കേന്ദ്ര ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കേ ആദായ നികുതിയിൽ ഇളവ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് സൂചന നൽകി സർക്കാർ വൃത്തങ്ങൾ. അടിസ്ഥാന സൗകര്യ വികസനത്തിനും നിക്ഷേപത്തിനുമായിരിക്കും ബജറ്റിൽ ഊന്നൽ.
വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സാമൂഹിക, സുരക്ഷാ ആനുകൂല്യങ്ങൾ വർധിപ്പിച്ചേക്കും. മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് നാളെ രാവിലെ 11 മണിക്ക് പാർലമെന്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. തുടർച്ചയായി 9 ബജറ്റവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോർഡ് ഇതോടെ നിർമ്മല സീതാരാമന് സ്വന്തമാകുകയാണ്.
രാജ്യത്തെ മധ്യവർഗം ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ആദായ നികുതി ഘടനയിൽ ഇത്തവണയും ഇളവുണ്ടാകുമോയെന്നതാണ്. ഇളവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഏറ്റവുമൊടുവിലും ലഭിക്കുന്ന സൂചനകൾ. എന്നാൽ, പുതിയ സ്കീമിലേക്ക് ആളുകളെ ആകർഷിക്കാനുള്ള കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാകും.












