വത്തിക്കാന്‍ സിറ്റി: ജനതകൾ തമ്മിലുള്ള തർക്കങ്ങൾ അക്രമവും യുദ്ധവും കൊണ്ടല്ല തീർക്കേണ്ടതെന്നും സാധാരണ പൗരന്മാർ യുദ്ധത്തിന്റെ ഇരകളാകുന്നത് “യാദൃശ്ചിക നാശനഷ്ടമായി” കണക്കാക്കരുതെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ജനുവരി 8ന് വത്തിക്കാനിലെ 184 രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച മധ്യേ നടത്തിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. എല്ലാ ഭൂഖണ്ഡങ്ങളിലെയും രാജ്യങ്ങളിലെയും സംഘർഷങ്ങൾ ഓരോന്നു ഓരോന്നായി ചൂണ്ടിക്കാട്ടിയ ഫ്രാൻസിസ് പാപ്പ, എല്ലാ ഭീകരപ്രവർത്തനങ്ങളെയും തീവ്രവാദങ്ങളെയും അപലപിക്കുന്നുവെന്നും ജനതകൾ തമ്മിലുള്ള തർക്കങ്ങൾ തീർക്കേണ്ട രീതി ഇതല്ലായെന്നും പറഞ്ഞു.
ഇസ്രായേൽ – പാലസ്തീന്‍, ലെബനോൻ, മ്യാന്മാർ, റഷ്യ – യുക്രൈൻ, അർമേനിയ – അസെർബൈജാൻ, ആഫ്രിക്കൻ നാടുകളിലെ ടൈഗ്രെ, എത്യോപ്യ, സുഡാൻ, കാമറൂൺ, മൊസാംബിക്, കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ളിക്, അമേരിക്കൻ ഭൂഖണ്ഡത്തിലെ വെനിസ്വേല, ഗയാനാ, പെറു, നിക്കാരഗ്വേ തുടങ്ങിയ ഇടങ്ങളിലെ സംഘർഷങ്ങൾ പാപ്പ പ്രത്യേകം ചൂണ്ടിക്കാട്ടി. സാധാരണ പൗരന്മാർ യുദ്ധത്തിന്റെ ഇരകളാകുന്നത് “യാദൃശ്ചിക നാശനഷ്ടമായി” കണക്കാക്കരുത്. കൂടുതൽ ഛിന്നഭിന്നമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ലോകമാണ് നാം കാണുന്നത്. ആധുനിക യുദ്ധങ്ങൾ കൃത്യമായി നിർവ്വചിച്ച യുദ്ധക്കളങ്ങളോ സൈനീകരെ മാത്രമോ അല്ല ലക്ഷ്യം വയ്ക്കുന്നത്. അതിനേക്കാൾ ഏറെ നമുക്കാർക്കും അറിയാത്തത്ര ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സാധാരണ ജനങ്ങളെയാണ് ഇത് ബാധിക്കുന്നത്.
ആയുധങ്ങളുടെ ലഭ്യത അതിന്റെ ഉപയോഗവും നിർമ്മാണവും പ്രോൽസാഹിപ്പിക്കും. അത് സംശയങ്ങളുണ്ടാക്കുകയും നിക്ഷേപങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്യും. ആയുധ നിർമ്മാണങ്ങൾക്കായി നടത്തുന്ന നിക്ഷേപങ്ങൾ വഴി എത്രയോ ജീവിതങ്ങളെ രക്ഷിക്കാനാകും? അവ എന്തുകൊണ്ട് ആഗോള സുരക്ഷയ്ക്കായി വിനിയോഗിക്കാനാവുന്നില്ല?. ഇക്കാലത്തിന്റെ പ്രതിസന്ധികളായ ആഹാരം, പരിസ്ഥിതി, സാമ്പത്തികം, ആരോഗ്യ സംരക്ഷണം എന്നിവയ്ക്ക് അതിരുകളില്ല. പട്ടിണി നിവാരണത്തിനായി ആഗോള ഫണ്ട് രൂപീകരിക്കാനും പാപ്പ ആഹ്വാനം നല്‍കി.
അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതു മുതൽ ജീവന്റെ എല്ലാ തലങ്ങളേയും ബഹുമാനിക്കണം. അത് ഒരിക്കലും ധനലാഭത്തിനുള്ള മാർഗ്ഗമാക്കരുത്. മനുഷ്യക്കടത്ത്, വാടക ഗർഭപാത്രം, ദയാവധം എന്നിവയെയും പാപ്പ അപലപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സുരക്ഷിതത്വത്തിനും, സമാധാനത്തിനും, സഹകരണത്തിനുമായി സൃഷ്ടിച്ച സംഘടനകൾ അതിലെ അംഗങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്താന്‍ കഴിയാതെ ഈ കാലഘട്ടത്തിൽ ബലഹീനമായിരിക്കുകയാണ്. സമാധാനത്തിനുള്ള പ്രതിബദ്ധതയിൽ അവയുടെ വേരുകളും, ചൈതന്യവും, മൂല്യങ്ങളും വീണ്ടെടുക്കേണ്ടതുണ്ടെന്നും ഫ്രാൻസിസ് പാപ്പ ഓർമ്മിപ്പിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision