വത്തിക്കാന്‍ സിറ്റി/ മനാഗ്വേ: മധ്യഅമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ ഏകാധിപതി ഡാനിയേല്‍ ഒര്‍ട്ടേഗ മനാഗ്വേയിലെ വത്തിക്കാന്‍ എംബസിയും, വത്തിക്കാനിലെ നിക്കരാഗ്വേ എംബസിയും അടച്ചുപൂട്ടുവാന്‍ ഉത്തരവിട്ടതായി മുതിര്‍ന്ന വത്തിക്കാന്‍ ഉദ്യോഗസ്ഥന്‍.
നിക്കരാഗ്വേന്‍ ഭരണകൂടത്തെ ഫ്രാന്‍സിസ് പാപ്പ, സ്വേച്ഛാധിപത്യത്തോട് ഉപമിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് നിക്കരാഗ്വേ നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. എംബസികളുടെ അടച്ചുപൂട്ടല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം എന്നേക്കും അവസാനിച്ചുവെന്നല്ല അര്‍ത്ഥമാക്കുന്നതെന്നും എന്നിരുന്നാലും നയതന്ത്രബന്ധം അവസാനിപ്പിക്കുന്നതിന്റെ ആദ്യപടികളായിട്ട് വേണം ഈ നടപടിയെ കണക്കാക്കുവാനെന്നും വത്തിക്കാന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
2018-ലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ ഒര്‍ട്ടേഗ ഭരണകൂടം സൈന്യത്തെ ഉപയോഗിച്ച് അതിനിഷ്ടൂരമായി അടിച്ചമര്‍ത്തിയത് മുതലാണ് നിക്കരാഗ്വേയിലെ കത്തോലിക്കാ സഭയും ഭരണകൂടവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. സര്‍ക്കാരും വിമതരും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മാധ്യസ്ഥം വഹിച്ചത് സഭയായിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയവരെ അതിനിഷ്ടൂരമായി അടിച്ചമര്‍ത്തിയപ്പോള്‍ കത്തോലിക്ക സഭ ശക്തമായി രംഗത്തിറങ്ങി. എന്നാല്‍ സര്‍ക്കാരിനെതിരായ അട്ടിമറി ശ്രമമായിട്ടാണ് ഒര്‍ട്ടേഗ ഈ പ്രതിഷേധങ്ങളെ കാണുന്നത്. പ്രക്ഷോഭത്തിനിടയില്‍ കൊല്ലപ്പെട്ട 360 പേര്‍ക്ക് നീതി ലഭിക്കണമെന്ന് സഭ ആവശ്യപ്പെട്ടത് ഭരണകൂടത്തെ വലിയ രീതിയില്‍ ചൊടിപ്പിച്ചു.
തന്റെ പേപ്പല്‍ പദവിയിലെ പത്താം വാര്‍ഷികത്തിന് മുന്നോടിയായി ലാറ്റിനമേരിക്കന്‍ ഓണ്‍ലൈന്‍ മാധ്യമമായ ഇന്‍ഫോബെക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭരണകൂട ഭീകരതയ്ക്കിരയായി ജയിലില്‍ കഴിയുന്ന ബിഷപ്പ് അല്‍വാരെസിന്റെ വിഷയം ചൂണ്ടിക്കാട്ടി ഒര്‍ട്ടേഗയുടെ ഭരണകൂടത്തെ സ്വേച്ഛാധിപത്യമായി പാപ്പ വിശേഷിപ്പിച്ചത്. 1917-ലെ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തോടും 1935-ലെ ഹിറ്റ്ലറിന്റെ സ്വേച്ഛാധിപത്യത്തോടും കൂട്ടിച്ചേര്‍ത്തായിരിന്നു പരാമര്‍ശം. അതേസമയം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്റ്റാഫുകള്‍ ഇല്ലെന്നു തന്നെ പറയാവുന്ന തരത്തിലായിരുന്നു ഇരു എംബസികളിലേയും അവസ്ഥ. മനാഗ്വേയിലെ വത്തിക്കാന്‍ എംബസിയില്‍ നയതന്ത്രപ്രതിനിധി മാത്രമാണ് ഉണ്ടായിരുന്നത്. റോമിലെ നിക്കരാഗ്വേന്‍ എംബസിയില്‍ ആരും തന്നെ ഇല്ല.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നിക്കരാഗ്വേയിലെ വത്തിക്കാന്‍ അംബാസഡറായിരുന്ന വാള്‍ഡമാര്‍ സോമ്മാര്‍ടാഗ് ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതയെ വിമര്‍ശിച്ചതിന്റെ പേരില്‍ രാജ്യത്തു നിന്നും പുറത്താക്കിയ നടപടിയെ വത്തിക്കാന്‍ അപലപിച്ചിരുന്നു. നീതീകരിക്കുവാന്‍ കഴിയാത്ത ഏകപക്ഷീയമായ തീരുമാനം എന്നാണ് വത്തിക്കാന്‍ ഇതിനെ കുറിച്ച് പ്രതികരിച്ചത്. സര്‍ക്കാരിന്റെ വിമര്‍ശകനായിരുന്ന ബിഷപ്പ് സില്‍വിയോ ബയേസ് സര്‍ക്കാരിന്റെ വധഭീഷണിയെത്തുടര്‍ന്ന്‍ അമേരിക്കയില്‍ പ്രവാസിയായി തുടരുകയാണ്. രാജ്യദ്രോഹം, ദേശീയ അഖണ്ഡതയെ തകര്‍ക്കല്‍, വ്യാജ വാര്‍ത്ത പ്രചരിപ്പിക്കല്‍ തുടങ്ങിയ വ്യാജ ആരോപണത്തിന്റെ പേരില്‍ ഒര്‍ട്ടേഗയുടെ വിമര്‍ശകനും, മതഗല്‍പ്പ രൂപതാ മെത്രാനുമായ റോളണ്ടോ അല്‍വാരെസിനെ 26 വര്‍ഷത്തേ തടവുശിക്ഷക്ക് വിധിച്ചതിനെതിരെ നിരവധി ലോകരാഷ്ട്രങ്ങള്‍ രംഗത്തുവന്നിരിന്നു.