ലെയോ പാപ്പ മുന്‍പ് രൂപതാധ്യക്ഷനായിരിന്ന പെറുവിലെ ചിക്ലായോ രൂപതയിൽ ആഗോള രോഗീ ദിനം കൊണ്ടാടുവാന്‍ വത്തിക്കാന്റെ തീരുമാനം. “സമരിയക്കാരന്റെ അനുകമ്പ: അപരന്റെ വേദന ഏറ്റെടുത്തുകൊണ്ട് അവനെ സ്നേഹിക്കുക” എന്ന പ്രമേയത്തെ കേന്ദ്രമാക്കിയാണ് ഫെബ്രുവരി 9 മുതൽ 11 വരെ ആഗോള രോഗീ ദിനം കൊണ്ടാടുക.
ദാനധർമ്മ പ്രവൃത്തികളുടെ സൗന്ദര്യവും, അനുകമ്പയുടെ സാമൂഹിക മാനവും വീണ്ടെടുക്കുവാനും, രോഗികളെപ്പോലെ ദരിദ്രരിലും കഷ്ടപ്പെടുന്നവരിലും ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ഏവരെയും വത്തിക്കാന്‍ ക്ഷണിച്ചു.
ലെയോ പതിനാലാമൻ പാപ്പയുടെ പ്രതിനിധിയായി സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർനി പങ്കെടുക്കും. ഫെബ്രുവരി 9ന്, കർദ്ദിനാൾ മൈക്കിൾ ചേർനിയുടെ നേതൃത്വത്തിലുള്ള വത്തിക്കാൻ പ്രതിനിധി സംഘം, ചിക്ളായോയിലെ മൂന്ന് ആശുപത്രികൾ സന്ദർശിക്കും. ഫെബ്രുവരി 10-ന് “സമരിയാക്കാരൻ്റെ അനുകമ്പ, ലാറ്റിനമേരിക്കയിലെ സാന്ത്വന പരിചരണത്തിലെ പുരോഗതി, സമഗ്ര രോഗി പരിചരണത്തിൻ്റെ ആത്മീയത” എന്ന പേരില്‍ പഠന ശിബിരം നടക്കും.











