കടുത്തുരുത്തി: കനത്ത മഴയെ തുടര്‍ന്ന് റോഡില്‍ വെള്ളക്കെട്ട്. വെള്ളക്കെട്ട് കാരണം കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂളില്‍ എത്താന്‍ കഴിയാതയതോടെ അധികൃതര്‍ സ്‌കൂളിന് അവധി നല്‍കി. ഇന്നലെ രാത്രിയും രാവിലെയുമായി പെയ്ത കനത്ത മഴയിലാണ് പെരുവ-പിറവം റോഡില്‍ പെരുവ മുതല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിന് മുന്‍വശം വരെയുള്ള റോഡ് മുട്ടോളം വെള്ളത്തില്‍ മുങ്ങിയത്. ഇതോടെ പെരുവ ജംഗ്ഷനില്‍ രാവിലെ ബസിലെത്തിയതും കാല്‍നടയായി വരുന്നതുമായ വിദ്യാര്‍ഥികളും അധ്യാപകരും സ്‌കൂളിലേക്കെത്താന്‍ കഴിയാതെ കടത്തിണ്ണയില്‍ കയറി
നില്‍ക്കുകയായിരുന്നു. ചില കുട്ടികള്‍ വെള്ളം നീന്തിയെത്തിയെങ്കിലും വസ്ത്രങ്ങള്‍ നനഞ്ഞിരുന്നതും ബുദ്ധിമുട്ടായി. തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ കുറവിലങ്ങാട് എഇഒയുമായി ബന്ധപ്പെട്ട് സ്‌കൂളിന് അവധി നല്‍കിയതെന്ന് പ്രധാനാധ്യാപിക എ.എന്‍. മിനി പറഞ്ഞു. ശക്തമായ മഴ പെയ്താല്‍ ഈ റോഡില്‍ വെള്ളക്കെട്ട് പതിവാണ്. പെരുവ മുതല്‍ സ്‌കൂള്‍ വരെയുള്ള റോഡ് കുണ്ടും കുഴിയുമായി തകര്‍ന്നു കിടക്കുകയാണ്. ഇതില്‍ വെള്ളം നിറഞ്ഞതോടെ നടന്നുപോലും പോകാന്‍ പറ്റാത്ത സ്ഥിതിയാണ്. വെള്ളം ഒഴുകി പോകുന്ന ഓടകള്‍ അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമെന്ന് യാത്രക്കാരനായ കെ.അജീഷ് പറഞ്ഞു. എന്നാല്‍ വെള്ളം ഒഴുകി പോകുന്ന പെരുവ-വെട്ടുകാട്ടില്‍തട്ട്
റോഡിലെ ഓട വീതി കൂട്ടി കോണ്‍ക്രീറ്റ് ചെയ്യാന്‍ പഞ്ചായത്തിന്റെ പ്രത്യേക ഫണ്ടില്‍ നിന്നും പത്ത് ലക്ഷം രൂപ അനുവദിച്ചതാണെന്ന് മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍ പറഞ്ഞു. എന്നാല്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചെങ്കിലും കാലാവധി കഴിഞ്ഞിട്ടും കരാറുകാരന്‍ പണി ചെയ്യാന്‍ കൂട്ടാക്കിയില്ല. ഇതാണ് ഇപ്പോള്‍ വെള്ളക്കെട്ടിന് കാരണമായത്. കരാറുകാരനെ ഒഴിവാക്കി പുതിയ കരാര്‍ നല്‍കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.














