കോട്ടയം: മുങ്ങിമരിക്കാൻ പോകുന്ന അവസ്ഥയിലായ കർഷകർ ആദ്യം നീട്ടുന്ന കരത്തിൽ പിടിക്കുമെന്ന് തലശേരി ആർച്ചബിഷപ് മാർ ജോസഫ് പാംപ്ലാനി. അത്രമേൽ ഗതികേടിലാണ് കർഷകരെന്നും അദ്ദേഹം ദീപിക ദിനപത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബിഷപ്പിന്റെ പ്രതികരണം. മുങ്ങിത്താഴുന്നവർക്ക് ആദ്യം കൈകൊടുക്കുന്നത് ആരാണോ അവരുടെ കൈയിൽ കർഷകർ പിടിക്കും. ഇപ്പോൾ ആരു കൈനീട്ടി അവരെ സംരക്ഷിക്കുന്നോ അവർക്കൊപ്പം കർഷകർ നിൽക്കും. അത് സഭ പറഞ്ഞിട്ടോ രാഷ്ട്രീയം നോക്കിയോ അല്ലെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
ഞങ്ങൾ ഇടതുമുന്നണിയെ എതിരായാണ് കാണുന്നതെന്ന് അവരാണു പറയുന്നത്. ഞങ്ങളുടെ വിദൂര ചിന്തകളിൽപ്പോലും ഇല്ലാത്ത കാര്യമാണത്. അവരിങ്ങനെ നിലവിളിക്കുന്നത് അവരുടെ കുറ്റബോധംകൊണ്ടുകൂടിയായിരിക്കുമെന്നാണ് ഞാൻ വിചാരിക്കുന്നത്. നാളിതുവരെ കർഷകരെ അവഗണിച്ചതിന്റെ കുറ്റബോധമായിരിക്കാമതെന്നും മാർ പാംപ്ലാനി അഭിമുഖത്തിൽ പറഞ്ഞു. ഇനി ബിജെപിക്കേ കർഷകരെ രക്ഷിക്കാൻ കഴിയൂ എന്നാണോ കരുതുന്നതെന്ന ചോദ്യത്തിനും അദ്ദേഹം ശക്തമായ മറുപടി നല്‍കി.
ബിജെപിയാണോ കോൺഗ്രസാണോ സിപിഎമ്മാണോ നല്ലത് എന്നല്ല അന്വേഷിക്കുന്നത്. കർഷകരായ ഞങ്ങൾ ഞങ്ങളുടെ വിഷയം മൂന്നു മുന്നണിക്കു മുന്നിലും വയ്ക്കുകയാണ്. ജീവിക്കാൻ ഗതിയില്ലാത്ത അവസ്ഥയിൽ മലയോര കർഷകർ എത്തിയിരിക്കുന്നു. വീടുകളിലെല്ലാം ജപ്തിനോട്ടീസ് പതിക്കുന്ന സാഹചര്യമാണ്. സകല പ്രതീക്ഷയും നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഒരു സമൂഹമാണ്. ആ സമൂഹത്തിന്, മലയോര കർഷകർക്ക് രക്ഷപ്പെടാനുള്ള ഒരേയൊരു വഴി എന്നു പറയുന്നത്, റബറിന്റെ വില വർധിപ്പിക്കുക എന്നതാണ്. എപ്പോഴും ഞങ്ങളുടെ നിലപാട് കർഷകപക്ഷത്താണ്. അല്ലാതെ അതിനെ രാഷ്ട്രീയപക്ഷമായി വ്യാഖ്യാനിക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങളാണ് ഇവിടെ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുന്നത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision