തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കണവുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് എന്‍സിസി, എന്‍എസ്എസ് വോളണ്ടിയര്‍മാരെ വിട്ടുനല്‍കണം എന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കത്തുനല്‍കി ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍.
ഉദ്യോഗസ്ഥര്‍ നന്നായി പരിശ്രമിച്ചിട്ടും വിചാരിച്ച സമയത്തിനുള്ളില്‍ എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്ന ഘട്ടത്തിലാണ് വിദ്യാര്‍ഥികളെക്കൂടി പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന ഡിജിറ്റലൈസേഷന്‍ പ്രക്രിയ മന്ദഗതിയിലാണ് മുന്നോട്ടുപോകുന്നത്. 27 ശതമാനം ഫോമുകള്‍ മാത്രമാണ് ഡിജിറ്റലൈസ് ചെയ്ത് കഴിഞ്ഞിട്ടുള്ളത്.
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് കൂടി ഉടന്‍ വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ ജോലികള്‍ ഇനിയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മേലുള്ള സമ്മര്‍ദവും കൂടുകയാണ്. ബിഎല്‍ഒയുടെ ആത്മഹത്യയും ആത്മഹത്യാ ഭീഷണിയും ഉള്‍പ്പെടെ ചര്‍ച്ചയാകുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് വിദ്യാര്‍ഥികളുടെ സേവനം കൂടി തേടിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.














