തൃശൂർ കോർപ്പറേഷനെതിരെ യുവ വ്യവസായി രംഗത്ത്. സ്വരാജ് റൗണ്ടിലെ ബിനി ഹെറിറ്റേജ് നടത്തിപ്പ് ലൈസൻസ് പുതുക്കാതെ ഉദ്യോഗസ്ഥർ പ്രതിസന്ധിയിലാക്കുന്നു എന്നാണ് വ്യവസായി പി എസ് ജനീഷിൻറെ ആരോപണം. തന്നെ ജീവിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥനയുമായി പി എസ് ജനീഷ് രംഗത്തുവന്നു.
ടൂറിസ്റ്റ് ഹോം ഏറ്റെടുത്ത് പത്ത് കോടി രൂപ മുടക്കി നവീകരണം നടത്തിയെന്നും വ്യവസായി പി എസ് ജനീഷ് പറഞ്ഞു. പത്തു കോടി രൂപ മുടക്കി ബിനി ഹെറിറ്റേജ് ആക്കി മാറ്റിയ ശേഷം ലൈസൻസ് പുതുക്കി നൽകുന്നില്ല. കോടികൾ നഷ്ടപ്പെടുന്ന സ്ഥിതിയാണെന്നും ജീവിക്കാൻ തന്നെ നിർവാഹമില്ലെന്നും വ്യവസായി പ്രതികരിച്ചു.
2018 ലാണ് തൃശൂർ സ്വരാജ് റൗണ്ടിലെ ബിനി ടൂറിസ്റ്റ് ഹോം നടത്തിപ്പ് പി എസ് ജനീഷ് ഏറ്റെടുത്ത്. കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തി ബിനി ഹെറിറ്റേജാക്കുമ്പോഴേക്കും പലകുറി വിഷയം കോടതി കയറി. കോടതിയുടെ അനുകൂല ഉത്തരവിൽ പ്രവർത്തനം തുടങ്ങി ഒരു വർഷം പിന്നിടുമ്പോഴാണ് വിചിത്ര വാദങ്ങൾ ഉയർത്തി കോർപ്പറേഷൻ ഉദ്യോഗസ്ഥർ ലൈസൻസ് പുതുക്കാതിരുന്നത്. പത്തു കോടിയിലധികം രൂപ മുടക്കിയാണ് ബിനി നവീകരിച്ചത്. പല പാർട്ണർമാരെ ഒപ്പം കൂട്ടിയായിരുന്നു നവീകരണം. ലൈസൻസ് പുതുക്കാതായതോടെ തീർത്തും പ്രതിസന്ധിയിൽ ആയിരിക്കുകയാണ് വ്യവസായി.













