ധനനയം തീരുമാനിക്കുന്ന കേന്ദ്ര ബാങ്കുകളെ സാധാരണ ഭരണകര്‍ത്താക്കള്‍ അനാവശ്യമായി സ്വാധീനിക്കാറില്ല. എന്നാല്‍ ചുമതലയേറ്റത് മുതല്‍ അടിസ്ഥാന പലിശ നിരക്കുകള്‍ കുറയ്ക്കണമെന്ന് പല തവണ ഡോണള്‍ഡ് ട്രംപ് ഫെഡറല്‍ റിസര്‍വ് മേധാവി ജെറോം പവലിനോടാവശ്യപ്പെട്ടിരുന്നു. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ട്രംപിന്റെ സ്വാധീനം
ആവശ്യമില്ലെന്നുറപ്പിച്ച പവലാകട്ടെ ആ ആവശ്യം പല തവണ നിരസിക്കുകയും ചെയ്തു. അന്ന് മുതല്‍ ഓരോ കാരണങ്ങള്‍ കണ്ടെത്തി ജെറോം പവലിനെ ഫെഡ് മേധാവി സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങളിലാണ് ട്രംപ്. അതിനായി ഏറ്റവുമൊടുവില്‍ ട്രംപ് കണ്ടെത്തിയത്
പവലിനെതിരെ ഒരു അഴിമതിയാരോപണം ഉന്നയിക്കുകയെന്ന തന്ത്രമാണ്. ഏറ്റവുമൊടുവില്‍ രണ്ടര ബില്യണ്‍ ഡോളറിന് കേന്ദ്രബാങ്ക് ആസ്ഥാനം നവീകരിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് പവല്‍ ക്രമക്കേട് കാട്ടിയെന്ന് ട്രംപ് ആരോപിച്ചിരുന്നു.













