ലോക ജലദിനത്തിൽ മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിന്റെ മഴയളവ് പുസ്തകം പുറത്തിറങ്ങി. സ്കൂളിലെ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ മീനച്ചിൽ നദീസംരക്ഷണസമിതിയുടെ മീനച്ചിൽ നദീ – മഴ നിരീക്ഷണ ശൃംഖലയോട് ചേർന്ന് കഴിഞ്ഞ 250 ദിവസങ്ങളിൽ നിരീക്ഷിച്ച് രേഖപ്പെടുത്തിയ പ്രാദേശിക മഴവിവരങ്ങളാണ് പുസ്തകരൂപത്തിലാക്കിയത്.
മഴയളവ് പുസ്തകം
പുസ്തകത്തിന്റെ പ്രകാശനം ലോകപ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. മാധവ് ഗാഡ്ഗിൽ പൂനെയിൽ നിർവ്വഹിച്ചു. മീനച്ചിൽ നദീ – മഴനിരീക്ഷണ ശൃംഖലയോട് ചേർന്ന് സ്കൂൾ നടത്തുന്ന മഴ – പുഴ നിരീക്ഷണം അഭിനന്ദനാർഹമായ പ്രവർത്തനമാണെന്ന് മാധവ് ഗാഡ്ഗിൽ പറഞ്ഞു. അന്തർദ്ദേശീയപ്രശസ്ത കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. റോക്സി മാത്യു കോൽ മഴയളവ് പുസ്തകത്തിന് ആമുഖം എഴുതി. ഇതോടെ മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂൾ രാജ്യത്തെ പരിസ്ഥിതി സജ്ജമായ ഒരു സ്കൂളായി മാറാനുള്ള ആദ്യപടി പിന്നിട്ടുകഴിഞ്ഞെന്നും രാജ്യത്തിനു തന്നെ സ്കൂൾ മാതൃകയാണെന്നും ഡോ. റോക്സി മാത്യു കോൾ ആമുഖത്തിൽ കുറിച്ചു.
അവസാന രണ്ട് കേരള സന്ദർശനങ്ങളിലും സ്കൂൾ സന്ദർശിച്ച് ഡോ. റോക്സി മലയിഞ്ചിപ്പാറ സ്കൂളിലെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയിരുന്നു. 2021 ഒക്ടോബർ 16 ലെ അതിതീവ്രമഴയിലെ അളവ് ഉൾപ്പെട്ടതാണ് പുസ്തകത്തിലെ മഴവിവരങ്ങൾ. ലോകജലദിനത്തിൽ സ്കൂളിലെ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് മഴയളവ് പുസ്തകം പൊതുസമൂഹത്തിന് സമർപ്പിച്ചു. സ്കൂൾ മാനേജർ ഫാ.ജോസഫ് ചെറുകരക്കുന്നേൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസ് മേരി, മീനച്ചിൽ നദീ – മഴ നിരീക്ഷണ ശൃംഖല കോർഡിനേറ്റർ എബി ഇമ്മാനുവൽ എന്നിവർ നേതൃത്വം നൽകി.