പാലാ: ഒരു രാജ്യം ഒരു നികുതി മുതൽ ഒരു തെരഞ്ഞെടുപ്പു വരെ വിഭാവന ചെയ്യുന്ന കേന്ദ്ര സർക്കാർ അംഗൻവാടി അദ്ധ്യാപകർക്കും ആശാ വർക്കേഴ്സിനും രാജ്യവ്യാപകമായി ഏകീകൃത ഹോണറേറിയം അനുവദിക്കുകയോ സർക്കാർ ജീവനക്കാരായി പരിഗണിച്ച് സേവന വേതന വ്യവസ്ഥകൾ പുനക്രമീകരിക്കയോ വേണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡാൻ്റീസ് കൂനാനിക്കൽ ആവശ്യപ്പെട്ടു.
കുട്ടികളുടെ സ്വഭാവ രൂപവൽക്കരണത്തിലും വിദ്യാഭ്യാസ മുന്നേറ്റത്തിനും അടിസ്ഥാനമൊരുക്കുന്ന അംഗൻവാടി അദ്ധ്യാപകർക്കും ഗ്രാമീണതലത്തിൽ പൊതുജനാരോഗ്യ സുരക്ഷയ്ക്കായി സേവനം ചെയ്യുന്ന ആശാപ്രവർത്തകർക്കും കൂടുതൽ പരിഗണനയും പ്രതിഫലവും നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. സംസ്ഥാന സർക്കാരിൻ്റെ ഇടപെടലുകളിലൂടെ പൊതു സമൂഹത്തിൽ ആശാ വർക്കേഴ്സിനും അംഗൻവാടി അദ്ധ്യാപകർ തുടങ്ങി ഹെൽപ്പർമാർക്കുവരെ വർദ്ധിച്ചു വന്ന സ്വീകാര്യത കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ മൽസരിച്ചു വിജയിച്ചരിലൂടെ വ്യക്തമാക്കപ്പെട്ടതാണ്.
തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാൻ സമരരംഗത്ത് ഇറങ്ങേണ്ടി വരുന്നവരെ കരുവാക്കി കക്ഷി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും ഒരു വിഭാഗം സമരക്കാരിലുള്ള രാഷ്ട്രീയ അധിനിവേഷവും പക്ഷഭേദവും പക്ഷാഘാതവും തിരിച്ചറിഞ്ഞ് പ്രശ്നപരിഹാരത്തിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ ആസൂത്രണ സമിതിയംഗം കൂടിയായ ഡാൻ്റീസ് കൂനാനിക്കൽ ആവശ്യപ്പെട്ടു.