജ്യം പൂർണ്ണതയിൽ പ്രകടമാകുമെന്ന പ്രതീക്ഷയിൽ, കൂടുതൽ മാനുഷികവും സാഹോദര്യവുമായ ഒരു ലോകത്തിനായി ജനതകൾക്കിടയിൽ സമാധാനത്തിൻറെയും അനുരഞ്ജനത്തിൻറെയും വിത്തുകളായിരിക്കട്ടെ. നന്ദി.

സമാപനാഭിവാദ്യങ്ങളും ആശീർവ്വാദവും

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

 പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത്, പാപ്പാ,  പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു. നിത്യനഗരത്തിൽ നിന്ന് അവരവരുടെ ജീവിത ചുറ്റുപാടുകളിലേക്ക് മടങ്ങുമ്പോൾ, പ്രവർത്തനനിരതമായ ഒരു വിശ്വാസത്തിൻറെ നവീകൃത പ്രതിബദ്ധതയുടെ സാക്ഷ്യം വഹിക്കാൻ അവർക്കാകട്ടെയെന്ന് പാപ്പാ ആശംസിച്ചു. അങ്ങനെ ഉത്ഥിതനായ ക്രിസ്തുവിൻറെ പ്രകാശം ലോകത്തിൽ പരത്തുന്നതിന് സംഭാവന ചെയ്യാൻ അവർക്കു സാധിക്കട്ടെയെന്ന് പാപ്പാ പറഞ്ഞു. കടുത്ത യാതനകൾ അനുഭവിക്കുന്ന പീഢിത ഉക്രൈയിൻറെ ചാരെ ആയിരിക്കാനും അന്നാടിനു വേണ്ടിയുള്ള പ്രാർത്ഥന തുടരാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

തദ്ദനന്തരം ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ,  എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
👉 more https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

“സഭയുടെ പ്രതിരൂപം എന്നനിലയിൽ മറിയം, ജീവിക്കുന്ന ദൈവത്തിൻ്റെ ആത്മാവുകൊണ്ട് എഴുതപ്പെട്ട ഒരു ലിഖിതമാണ്”

ക്രൈസ്‌തവ സമൂഹത്തെ വിശുദ്ധ പൗലോസ് ഇപ്രകാരം നിർവ്വചിക്കുന്നു: "ജീവിക്കുന്ന ദൈവത്തിൻ്റെ ആത്മാവുകൊണ്ട്,...

ഇസ്രയേല്‍- ഹിസ്ബുള്ള വെടി നിര്‍ത്തല്‍ കരാര്‍ ഇരുപക്ഷവും അംഗീകരിച്ചു

ഇസ്രയേല്‍- ഹിസ്ബുള്ള വെടി നിര്‍ത്തല്‍ കരാര്‍ ഇരുപക്ഷവും അംഗീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ്...

മൂലമറ്റം സെൻറ് ജോർജിൽ പ്ലാറ്റിനം ജൂബിലി സംസ്ഥാന പ്രസംഗ മൽസരം 28-ന്

മൂലമറ്റം : സെൻ്റ് ജോർജ് യു.പി. സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി...

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണത്തിനായുള്ള ഹര്‍ജിയില്‍ കളക്ടര്‍ക്കെതിരെ ആരോപണം

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന...