വിദേശ രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ രാഷ്ട്രത്തിന്റെ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘർ ഇന്ത്യ സന്ദർശനം ആരംഭിച്ചു. ജൂലൈ പതിമൂന്നാം തീയതി ആരംഭിച്ച സന്ദർശനം ജൂലൈ 19 ശനിയാഴ്ച വരെ തുടരുമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അറിയിച്ചു. പരിശുദ്ധ സിംഹാസനവും, ഇന്ത്യ രാജ്യവും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധങ്ങൾ ഏകീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യമെന്നു സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
2021-ല്‍ നരേന്ദ്ര മോദി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചതിന് പിന്നാലെ ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘറുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. ഇന്ത്യൻ ജനസംഖ്യയുടെ രണ്ടു ശതമാനം മാത്രമാണ് കത്തോലിക്ക സഭയെങ്കിലും 23 ദശലക്ഷത്തിലധികം വിശ്വാസികൾ ഉള്‍പ്പെടുന്നതാണ് ഭാരത കത്തോലിക്ക സഭ. ” ഭാരത കത്തോലിക്കാ സഭ പ്രത്യാശയുടെ അടയാളമാണ്” എന്നാണ് ഫ്രാൻസിസ് പാപ്പ വിശേഷിപ്പിച്ചിട്ടുളളത്.













