ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ നടക്കും. പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.
എൻ.ഡി.എ സ്ഥാനാർഥി സി.പി. രാധാകൃഷ്ണനും, സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി ബി. സുദർശൻ റെഡ്ഡിയും തമ്മിലാണ് പ്രധാന മത്സരം.
നിലവിലെ അംഗബലം അനുസരിച്ച് എൻ.ഡി.എക്ക് മുൻതൂക്കമുണ്ട്. എന്നാൽ, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനെ ഒരു പ്രത്യയശാസ്ത്ര പോരാട്ടമായിട്ടാണ് പ്രതിപക്ഷം കാണുന്നത്. നാളെ രാവിലെ 10 മണിക്ക് പോളിംഗ് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് അവസാനിക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും നാളെ വൈകീട്ട് തന്നെ നടക്കും.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസറും രാജ്യസഭ സെക്രട്ടറി ജനറലുമായ പി.സി. മോഡിയാണ് പാർലമെൻറ് ഹൗസിലെ പോളിംഗ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.












