പാലാ: ജനാധിപത്യ പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാനായി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശപ്രകാരമുള്ള ‘സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ’ (SIR) പ്രവർത്തനങ്ങൾക്ക് പാലാ അസംബ്ലി മണ്ഡലത്തിൽ തുടക്കമായി.
2025 നവംബർ 4-ന് പാലാ ബിഷപ്പ് ഹൗസിൽ വെച്ച് നടന്ന ചടങ്ങിൽ, അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പിതാവിന് എൻന്യൂമറേഷൻ ഫോം കൈമാറിക്കൊണ്ട് ഈ പ്രക്രിയ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
തഹസിൽദാർ ലിറ്റിമോൾ തോമസ്, ഡെപ്പ്യൂട്ടി തഹസിൽദാർ അനൂപ് പുരുഷോത്തമൻ, ബൂത്ത് ലെവൽ ഓഫിസർ ജെഫിൻ സി. ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് വീടുകൾ തോറുമുള്ള സന്ദർശനം ആരംഭിച്ചത്.
ഒക്ടോബർ 27-ലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും ബൂത്ത് ലെവൽ ഓഫീസർമാർ (BLO) എൻന്യൂമറേഷൻ ഫോം വീടുകളിൽ നേരിട്ട് എത്തിച്ചു നൽകും. വീടുകൾ തോറുമുള്ള സന്ദർശനം നവംബർ 4, 2025 മുതൽ ഡിസംബർ 4, 2025 വരെയാണ് നടക്കുക. ഫോം പൂരിപ്പിച്ച് ഒപ്പിട്ട് ഡിസംബർ 4-ന് മുൻപ് BLO മാർക്ക് തിരികെ ഏൽപ്പിക്കണം. അർഹമായ ആരുടെയും വോട്ട് നഷ്ടപ്പെടാതിരിക്കാനും അനർഹരായ ആളുകൾ പട്ടികയിൽ ഉൾപ്പെടാതിരിക്കാനും വേണ്ടിയുള്ള ഈ ജനാധിപത്യ ശുദ്ധീകരണ പ്രക്രിയയിൽ എല്ലാ വോട്ടർമാരും പങ്കാളികളാകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. 2002-ന് ശേഷം ആദ്യമായാണ് ഇത്രയും തീവ്രമായ വോട്ടർ പട്ടിക ശുദ്ധീകരണ യജ്ഞം നടക്കുന്നത്.












