അങ്കാറ: വൈവിധ്യത്തെ വിലമതിക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പ; നാഗരികതകൾ രൂപപ്പെടുന്നത് ആശയ സംഗമത്തിലൂടെ തന്റെ പ്രഥമ അപ്പസ്തോലിക യാത്രയുടെ ഭാഗമായി തുർക്കി സന്ദർശിക്കുന്ന ലെയോ പതിനാലാമൻ പാപ്പ, രാജ്യത്തെ ക്രൈസ്തവർ തുർക്കിയുടെ സ്വത്വത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഐക്യത്തിനും വികസനത്തിനും ക്രിസ്ത്യാനികൾക്ക് വലിയ സംഭാവനകൾ നൽകാൻ സാധിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
സന്ദർശനത്തിന്റെ ആദ്യ ദിനത്തിൽ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ പ്രസിഡന്റ് ഏർദോഗനും മറ്റ് നേതാക്കളും നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു പാപ്പ. തുർക്കിയിൽ നിന്ന് തന്റെ അപ്പസ്തോലിക യാത്രകൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെച്ചാണ് പാപ്പ സന്ദേശം ആരംഭിച്ചത്.
തുർക്കിയിലെ രാഷ്ട്ര നേതാക്കളോടുള്ള പ്രഥമ പ്രസംഗത്തിൽ, വൈവിധ്യത്തെ വിലമതിക്കാനും സംരക്ഷിക്കാനും പാപ്പ ഏവരെയും ആഹ്വാനം ചെയ്തു. നാടിന്റെ സൗന്ദര്യം ദൈവസൃഷ്ടിയെ പരിപാലിക്കാൻ നമ്മെ പ്രചോദിപ്പിക്കണം. വിവിധ തലമുറകളും പാരമ്പര്യങ്ങളും ആശയങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചകളിലൂടെയാണ് മഹത്തായ നാഗരികതകൾ രൂപപ്പെടുന്നതെന്നും, അതിൽ വികസനവും ജ്ഞാനവും ഐക്യപ്പെടുന്നുവെന്നും പാപ്പ ചൂണ്ടിക്കാട്ടി.














