ഏറ്റുമാനൂർ. വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം കൊലപാതകമാണോയെന്ന സംശയവുമായി ബന്ധുക്കൾ രംഗത്ത്. കോട്ടയം കടപ്ലാമറ്റം പടിഞ്ഞാറേ മുണ്ടായാനിയിൽ ജയൻ(43)ൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ചാണ് ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. കഴിഞ്ഞ 10ന് രാത്രി ക്കാടെ വയല കാട്ടാമ്പളിളി ഭാഗത്ത് വാഹനം തട്ടി മരിച്ച നിലയിലാണ് ജയനെ കണ്ടെത്തുന്നത്. തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് കോട്ടയം മെഡിക്കൽ കോളജ്
ആശുപത്രിയിലെത്തിക്കുകയായിരുന്നു. മരണം സ്‌ഥിരീകരിച്ചതിനെ തുടർന്ന് മോർച്ചറിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. മനപ്പൂർവമല്ലാത്ത നരഹത്യക്കു കേസ് എടുത്ത മരങ്ങാട്ടുപിള്ളി പൊലീസ് വാഹന ഡ്രൈവറെ അറസ്‌റ്റ് ചെയ്‌തിരുന്നു. എന്നാൽ സംഭവത്തിൽ അടിമുടി ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സൂഹ്യത്തുക്കൾ ഫോണിൽ വിളിച്ചതിനെ തുടർന്നാണ് ജയൻ സംഭവ സ്‌ഥലത്തേക്ക് പോകുന്നത്. ഇവിടെ വച്ച് ജയനും സുഹൃത്തുക്കളുമായി വാക്കു തർക്കവും കൈയ്യാങ്കളിയും ഉണ്ടായെന്നുമാണ് വീട്ടുകാർ ആരോപിക്കുന്നത്. മൽപ്പിടുത്തം നടക്കുന്ന ചിത്രങ്ങൾ ജയൻറെ ഫോണിൽ പതിഞ്ഞിട്ടുണ്ട്. കൂടാതെ ജയന്റെ തലയ്ക്ക് പിന്നിൽ അടിയേറ്റിരുന്നു. കഴുത്തിനു താഴെ മുറിവേറ്റ പാടുകളുണ്ട്.
സംഭവ ദിവസം രാത്രി ഈ ഭാഗത്തു നിന്നും ജയൻ്റെ നിലവിളികൾ അയൽവാസികൾ കേട്ടിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ഇക്കാര്യങ്ങൾ പൊലീസിനെ അറിയിച്ചെങ്കിലും എഫ്‌ഐആറിൽ ഇവയൊന്നും ഉൾപ്പെടുത്തുകയോ ഈ രീതിയിൽ അന്വേഷണം നടക്കുകയോ ചെയ്‌തിട്ടില്ല. സംഭവ ദിവസം ഏതോ വാഹനം ഇടിച്ചു വഴിയിൽ കിടന്ന ജയനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്നാണ് സുഹൃത്തുക്കൾ പൊലീസിനോട് ആശുപത്രി അധികൃതരോടും ബന്ധുക്കളോടും പറഞ്ഞത്. എന്നാൽ പിന്നീട് നടന്ന പൊലീസ് അന്വേഷണത്തിലാണ് സുഹൃത്തിൻ്റെ ഇന്നാവോ കാർ ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് കണ്ടെത്തിയത്. വാഹനത്തിൽ രക്‌ത കറയും അപകടം നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ജയന്റെ ഫോൺ സുഹൃത്തുക്കളുടെ പക്കലായിരുന്നു. ഈ ഫോണിൽ നിന്നും പല വീഡിയോകളും ചിത്രങ്ങളും ഡിലൈറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ജയൻറെ ഫോൺ പരിശോധിക്കാൻ പൊലീസ് തയാറായിട്ടില്ല. മരിക്കുന്നതിന് തൊട്ടു മുൻപ് അമ്മ ജയനെ വിളിച്ചിരുന്നു. പത്ത് മിനിറ്റിനുള്ളിൽ വീട്ടിലെത്തുമെന്നാണ് അറിയിച്ചത്. ആദ്യം ഏതോ വാഹനം ഇടിച്ച് അപകടത്തിൽ പെട്ടുവെന്നും പിന്നീട് മരിച്ചുവെന്നുമാണ് സുഹൃത്തുക്കൾ വീട്ടുകാരെ അറിയിച്ചത്. സംഭവം നടന്നിട്ട് 16 ദിവസം പിന്നിട്ടിട്ടും പോസ്‌റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല. സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയോ ബന്ധുക്കളുടെ ആരോപണങ്ഹൾ അന്വേഷിക്കുകയോ ചെയ്‌തിട്ടില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. കേസിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിത്. പരാതി പാല ഡിവൈഎസ്‌പിക്ക് കൈമാറിയുട്ടുണ്ട്.














