വിഘടനവാദ ഗ്രൂപ്പായ ബലൂച് ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്
ക്വറ്റ: തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ ട്രെയിനുനേരെ ആക്രമണം. നൂറുകണക്കിന് യാത്രക്കാരുമായി പുറപ്പെട്ട പാസഞ്ചർ ട്രെയിനുനേരെയാണ് വെടിവയ്പ്പുണ്ടായത്. വിഘടനവാദ ഗ്രൂപ്പായ ബലൂച് ലിബറേഷൻ ആർമി (BLA) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ട്രെയിനിന്റെ നിയന്ത്രണം ഏറ്റെടുത്ത അക്രമികൾ 182 യാത്രക്കാരെ ബന്ദികളാക്കിയതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ 20 സൈനികരെ കൊലപ്പെടുത്തിയതാും ഒരു ഡ്രോൺ വെടിവച്ചിട്ടതായും റിപ്പോർട്ടുണ്ട്.
പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ നിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസ് ട്രെയിനു നേരെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, യാത്രക്കാര ബന്ദികളാക്കിയത് സംബന്ധിച്ച് സർക്കാരിന്റെയോ റെയിൽവേയുടെയോ സ്ഥിരീകരണം വന്നിട്ടില്ല.
സുരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ബലൂചിസ്ഥാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചതായും സ്ഥിതിഗതികൾ നേരിടാൻ എല്ലാ സർക്കാർ സംവിധാനങ്ങളെയും സജ്ജമാക്കിയിട്ടുണ്ടെന്നും സർക്കാർ വക്താവ് ഷാഹിദ് റിൻഡ് അറിയിച്ചു.
ബലൂചിസ്ഥാനിൽ, സർക്കാരിനും സൈന്യത്തിനും ചൈനീസ് താൽപ്പര്യങ്ങൾക്കും എതിരെ പതിവായി കലാപങ്ങളും ആക്രമണങ്ങളും നടത്താറുള്ള വിഘടനവാദ ഗ്രൂപ്പാണ് ബലൂച് ലിബറേഷൻ ആർമി. പതിറ്റാണ്ടുകളായി ബലൂചിസ്ഥാന്‍ സര്‍ക്കാരിനെതിരെ പോരാടുന്ന വിവിധ വിമത ഗ്രൂപ്പുകളില്‍ ഏറ്റവും വലുതാണിത്. ബലൂചിസ്ഥാനിലെ സമ്പന്നമായ വാതക, ധാതു വിഭവങ്ങള്‍ അന്യായമായി ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ഇവർ പോരാട്ടം നടത്തിവരുന്നത്.