പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ അവധിക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി. സ്കൂളിലെ പൂർവവിദ്യാർത്ഥിയും, വോളിബോൾ താരവും, പാലാ അർബൻ കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറുമായ കെ. എം. മാത്യു തറപ്പേൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സ്ക്രീൻ അഡിക്ഷനും മറ്റു നെഗറ്റീവ് ചിന്തകൾക്കും ബദലാണ് ക്രിയാത്മകമായ ഇത്തരം ക്യാമ്പുകൾ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലഹരിയുടെ പിന്നാലെ പായുന്ന യുവതലമുറ സ്പോർട്സ് ഒരു ലഹരി ആക്കി മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ കായിക മണ്ഡലത്തിൽ നിരവധി പ്രഗൽഭരെ സംഭാവന ചെയ്ത പ്രവിത്താനം സെന്റ് മൈക്കിൾസ് സ്കൂൾ ഇനിയും ധാരാളം പ്രതിഭകളെ സൃഷ്ടിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സമ്മാനമായി ബോളുകളും അദ്ദേഹം നൽകി.
പുനർ നിർമ്മാണം പൂർത്തിയായി മനോഹരമായ സ്കൂൾ ഗ്രൗണ്ടിൽ വിവിധ കായിക ഇനങ്ങളിലും, അത്‌ലറ്റിക്സിലും രണ്ടുമാസം നീണ്ടുനിൽക്കുന്ന തീവ്ര പരിശീലനം നൽകാനാണ് സമ്മർ ക്യാമ്പിലൂടെ ഉദ്ദേശിക്കുന്നത്. സ്കൂളിലെ കായിക അധ്യാപകൻ ജോർജ് തോമസ് നേതൃത്വം കൊടുക്കുന്ന അവധിക്കാല ക്യാമ്പിന്റെ വിവിധ ഘട്ടങ്ങളിൽ മുൻ ഒളിമ്പ്യന്മാരും, മുൻ ദേശീയ അന്തർദേശീയ താരങ്ങളും കുട്ടികളെ സന്ദർശിക്കുമെന്ന് ഹെഡ്മാസ്റ്റർ അജി വി.ജെ. അറിയിച്ചു.