1995-കളിൽ സ്ഥാപിതമായതിനുശേഷം വത്തിക്കാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (https://www.vatican.va/content/vatican/en.html) ആദ്യമായി പുതുക്കി. പഴയ ഡിസൈനു പകരം മനോഹരമായ പുതിയ ഡിസൈൻ ഒരുക്കിയും മൾട്ടിമീഡിയ ഉള്ളടക്കവും മറ്റ് വത്തിക്കാൻ
ഓഫീസുകളിലേക്കും ശുശ്രൂഷകളിലേക്കുമുള്ള ഓൺലൈൻ ലിങ്കുകളും പ്രധാനമായി ഉൾപ്പെടുത്തിയുമാണ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്ന ഔദ്യോഗിക വെബ്‌സൈറ്റ് ജനങ്ങൾക്ക് ലഭ്യമായിരിക്കുന്നത്. അടിമുടി മാറിയ വെബ്‌സൈറ്റ് ഈ വാരാരംഭത്തിലാണ് ലോഞ്ച്
ചെയ്തിരിക്കുന്നത്. വത്തിക്കാൻ വെബ്‌സൈറ്റിന്റെ ഹോംപേജിന്റെ മുകൾ ഭാഗത്തു ലളിതമായ ഇളം നീല പശ്ചാത്തലത്തിൽ ലെയോ പതിനാലാമൻ പാപ്പയുടെ ബാനർ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. വത്തിക്കാൻ ഹോംപേജിന്റെ പഴയ പതിപ്പിൽ കാണപ്പെടുന്ന കാലഹരണപ്പെട്ട ഡ്രോപ്പ്ഡൗൺ
മെനുകൾക്ക് പകരം ഒരു വലിയ, ക്ലിക്ക് ചെയ്യാവുന്ന “മജിസ്റ്റീരിയം” ബട്ടൺ ഒരുക്കിയിരിക്കുന്നു. അതിൽ പാപ്പയുടെ ആപ്ത വാക്യവും ചെറിയ ഐക്കണും ഉൾപ്പെടുന്നു. ഓൺലൈൻ സന്ദർശകർക്ക് പാപ്പയുടെ തയ്യാറാക്കിയ പ്രസംഗങ്ങളും മുൻകാല പ്രസംഗങ്ങളും വത്തിക്കാനെക്കുറിച്ചുള്ള അധിക വിവരങ്ങളും കണ്ടെത്താൻ സഹായിക്കുന്ന വിധത്തിലാണ് ഇതിന്റെ ക്രമീകരണം.