പാലാ: നാഷണൽ സർവീസ് സ്കീമുമായി ചേർന്ന് കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റി സംഘടിപ്പിക്കുന്ന എയ്ഡ്സ് ബോധവൽക്കരണ പരിപാടി “യുവജാഗരൺ-ഐഇസി വാൻ ക്യാംപെയ്ൻ” സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തപ്പെട്ടു. പരിപാടിയുടെ സന്ദേശം ഉൾക്കൊള്ളിച്ചുകൊണ്ട് പത്തനംതിട്ട മുദ്ര സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് അവതരിപ്പിച്ച കാക്കാരിശ്ശി നാടകം വിദ്യാർത്ഥികളിൽ കൗതുകമുണർത്തി.
എച്ച്ഐവി, എയ്ഡ്സ് എന്നിവയെക്കുറിച്ചുള്ള അവബോധം യുവതലമുറയ്ക്ക് നൽകുക, സുരക്ഷിതവും ആരോഗ്യകരവുമായ തെരഞ്ഞെടുപ്പുകൾ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. കേരളത്തിലെ യുവജനങ്ങൾക്കിടയിൽ എയ്ഡ്സ് രോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ, രോഗത്തെ തടയാൻ സ്വീകരിക്കേണ്ട മുൻകരുതലകളെക്കുറിച്ചും രോഗത്തിൻ്റെ പകർച്ചാവഴികളെക്കുറിച്ചും കാക്കാരിശ്ശി നാടകത്തിലൂടെ കുട്ടികൾക്ക് അറിവ് നൽകി.
കൂടാതെ ജ്യോതിസ്, ഉഷസ്, സുരക്ഷ എന്നിങ്ങനെ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നൽകുന്ന സേവനങ്ങളെപ്പറ്റിയും വിദ്യാർത്ഥികൾക്ക് അറിവേകി. സ്കൂൾ പ്രിൻസിപ്പാൾ റെജിമോൻ കെ മാത്യു, എൻഎസ്എസ് അതിരമ്പുഴ ക്ലസ്റ്റർ കൺവീനർ സാബുമോൻ തോമസ്, എൻഎസ്എസ് സ്കൂൾ കോർഡിനേറ്റർ ബിജു കുര്യൻ, റോവർ ലീഡർ നോബി ഡൊമിനിക്, റെയിഞ്ചർ ലീഡർ അനീറ്റ അലക്സ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.













