വൈക്കം: തോട്ടുവക്കത്ത് കെ.വി. കനാലിലേക്ക് കാർ മറിഞ്ഞ് ഒരാൾ മരിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശി ഡോ. അമൽ സൂരജ് ആണ് അപകടത്തിൽ മരിച്ചത്.
കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ അമൽ സൂരജ്, ഇന്നലെ രാത്രി വെച്ചൂർ ഭാഗത്തുനിന്ന് വൈക്കത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിയുകയായിരുന്നു. പുലർച്ചെ നാട്ടുകാരാണ് കാർ കനാലിൽ മറിഞ്ഞ നിലയിൽ കണ്ടത്.
വിവരം അറിയിച്ചതിനെ തുടർന്ന് വൈക്കം അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയ ശേഷമാണ് ഡോക്ടറുടെ മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കാർ കനാലിൽ നിന്ന് ഉയർത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.















