മാനന്തവാടി: വയനാട്ടില്‍ കഴിഞ്ഞ ഡിസംബറിനുശേഷം വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സന്ദര്‍ശനം നടത്തി. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയില്‍ അജീഷ്, പുല്‍പ്പള്ളി പാക്കം വെള്ളച്ചാലില്‍ പോള്‍, ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്, വാകേരി കൂടല്ലൂരില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട മരോട്ടിപ്പറമ്പില്‍ പ്രജീഷ് എന്നിവരുടെ വീടുകളാണ് മാര്‍ തട്ടില്‍ സന്ദര്‍ശിച്ചത്. രാവിലെ 9.30നായിരുന്ന അജീഷിന്റെ വീട്ടില്‍ സന്ദര്‍ശനം. അജീഷിന്റെ ഭാര്യ ഷീബ, മക്കളായ അല്‍ന, അലന്‍ എന്നിവരെയും കുടുംബത്തിലെ മറ്റംഗങ്ങളെയും വലിയ പിതാവ് ആശ്വസിപ്പിച്ചു.
കുടുംബത്തിനൊപ്പം സഭ എപ്പോഴും ഉണ്ടാകുമെന്ന് ഉറപ്പുനല്‍കി. രാവിലെ പത്തരയ്ക്കും 11നും ഇടയിലായിരുന്നു പാക്കത്ത് വെള്ളച്ചാലില്‍ പോളിന്റെയും കാരേരിക്കുന്ന് ശരത്തിന്റെയും വീടുകളില്‍ സന്ദര്‍ശനം. പോളിന്റെ ഭാര്യ സാലിയോട് വീട്ടിലെ സാഹചര്യം മകള്‍ സോനയുയെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ വലിയ പിതാവ് ചോദിച്ചറിഞ്ഞു. ഇതിനുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ, വയനാട്ടില്‍ മെച്ചപ്പെട്ട ചികിത്സാസൗകര്യം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സത്വരനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കാടിന്റെയും കാട്ടുമൃഗങ്ങളുടെയും സംരക്ഷണത്തിനു ഒരുപാടുകാര്യങ്ങള്‍ ചെയ്യുന്ന സര്‍ക്കാര്‍ മനുഷ്യരുടെ സംരക്ഷണത്തില്‍ മതിയായ ശ്രദ്ധ ചെലുത്തുന്നില്ല. തക്കസമയം വിദഗ്ധ ചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ പോള്‍ മരിക്കില്ലായിരുന്നുവെന്നാണ് കുടുംബാംഗങ്ങളും മറ്റുമായി സംസാരിച്ചപ്പോള്‍ അറിയാനിടയായത്. വയനാട് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആധുനിക ചികിത്സാ സൗകര്യം ഒരുക്കണം. വയനാട്ടിലുള്ളവര്‍ക്കും തുല്യ സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും പരമാവധി സഹായം ലഭ്യമാക്കാന്‍ ജനപ്രതിനിധികള്‍ ഇടപെടണമെന്നും മാര്‍ തട്ടില്‍ പറഞ്ഞു.
ഉച്ചയോടെയായിരുന്നു വാകേരി കൂടല്ലൂരില്‍ പ്രജീഷീന്റെ വീട്ടില്‍ സന്ദര്‍ശനം. ഡിസംബര്‍ ഒമ്പതിനു പകല്‍ വീടിനു കുറച്ചകലെയാണ് ക്ഷീര കര്‍ഷകന്‍ പ്രജീഷ് പുല്ലരിയുന്നതിനിടെ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പ്രജീഷിന്റെ മാതാവ് ശാരദയെയും സഹോദരന്‍ മജീഷിനെയും മാര്‍ തട്ടില്‍ ആശ്വസിപ്പിച്ചു. ദുഃഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ചു. സന്ദര്‍ശിച്ച മുഴുവന്‍ വീടുകളിലും കുടുംബാംഗങ്ങള്‍ക്കായി വലിയ പിതാവ് പ്രാര്‍ഥന നടത്തി. മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം, രൂപത പിആര്‍ഒ സമിതിയംഗങ്ങളായ ഫാ.ജോസ് കൊച്ചറയ്ക്കല്‍, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, സാലു ഏബ്രഹാം മേച്ചരില്‍ എന്നിവര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ അനുഗമിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision