യുദ്ധത്തിന്റെ കൊടിയ ഭീകരതയ്ക്കിടെ യുക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭാതലവൻ സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് ലെയോ പതിനാലാമന്‍ മാര്‍പാപ്പയെ സന്ദർശിച്ചു. ഇന്നലെ ഫെബ്രുവരി 12ന് രാവിലെ, വത്തിക്കാൻ അപ്പസ്തോലിക കൊട്ടാരത്തിൽവെച്ചാണ് കൂടിക്കാഴ്ച നടന്നത്.
ആര്‍ച്ച് ബിഷപ്പിന്, പാപ്പ സ്വാഗതം ആശംസിച്ചപ്പോൾ, വത്തിക്കാനിൽ എത്തിച്ചേരുവാനും, പാപ്പയെ കാണുവാനും സാധിച്ചതിൽ തനിക്കുള്ള അതിയായ സന്തോഷം മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് തിരികെ അറിയിക്കുകയും ചെയ്തു.
യുക്രൈൻ ജനതയ്ക്കുള്ള ഐക്യദാർഢ്യത്തിനും പിന്തുണയ്ക്കും, രാഷ്ട്രത്തിന്റെ നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള പാതയിൽ പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര ശ്രമങ്ങൾക്കും, ആര്‍ച്ച് ബിഷപ്പ് പാപ്പയ്ക്കു നന്ദിയർപ്പിച്ചു. യുക്രേനിയൻ സിവിൽ സമൂഹവുമായും അന്താരാഷ്ട്ര സമൂഹവുമായും സഹകരിക്കുന്നതിന് യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ നടത്തുന്ന നിരവധി സംരംഭങ്ങളെക്കുറിച്ച് ആര്‍ച്ച് ബിഷപ്പ് പാപ്പയോട് സംസാരിച്ചു.












