കുടുംബങ്ങളെയും ലോകം മുഴുവനെയും പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണത്തിന് ഭരമേൽപ്പിക്കാനുള്ള വനിതകളുടെ ജപമാല യജ്ഞത്തിന് (റോസറി റാലി) ഇനി മണിക്കൂറുകൾ മാത്രം.
വാഷിംഗ്ടൺ ഡി.സി: കുടുംബങ്ങളെയും ലോകം മുഴുവനെയും പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണത്തിന് ഭരമേൽപ്പിക്കാനുള്ള വനിതകളുടെ ജപമാല യജ്ഞത്തിന് (റോസറി റാലി) ഇനി മണിക്കൂറുകൾ മാത്രം. പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാളായ ഡിസംബർ എട്ടിനാണ് പൊതുനിരത്തുകൾ സവിശേഷമായ ജപമാല യജ്ഞത്തിന് വേദിയാകുന്നത്. നിരവധി രാജ്യങ്ങളുടെ പങ്കാളിത്തം റോസറി റാലിക്ക് ഉറപ്പായിട്ടുണ്ടെന്നും സംഘാടകർ സാക്ഷ്യപ്പെടുത്തുന്നു.പോളണ്ടിലും ചില ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും സ്ത്രീകളുടെ ജപമാല യജ്ഞം ക്രമീകരിക്കപ്പെടാറുണ്ടെങ്കിലും ഇത് ആഗോളതലത്തിൽ സംഘടിപ്പിക്കുന്നത് ആദ്യമായാണ്. തങ്ങൾ ദൈവമാതാവിന്റെ പെൺമക്കളാണെന്നും അമ്മയുടെ മാതൃക അനുകരിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും പ്രഖ്യാപിക്കുന്നതിനൊപ്പം ദൈവാലയങ്ങൾ, ജീവൻ, കുടുംബം, മാതൃത്വം എന്നിവയുടെ സംരക്ഷണത്തിനായി ആത്മീയ പ്രതിരോധം ഒരുക്കുക എന്ന ലക്ഷ്യവും ഈ വിശേഷാൽ ജപമാല യജ്ഞത്തിനുണ്ട്.പങ്കാളിത്തത്തിൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ തന്നെയാവും മുന്നിൽ.അർജന്റീന, ബൊളീവിയ, ബ്രസീൽ, ചിലി, കൊളംബിയ, കോസ്റ്ററിക്ക, ഇക്വഡോർ, എൽ സാൽവദോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, മെക്സിക്കോ, നിക്കരാഗ്വ, പാനമ, പരാഗ്വേ, പെറു, പ്യുർട്ടോറിക്ക, വെനസ്വേല, ഉറുഗ്വായ് തുടങ്ങിയവയാണ് ലാറ്റിൻ അമേരിക്കയിൽനിന്ന് പങ്കെടുക്കുന്ന രാജ്യങ്ങൾ. കൂടാതെ, കാനഡ, ഓസട്രേലിയ, അമേരിക്ക, സ്പെയിൻ, ഇറ്റലി, യു.എ.ഇ, ഉഗാണ്ട എന്നിവയാണ് മറ്റ് പ്രധാന രാജ്യങ്ങൾ.ലോകത്തെ മാറ്റിമറിക്കാൻ പ്രാർത്ഥനയ്ക്ക് വിശിഷ്യാ, ജപമാല പ്രാർത്ഥനയ്ക്കുള്ള ശക്തി സാക്ഷിച്ചുകൊണ്ടാണ് ജപമാല യജ്ഞത്തിന് സംഘാടകർ ആഹ്വാനം ചെയ്തിരിക്കുന്നത്. പോളണ്ടിൽനിന്ന് ഉത്ഭവിച്ച് വിവിധ രാജ്യങ്ങളിലേക്ക് അതിവേഗം വ്യാപിക്കുന്ന ‘മെൻസ് റോസറി’ക്ക് (പുരുഷന്മാരുടെ ജപമാല) സമാനമെന്നോണം ‘വുമൺസ് റോസറി’ വ്യാപിക്കാൻ ഇപ്പോൾ ആഹ്വാനം ചെയ്തിരിക്കുന്ന പ്രാർത്ഥനാ യജ്ഞം സഹായിക്കുമെന്നാണ് പ്രതീക്ഷ.Share: