ഇരിട്ടി: കാട്ടുമൃഗങ്ങൾക്കും സർക്കാരിനും ആദിവാസികളോടും കർഷകരോടും ഒരേ നിലപാടാണെന്നു തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി. ആറളം ഫാമിലെ കാട്ടാനകളുടെ മനുഷ്യക്കുരുതി അവസാനിപ്പിക്കാൻ ഇടതുപക്ഷ സർക്കാരിന് കഴിയുമായിരുന്നുവെന്നും 2020 ൽ ആരംഭിച്ച ആനമതിൽ പൂർത്തിയാക്കാനായില്ലെന്നതു സർക്കാരിൻ്റെ പരാജയമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. വന്യമൃഗങ്ങളിൽനിന്നു ജനങ്ങൾക്കും കർഷകർക്കും സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎൽഎ ഇരിട്ടിയിൽ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു മാർ ജോസഫ് പാംപ്ലാനി.
വന്യമൃഗശല്യം ഏതെങ്കിലും മതവിഭാഗക്കാരുടെയോ രാഷ്ട്രീയ കാഴ്‌ചപ്പാടുകളുടെയോ വിഷയമല്ല. ഇത്തരം ഒരു സമരത്തിൽ ഉദ്ഘാടകൻ ആകരുതെന്നു ചൂണ്ടിക്കാട്ടി തനിക്ക് ഭീഷണിയടക്കം വന്നിരുന്നു. എന്നാൽ, കർഷകർക്കുവേണ്ടിയുള്ള ഇത്തരം സമരത്തിൽനിന്നു കർഷകപുത്രനായ തനിക്ക് മാറി നിൽക്കാനാകില്ലെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ജീവിക്കാൻ അവകാശം നിഷേധിക്കപ്പെട്ട കർഷകർ സംഘടിക്കണം. കർഷകന്റെ കൃഷി സ്ഥലത്തിറങ്ങുന്ന വന്യമൃഗങ്ങളെ കൊന്നാൽ കേസെടുത്ത് പീഡിപ്പിക്കാനാണ് ശ്രമമെങ്കിൽ സംഘടിതമായി നേരിടുമെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.