ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി അണക്കെട്ട് ഓണക്കാല അവധിയോട് അനുബന്ധിച്ച് തുറന്നു കൊടുത്തതോടെ സഞ്ചാരികളുടെ വലിയ തിരക്കാണിപ്പോൾ. സുരക്ഷ പ്രശ്നത്തെ തുടർന്ന് ഇടുക്കി, ചെറുതോണി അണക്കെട്ടുകൾക്കു മുകളിലൂടെ കാൽനട യാത്ര പൊലീസ് നിരോധിച്ചതിനാൽ കെഎസ്ഇബി ഹൈഡൽ ടൂറിസം വിഭാഗത്തിൻറെ ബഗ്ഗി കാറിലാണ് സഞ്ചാരികളെ കൊണ്ടുപോകുന്നത്. നവംബർ 30 വരെയാണ് സന്ദർശന അനുമതി.
സഞ്ചാരികളിലൊരാൾ അണക്കെട്ടിലെ സുരക്ഷ മറികടന്നതോടെ 11 സ്ഥലത്ത് താഴിട്ടു പൂട്ടിയതിനെ തുടർന്നാണ് കാൽനടയാത്ര പൊലീസ് വിലക്കിയത്. പകരം ബഗ്ഗി കാറുകൾ ക്രമീകരിച്ചിട്ടുണ്ട്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് കർശന പരിശോധനക്ക് ശേഷമാണ് ആളുകളെ പോലീസ് കടത്തി വിടുന്നത്. ചെറുതോണി ഡാമിനു മുകളിലൂടെ വൈശാലി ഗുഹയും കടന്ന് ആർച്ച് ഡാം വരെ കണ്ടു മടങ്ങാൻ അര മണിക്കൂർ സമയം വേണം.
മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 100 രൂപയുമാണ് ചാർജ്ജ്. എട്ട് ബഗ്ഗി കാറുകളിലായി പരമാവധി 1248 പേർക്ക് മാത്രമാണ് ഒരു ദിവസം അണക്കെട്ട് കാണാൻ കഴിയുക. ഹൈഡൽ ടൂറിസം വിഭാഗത്തിൻറെ വെബ് സൈറ്റിൽ സമയം ബുക്ക് ചെയ്ത് ഓൺലൈനായി പണമടയ്ക്കണം. അല്ലെങ്കിൽ നിരാശരായി മടങ്ങേണ്ടി വരും.












