പാലാ: പാലാ സെന്റ് തോമസ് കോളേജിൽ സംസ്കൃതം പ്രൊഫസർ ആയിരുന്ന ആർ. ശങ്കുണ്ണി പൊതുവാളിന് നൂറ് വയസ് തികഞ്ഞ അവസരത്തിൽ അദ്ദേഹത്തിൻ്റെ ജന്മനാടായ തൃശൂരിൽ നാടിന്റെയും ശിഷ്യരുടെയും ആദരവ്. കുഴൂർ വിളക്കുംകാൽ ദർശന ഓഡിറ്റോറിയത്തിൽ 22. 05. 2025 ന്
രാവിലെ 10 മണിക്ക് ചേർന്ന അനുമോദന യോഗത്തിൽ കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സാജൻ കൊടിയൻ അധ്യക്ഷത വഹിച്ചു. സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ മേഖലകളിലെ നിരവധി പ്രമുഖർ ആശംസകൾ അർപ്പിച്ചു. പാലാ സെന്റ് തോമസ് കോളേജ് ഹിന്ദി ബിരുദാനന്തര ബിരുദ ഗവേഷണ വിഭാഗം പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ ‘യാദോം കി ബാരാത്’ (ഓർമ്മകളുടെ
ഘോഷയാത്ര) ൻറെ പ്രസിഡന്റ് ഡോ. ജോർജുകുട്ടി വട്ടോത്ത്, ഡോ. പി കെ അജിത് കുമാർ, കൊച്ചുറാണി ജോർജുകുട്ടി തുടങ്ങിയവർ ചേർന്ന് ഗുരുശ്രേഷ്ഠന് സ്നേഹോപഹാരം സമർപ്പിച്ചു. മുമ്പ് പാലാ സഹൃദയ സമിതി സെക്രട്ടറി, മീനച്ചിൽ നദീ സംരക്ഷണ സമിതി പ്രസിഡന്റ് തുടങ്ങിയ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയിട്ടുള്ള പൊതുവാൾ സാർ നൂറിൻറെ നിറവിലും
കർമ്മനിരതനാണ്. മികച്ച പരിസ്ഥിതി പ്രവർത്തകനും സംസ്കൃത പണ്ഡിതനുമായ അദ്ദേഹത്തിൻറെ ‘ജീവിതം: കയ്പും മധുരവും’ എന്ന ആത്മകഥയുടെ പ്രകാശനവും ചടങ്ങിൽ നടന്നു. കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയോടെ ആഘോഷ പരിപാടികൾ സമാപിച്ചു.