ഒരു പതിറ്റാണ്ടായി സമൂഹത്തിലെ പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകി വരുന്ന വത്തിക്കാനിലെ മദർ ഓഫ് മേഴ്സി ക്ലിനിക്കിൽ (Mother of Mercy Clinic) ലെയോ പാപ്പ അപ്രതീക്ഷിത സന്ദർശനം നടത്തി. റോമിലെ ലാറ്ററൻ സർവ്വകലാശാലയിൽ അധ്യയന വർഷം ഉദ്ഘാടനം ചെയ്ത ശേഷം നവംബർ പതിനാലാം തീയതി മടങ്ങവേയാണ് പാപ്പ ക്ലിനിക്കിലെത്തിയത്.
വത്തിക്കാൻ ചത്വരത്തിൽ സ്ഥിതി ചെയ്യുന്ന ക്ലിനിക്കിന്റെ വിപുലീകരിക്കപ്പെട്ട സൗകര്യങ്ങൾ പാപ്പ നേരിട്ട് കണ്ട് വിലയിരുത്തി. പാപ്പയുടെ ആശീർവാദത്തോടെ അടുത്തിടെ തുറന്നു നൽകിയ, ക്ലിനിക്കിന്റെ വിപുലീകരണമായ സെന്റ് മാർട്ടിൻ ക്ലിനിക്കിലും അദ്ദേഹം സന്ദർശനം നടത്തി. ഭവനരഹിതർക്കുള്ള ഇടം, ബാർബർ ഷോപ്പ്, ആരോഗ്യ സംരക്ഷണ സംവിധാനത്തിലേക്ക് പ്രവേശനമില്ലാത്തവർക്കുള്ള പരിചരണം നൽകുന്ന ക്ലിനിക്ക് തുടങ്ങിയ ഫ്രാൻസിസ് പാപ്പ നിഷ്കർഷിച്ച ഇടങ്ങളെല്ലാം ലെയോ പാപ്പ സന്ദർശിച്ചു.
രേഖകളോ പണമോ ഇല്ലാത്തവർക്ക് ഇവിടെ സൗജന്യ പരിചരണം നൽകുന്നുണ്ട്. പാപ്പയുടെ സന്ദർശനത്തെക്കുറിച്ച് മുൻകൂട്ടി അറിയിപ്പുകൾ നൽകിയിരുന്നില്ല. അതിനാൽ, എട്ട് ഡോക്ടർമാർ, നാല് നഴ്സുമാർ, രണ്ട് സന്നദ്ധപ്രവർത്തകർ എന്നിവർ മാത്രമാണ് ക്ലിനിക്കിൽ ഉണ്ടായിരുന്നത്. ദാനധർമ്മ പ്രവർത്തന ഡിക്കാസ്റ്ററിയാണ് വത്തിക്കാൻ ഗവർണറേറ്റിനോട് ചേർന്ന് പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.












