ഖാര്‍കീവ് : റഷ്യ യുക്രൈനു മേല്‍ നടത്തുന്ന യുദ്ധത്തിന് ഒരു വര്‍ഷമായ പശ്ചാത്തലത്തില്‍ യുക്രൈനില്‍ നിന്നുള്ള വൈദികന്റെ വാക്കുകള്‍ ശ്രദ്ധ നേടുന്നു. ഇതുപോലുള്ള സമയങ്ങളിലാണ് ധീരന്മാരും വിശുദ്ധരും ജനിക്കുന്നതെന്നും, യുക്രൈന്‍ ജനതയുടെ വിശ്വാസത്തിന് മലയെപ്പോലും ഇളക്കുവാന്‍ കഴിയുമെന്നും യുക്രൈനിലെ ഖാര്‍കീവ് സ്വദേശിയും ‘സ്കൈനിയ’ എന്ന കത്തോലിക്കാ മാഗസിന്റെ ഡയറക്ടറുമായ ഫാ. ജൂരിജ് ബ്ലാസേജെവ്സ്കി പറഞ്ഞു.
യുക്രൈന്‍ മണ്ണിലുള്ള റഷ്യന്‍ അധിനിവേശത്തിന് ഇക്കഴിഞ്ഞ ഫെബ്രുവരി 24നാണ് ഒരു വര്‍ഷം തികഞ്ഞത്. ക്രിസ്തു യുക്രൈന്‍ നഗരങ്ങളിലൂടെ കുരിശും വഹിച്ചു കൊണ്ട് നടക്കുക മാത്രമല്ല ചെയ്യുന്നത്. ബുച്ച, മരിയുപോള്‍, ഇസിയും എന്നിവിടങ്ങളില്‍ പ്രായമായ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, സൈനികര്‍ക്കുമൊപ്പം അടക്കം ചെയ്യപ്പെടുകയും ചെയ്തുവെന്നു ഫാ. ബ്ലാസേജെവ്സ്കി സ്മരിച്ചു.
ഖാർകിവിലെ ഇടവക വികാരി വീട് നഷ്ടപ്പെട്ട ഒരു ഡസനിലധികം ആളുകളെ പാർപ്പിച്ചിട്ടുണ്ട്. ആദിമസഭയുടെ കാലങ്ങളിലെന്നപോലെ അവർ ഒരുമിച്ചു ജീവിക്കുന്നു.
അവർ ഒരുമിച്ച് പ്രാർത്ഥിക്കുന്നു; അവർ ഒരുമിച്ചു ഭക്ഷണം കഴിക്കുന്നു; ബോംബാക്രമണ സമയത്ത് അവർ പള്ളിയുടെ നിലവറയിൽ ഒരുമിച്ച് കുർബാനയിൽ പങ്കെടുക്കുന്നുണ്ട്. ഒരിക്കൽ, ബോംബാക്രമണങ്ങൾക്കിടയിൽ ഇടവക വികാരിയും വിശ്വാസികളും ജപമാല ചൊല്ലാൻ പള്ളിയുടെ നിലവറയിലേക്ക് ഇറങ്ങി. നാലാമത്തെ രഹസ്യമായപ്പോള്‍ വലിയ നിശബ്ദത വന്നു: റഷ്യൻ പീരങ്കികൾ അപ്പോള്‍ വെടിവയ്പ്പ് നിർത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി.
പാപ്പയും, വത്തിക്കാനും, സഭയും ഈ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം വെറും വാക്കുകള്‍ മാത്രമല്ല. അധിനിവേശത്തിന്റെ ഭ്രാന്ത് കുറക്കുവാനുള്ള ശക്തി അതിനുണ്ട്. യുദ്ധത്തിനിടെ പാപ്പ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്, നമ്മള്‍ കുറച്ച് മാത്രമാണ് കാണുന്നത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision